പ്രണയത്തിൻ്റെ തൂവലുകൾ കൊഴിഞ്ഞു തുടങ്ങിയ
കിഴവനായ പരുന്തായിരുന്നു
എൻ്റെ കാമുകൻ
പറക്കലിൻ്റെ പാടുകൾ പതിഞ്ഞു കിടക്കുന്ന
മഞ്ഞക്കണ്ണുകളാണവന് .
പറന്നു പറന്നു തീർത്ത
ആകാശങ്ങളെക്കുറിച്ച്
ദീർഘമായി പറഞ്ഞവൻ
എന്നെ മടുപ്പിച്ചു കൊണ്ടിരുന്നു
അവൻ്റെ
കൂടിനു ചുറ്റും പറക്കാനാവാത്തതിൻ്റെ
നിസ്സഹായത മുറ്റിത്തഴച്ചു നിൽക്കുന്നത് ഞാൻ കണ്ടു
എന്നിട്ടും ,
ആകാശമെന്നത് മടുപ്പിക്കുന്നൊരേകാന്തതയാണെന്ന്
എന്നോടവൻ പറഞ്ഞു കൊണ്ടിരുന്നു
എൻ്റെ ,
ചിറകുകളിലേക്കവൻ
കെണിവച്ച നോട്ടങ്ങളെയ്തു
അഹങ്കാരങ്ങളും ആവേഗങ്ങളും
ഊരിയിട്ടവൻ്റെ
അണപ്പുകൾ എനിക്കു കേൾക്കാമായിരുന്നു
എന്നിട്ടും ,
എനിക്കു ചുറ്റും
ഒരു ദുർമന്ത്രവാദിയെ പോലെ
അവൻ വലകൾ നെയ്തുകൊണ്ടിരുന്നു
കണ്ണുകൾ താഴ്ത്തി നടക്കുവാൻ
അവനെന്നോടു കെഞ്ചി
ആകാശത്തിൻ്റെ സാധ്യതകൾ
കാണാതെ ,
ഞാനവൻ്റെ പറക്കലിനെക്കുറിച്ചു
കേൾക്കുകയും
തൂവൽ കൊഴിഞ്ഞിട്ടും
ശക്തമായ അവൻ്റെ ചിറകുകളിൽ
തൊട്ട്
വിസ്മയിക്കുകയും ചെയ്തു
എന്നാൽ ,
ഞാനെൻ്റെ ആകാശം മടക്കി പെട്ടിയിൽ
ഒതുക്കി വച്ചിരിക്കുന്നുവെന്ന് ,
ആകാശത്തിൻ്റെ വിസ്മയത്തെക്കാൾ,
അവൻ്റെ
കുഴഞ്ഞ ഗീർവാണങ്ങൾ
ഇഷ്ടപ്പെടുന്നുവെന്ന് ,
അവനറിയുന്നുണ്ടാവില്ല
നിഷ്പ്രയാസം പൊട്ടിക്കാവുന്ന
അവൻ്റെ
ദുർബലമായ വലക്കണ്ണികളിൽ
ശ്വാസം കഴിക്കാനാവാതെ
കുരുങ്ങിക്കിടക്കുകയാണെന്നും .
കിഴവാ ,
നീയതറിയേണ്ട ,
നീയതൊരിക്കലുമറിയേണ്ട
അല്ലെങ്കിൽ പിന്നെ ,
നിൻ്റെ തൂവൽ കൊഴിഞ്ഞ
ചിറകുകൾ ഇത്രമേൽ
ധാർഷ്ട്യത്തിൽ,
നിനക്കെൻ്റെ മേൽ അമർത്തുവാനാവില്ല ;
എനിക്കിത്രമേൽ അരുമയായി
നിന്നെ പ്രണയിക്കുവാനും

വൈഗ

By ivayana

Leave a Reply

Your email address will not be published. Required fields are marked *