രചന : അരുൺ പുനലൂർ ✍️
എനിക്ക് വേണ്ടി ചായ തിളപ്പിക്കാൻ പോകുമ്പോ ചിൻമയിയെക്കുറച്ചു ഞാനോർത്തത് ഇത്രമേൽ വിരസമായൊരു ജീവിതം ഇവിടെ ഇവരെങ്ങനെ ജീവിച്ചു പോകുന്നു എന്നാണ്…
രാവിലെ ജോലിക്ക് പോകുന്ന ഭർത്താവിനും പഠിക്കാൻ പോണ മകനും വേണ്ടി ബ്രേക്ക് ഫാസ്റ്റും ലഞ്ച്മോക്കെയുണ്ടാക്കാൻ വെളുപ്പിനെയുണർന്ന് അവരെ രണ്ടാളെ അയക്കും വരെ അടുക്കളയിൽ നെട്ടോട്ടമോടിത്തളർന്ന് പിന്നെയാ വീട് പരിപാലിക്കാൻ അലക്കിയും തുടച്ചും കിതച്ച്..
ഇതിനിടയിൽ മാർക്കെറ്റിലേക്കും ഗ്രോസറി കടകളിലേക്കും പാഞ്ഞ്..
വൈകുന്നേരം അവർ വരുന്നത് കാത്ത് ചായയും പലഹാരങ്ങളുമുണ്ടാക്കി പിന്നെ അത്താഴവും ഭർത്താവിന് വേണ്ടി കിടക്ക വിരിക്കലുമൊക്ക കഴിഞ്ഞു ഒന്നു നടു നീർക്കുമ്പോ പാതിരാത്രിയാവും…
ആ ക്ഷീണത്തിൽ ഒന്നുറങ്ങിത്തീരുന്പോഴേക്കും വീണ്ടും വെളുപ്പാവുന്നു…
ഞാനൊരു നല്ല സ്വപ്നം കണ്ടിട്ട് എത്ര കാലമായെന്നറിയാമോ…
ചായകുടിച്ചു തീർന്ന് ചുമരിലെ ചിത്രങ്ങളിൽ നോക്കിയിരുന്ന ഞാനൊരു നെടുവീർപ്പിട്ടു…
എന്റെ ക്ലാസ്മേറ്റായിരുന്ന പഴയ ചിൻമയിയെ
ഓർക്കുകയായിരുന്നു..
കോളേജ് മത്സരങ്ങളിൽ ആടാനും പാടാനും എൻ എസ് എസ് ക്യാമ്പിൽ റോഡ് വെട്ടാനുമൊക്ക മുന്നിൽ നിന്നിരുന്ന മിടുക്കിപ്പെണ്ണ്…
എന്റെ അപ്പനൊപ്പം ഫാക്ടറിയിൽ പണി ചെയ്തിരുന്ന ഗോപി മാമന്റെ ഒരേയൊരു മോൾ…
അവളുടെ പ്രേതമാടാ ഇപ്പൊ നിന്റെ മുന്നിലിരിക്കുന്നത്…
പഴേ പാട്ടുകാരി ചിന്മയി ഒക്കെ എന്നെ മരിച്ചു…
ഒറ്റ മകളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കാനുള്ള അച്ഛന്റെ ആഗ്രഹത്തിന് എതിര് നിൽക്കാൻ എനിക്കുമായില്ല…
ഊരും പേരും ഭാഷയുമൊന്നുമറിയാത്ത നാട്ടിലെ ഈ കാട്ടുമുക്കിൽ വന്നിട്ട് ഇപ്പൊ 28 കൊല്ലം കഴിഞ്ഞു…
വർഷത്തിലൊരിക്കൽ പത്ത് ദിവസം നാട്ടിൽ പോണത് മാത്രമാണ് ഒരാശ്വാസം…
ബാക്കിയെല്ലാ ദിവസവും ഒരേ അച്ചിൽ വാർത്ത പോലുള്ള ജീവിതം…
ചത്തുകളഞ്ഞാലോ എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്…
അപ്പോഴൊക്കെ ഫോൺ വിളിക്കുമ്പോ അങ്ങേത്തലയ്ക്കൽ നിന്ന് നിനക്ക് സുഖമാണോ മോളെ എന്നുള്ള അമ്മയുടെ സ്വരം പിന്തിരിപ്പിക്കും…
എന്നെയൊർത്ത് അമ്മക്ക് നല്ല സങ്കടമുണ്ട്..
ഒരാളല്ലേയുള്ളു നാട്ടിൽ ആരുടെയെങ്കിലും കൂടെ കെട്ടിക്കാമെന്നു അമ്മ ആവുന്ന പറഞ്ഞതാണ്..
അച്ഛൻ കേട്ടില്ല…
അച്ഛൻ മരിച്ച ശേഷം അമ്മ വീട്ടിൽ ഒറ്റക്കാണ്…
ഇങ്ങോട്ട് കൊണ്ടൊരാമെന്ന് വിളിച്ചിട്ട് അമ്മ വന്നില്ല…
അമ്മക്കാ വീട് വിട്ട് എങ്ങും പോയി നിൽക്കുന്നത് ഇഷ്ടമല്ല…
ഇപ്പൊ തീരെ വയ്യ…
അമ്മേ ഓർത്തു കരയാത്ത ഒരു ദിവസവുമില്ല…
അമ്മേ ഓർത്തു മാത്രമല്ല..
എങ്ങനെയോർത്തും…
എത്ര നാളുകൾക്ക് ശേഷമാണു ഞാൻ ആരോടെങ്കിലും ഇത്രയും വർത്താനം പറയുന്നതും ചിരിക്കുന്നതും…
നിനക്ക് മദ്യം വേണോ ഇവിടെ സ്റ്റോക്കിരിപ്പുണ്ട്…
വേണ്ട ഞാൻ പകൽ മദ്യപാനമില്ല..
ഞാൻ ഇപ്പൊ ഡെയിലി രണ്ടെണ്ണമടിക്കും..
എന്തെങ്കിലും സന്തോഷം എനിക്കും വേണ്ടേ..
മ്മ്..ഞാനിറങ്ങട്ടെ…
ഇനിയെന്നാ നമ്മൾ കാണുക…
ഇനി നമ്മൾ കാണുമോ..
അറിയില്ല…
ഉത്തരം കേൾക്കും മുൻപ് ഞാനിറങ്ങി നടന്നു…
അവൾ മറുപടി പറഞ്ഞിട്ടുണ്ടാവുമോ…😔