രചന : തോമസ് കാവാലം ✍️
കടുത്ത ദാരിദ്ര്യം വന്നോരാ നാളതിൽ
എടുത്തു നിന്നെ ഞാൻ തോളിലുറക്കുവാൻ
ഉടുത്തു മുണ്ടു ഞാൻ മുറുക്കി,പശിയെ-
യടക്കുവാനൊരു വിഭല ശ്രമമായ്.
പാടവരമ്പിൽ ഞാൻ പശുവിനൊക്കുമാർ
പണിയെടുത്തുമടങ്ങുന്ന നേരത്ത്
നടന്നു തീർത്തു വഴികളിലേകനായ്
നടക്കുവാൻ നിന്നെ പഠിപ്പീച്ചകാലത്ത്.
മരിച്ചുപോയനിന്നമ്മതന്നോർമ്മയിൽ
തനിച്ചിരുന്നു ഞാൻ കരഞ്ഞ നാളുകൾ
തിരിച്ചുവന്നിടാൻ കൊതിച്ചിരിക്കവേ
വിളിച്ചുചാരെവന്നവളെന്നുള്ളിലായ്.
ആരായിരുന്നു നിനക്കു ഞാൻ, സൂനുവേ?
ആരാമമതിൽ വിടർന്നോരു സൂനമോ?
പാതയോരങ്ങളിൽ കണ്ട പഥി കനോ?
പാഴായി തെരുവിലെറിഞ്ഞഭാണ്ഡമോ?
ആരുമല്ലെങ്കിലെൻ മനസ്സിൻ വേദന
ആരതിയുഴിഞ്ഞതുപോലെ ശാന്തമാം
ആരോമലാണെന്നു ചൊല്ലുകിലെൻമനം
ആഴിപോൽ കത്തിപ്പടരുന്നെന്നുള്ളിലായ്.
ഒരുദിവസം ഞാനീ കടത്തിണ്ണയിൽ
തെരുവു നായകൾക്കൊപ്പം കിടക്കുകിൽ
തിരക്കൊഴിയാത്ത തെരുവിൽ കണ്ടു ഞാൻ
തിരക്കേറിടും നിൻ ജീവിത വീഥികൾ.
വരുമോ നീയിനിയുമീ വഴികളിൽ?
തരുമോ വീണ്ടുമൊരു ‘ദിവ്യ’ദർശനം
വരാതിരിക്കില്ല നീയുമീ സന്ധ്യയിൽ
പരം പൊരുളവൻ തരുന്നയന്ത്യനാൾ.