പടിവിട്ട് പകൽ തേടി
അകലുന്നിടത്തെല്ലാം
തറ്റുടുത്ത ശ്രദ്ധകൾ.
സങ്കീർണ്ണബാധകൾ.


ഭ്രൂമധ്യ ദ്വീപിലും
അമൃതത്തിലലയുന്ന-
തുമ്പികൾ.
കെട്ടിയ കുറ്റിയിൽ
ഉപനദികളാഴികൾ.
യാത്രാപഥങ്ങളിൽ
ആനന്ദരശ്മിയാൽ-
ഉങ്ങിലപ്പേച്ചുകൾ.
ലീലാദിനങ്ങളാൽ-
വിസ്മയപ്പാടുകൾ.
കൂമ്പായൊതുങ്ങിയ
പച്ചിലക്കാമ്പുകൾ.
മേഘ ബന്ധിതം-
സ്തന്യം ദിനങ്ങൾ.
ഹരിതമുരുവിട്ട്
വിദൂരവക്കിലെ
മായാ കറുകകൾ.
ഉണങ്ങിക്കരിഞ്ഞും
കൂമ്പെടുക്കുന്ന-
ഉള്ളം വയമ്പുകൾ.
പ്രാണന്നിടങ്ങൾ.
കാറ്റലപ്പന്തലിൽ
പുഷ്പഹാസങ്ങൾ.
തൈവാഴകൾ തടം.
പരിരംഭണത്തിന്റെ
നെഞ്ചിടിപ്പോരത്ത്
കെട്ടിവിതാനിച്ച-
ശിഷ്ട നട്ടുച്ചകൾ.


പുരികങ്ങളിറുകിലും
ചിലമ്പും ശരങ്ങൾ.
കൂവളത്തറകളിൽ
തലയിട്ടുരച്ചും
എഴുന്നേറ്റിരിക്കുന്ന
ഗുപ്തനാമങ്ങൾ..
വൈശ്വാനരന്നായ്
മനഃ സങ്കലനത്തിലെ
മഞ്ഞമുക്കുറ്റികൾ.
വിഷമസത്രത്തിലെ
ഏന്തിയെണീപ്പുകൾ.
ജലദേശം രസത്തിൽ
അപുഷ്പണീ സസ്യം.
ദീന ദേശപ്പടവുകൾ.
പൂവിട്ട താന്നികൾ.
വന്ദനം നേരുന്ന-
പൂങ്കാവ് സന്ധ്യകൾ.
വലിയ ശ്വേതത്തിന്റെ
ശലഭ താരാട്ടുകൾ.
വെള്ളരിവള്ളിയിൽ
ഇലപ്പുള്ളിദു:ഖം.


വിച്ഛിത്തി കൂടാതെ-
കൂർമ്മയോഗം ചെയ്തു
നീല നിരാശകൾ.
ഇനിയും..
ഹൃദയം ജനിക്കാൻ
പിടിപ്പതു രാത്രികൾ.

ഹരിദാസ് കൊടകര

By ivayana

Leave a Reply

Your email address will not be published. Required fields are marked *