രചന : കെ.ആർ.സുരേന്ദ്രൻ✍️
അവരെ കേട്ടും,
അവരെ വായിച്ചും,
നിന്നെ ഞാൻ
കാണാതെ കണ്ടു.
അവരുടെ
പ്രകീർത്തനങ്ങളിൽ
ഞാൻ പുളകിതനായി.
നിന്റെ
മനോഹര തീരങ്ങളിൽ
ഞാനൊരു
സങ്കല്പസൗധം തീർത്തു.
സങ്കല്പസൗധത്തിന്റെ
മട്ടുപ്പാവിലിരുന്ന എന്നെ
നിന്നിൽ നിന്ന്
കാറ്റിന്റെ
വാത്സല്യച്ചിറകുകൾ
ഒഴുകിയെത്തി
തഴുകിത്തലോടി.
ഞാൻ നിന്റെ
പവിത്രതീരങ്ങളിലൂടെ
കടന്നു പോയ
മഹത്തുക്കളുടെ
കാല്പാടുകൾ കണ്ട്
ഹർഷപുളകിതനായി.
നിന്റെ
പുണ്യതീർത്ഥങ്ങളിൽ,
ഞാൻ പലവട്ടം
മുങ്ങി നിവർന്നു.
നിന്റെ കുളിരോളങ്ങളിൽ
മുഗ്ദ്ധനായി ഞാൻ.
രാവിന്റെ
നിശ്ശബ്ദയാമങ്ങളിൽ,
നീ നിലാപ്പുഴയായൊഴുകി.
ചന്ദ്രനും,
നക്ഷത്രദീപങ്ങളും
നിന്നിൽ
നീന്തിത്തുടിക്കുന്നത്
ദർശിച്ച്
ഞാൻ കൃതാർത്ഥനായി.
നിന്റെ
ഇരുകരകളിലും
ശ്യാമനിബിഡത
ആഭരണങ്ങളായി
പരിലസിച്ചു.
നിന്നിൽ
സായൂജ്യം തേടിയ
എത്രയെത്ര
പുണ്യജന്മങ്ങളെ,
ഞാൻ എന്റെ
സങ്കല്പസൗധത്തിന്റെ
മട്ടുപ്പാവിലിരുന്ന് കണ്ടു!
എത്രയെത്ര രാവുകൾ,
ഞാൻ നിന്റെ
പവിത്രതീരങ്ങളിലൂടെ
മതിവരാതെ
നടന്നുനീങ്ങി?
അന്നൊന്നും
ഞാനറിഞ്ഞതില്ലല്ലോ
നിന്റെ
സൗമ്യശാന്തതയിൽ
ഹുങ്കാരത്തോടെ
പാഞ്ഞെത്തി
യന്ത്രഭീമന്മാർ
കോമ്പല്ലുകളാഴ്ത്തി
നിന്റെ ചാരിത്ര്യം
കവർന്നെടുത്ത്
അഹന്തയുടെ ചക്രങ്ങളുരുട്ടി
നിന്നെ
വന്ധ്യയാക്കുമെന്ന്?
സീതയെപ്പോലെ
നീ ഭൂമാതാവിന്റെ
മടിത്തട്ടിലേക്ക്
മടങ്ങുമെന്ന്?
ആ പഴയ
നിനക്കൊരു
തിരിച്ചുവരവുണ്ടാവില്ലെന്ന്?
ആ
സത്യമുൾക്കൊണ്ടനാളിൽ
ഞാനെന്റെ
സങ്കല്പസൗധം
വെടിഞ്ഞു.
ഇന്ന് ഞാൻ
മരീചികകൾ തേടിയലഞ്ഞുകൊണ്ടേയിരിക്കുന്നു.
ആസുരതകളുടെ നാളുകളിൽ
എന്റെ അലച്ചിലുകൾ വ്യർത്ഥമാണെന്നറിയുമെങ്കിലും….