ലക്ഷ്മി ടീച്ചറിന്റെ മുഖം കണ്ടപ്പോൾ വലിയ വിഷമം അലട്ടുന്നതുപോലെ തോന്നി.ആരോടും ഒന്നും വിട്ടു പറയുന്ന ആളല്ല.
“എന്തു പറ്റി ടീച്ചറേ? “എന്നാലും ഒന്നു ചോദിച്ചു.
“ഏയ്‌ ഒന്നൂല്യ ..”അങ്ങനെയാണ് പറഞ്ഞതെങ്കിലും മുഖത്ത് കരിങ്കാറ്.
പിന്നൊന്നും ചോദിച്ചില്ല.ഒരു പക്ഷെ കുടുംബ പ്രശ്നം വല്ലതുമാണെങ്കിൽ, പങ്കു വക്കാൻ താല്പര്യം ഇല്ലെങ്കിൽ വേണ്ട..
ഇന്റർവെൽ സമയം.പത്രത്തിലൂടെ കണ്ണോടിക്കുകയായിരുന്നു.
” ഒരു ചായ കുടിക്കാൻ വരുന്നോ..”ടീച്ചർ വിളിച്ചുചോദിച്ചു.സാധാരണ അങ്ങനെ വിളിക്കുന്നതല്ല.
ചായ മൊത്തിക്കുടിച്ചുകൊണ്ട്‌ ആലോചനയോടെ ടീച്ചർ പറഞ്ഞു.
“വിനോദിന് ഒരു കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞു..കുറച്ചു വർഷം മുൻപ് ഈ സ്‌കൂളിൽ പ്ലസ് ടു വിനു പഠിച്ച ദിവ്യ.. “
ടീച്ചർ ഒന്നു നിർത്തി.
പഠിച്ച നാലഞ്ചു ദിവ്യമാരുടെ മുഖങ്ങൾ മനസിൽക്കൂടി കടന്നുപോയി.
“സയൻസിൽ ഫുൾ എ പ്ലസ് കിട്ടിയ,അച്ഛന്റെ കൂടെ താമസിച്ച….”
ടീച്ചർ വ്യക്തമാക്കി.
നീണ്ടു മെലിഞ്ഞ വെളുത്ത ആ പെൺകുട്ടിയെ പെട്ടെന്ന് ഞാനോർത്തു.അവളെ മറക്കാൻ കഴിയില്ലല്ലോ ആർക്കും.
അവളുടെ അമ്മയും,അമ്മൂമ്മയും കുലത്തൊഴിൽ പോലെ വേശ്യാവൃത്തി ചെയ്യുന്നവർ ആണെന്നാണ് പറയപ്പെടുന്നത് .അവളുടെ അമ്മ അച്ഛനെ വളച്ചെടുത്തു വിവാഹം കഴിച്ചതാത്രേ!.ദിവ്യ ഉണ്ടായിക്കഴിഞ്ഞിട്ടുംസ്വഭാവദൂഷ്യം തുടർന്നതുകൊണ്ട് അവൾക്കു ഒരു വയസുള്ളപ്പോളയാൾ ഉപേക്ഷിച്ചിട്ട് പോയി.അമ്മ എറണാകുളത്തും മറ്റും ജോലിന്നും പറഞ്ഞ് അങ്ങു പോയി. ഇതാക്കെ ആരൊക്കെയോ പറഞ്ഞു കേട്ടതാണ്.
അവൾ അമ്മൂമ്മക്കൊപ്പമാണ് പിന്നെ വളർന്നത്.അവരുംകണ്ടാൽ വളരെ ചെറുപ്പമാണ്.
ഒരുദിവസം അമ്മൂമ്മയെ കാണാൻ വന്ന ആൾ ഇവളെ ഓടിച്ചുവെന്നും,അപ്പുറത്തെ വീട്ടിൽ പോയി ഒളിച്ചുവെന്നും,പിറ്റേന്ന് ആ വീട്ടുകാർ അച്ഛനെ വരുത്തി അയാളോടൊപ്പം അവൾ പോയി എന്നുമൊക്കെ പറഞ്ഞുകേട്ടു .അയാൾ രണ്ടാമത് വിവാഹം കഴിച്ചില്ല.ഏതോ കമ്പനിയിലെ ഡ്രൈവർ ആണ്..ജോലി ആവശ്യത്തിന്‌ പോയാൽ മൂന്നുനാലു ദിവസം കഴിഞ്ഞിട്ടേ വരൂ..
ഒമ്പതാം ക്ലാസ്സു മുതൽ ദിവ്യ അച്ഛനോടൊപ്പം ആയിരുന്നു. രാവിലെ എണീറ്റ്‌ അച്ഛനും,മോളും കൂടി പാചകം ചെയ്തിട്ട് ,ട്യുഷനും പോയിട്ട് സ്കൂളിലെത്തുന്ന,എല്ലാരോടും സ്നേഹത്തോടും,സൗഹൃദത്തോടും മാത്രം പെരുമാറുന്ന ,പഠിക്കാൻ മിടുക്കിയായ ആ കൊച്ചുപെൺകുട്ടി.
സ്‌കൂളിലെ പലകുട്ടികളും ആൺകുട്ടികളുമായി പരിധിയിൽ കവിഞ്ഞ് അടുപ്പം കാട്ടുമ്പോഴും ഒന്നിലും പെടാതെ…
“നല്ല കുട്ടിയല്ലേ ടീച്ചർ അവൾ..”
ഞാൻ പെട്ടെന്ന്‌ പറഞ്ഞു.
” നിനക്കത് പറയാം.ഞങ്ങടെ സോഷ്യൽ സ്റ്റാറ്റസ്.ചേട്ടൻ അറിയാലോ പ്രൊഫസർ..
വിനോദ് ഉന്നത ശമ്പളമുള്ള ഉദ്യോഗസ്ഥൻ.വിസ്മയയെ കല്യാണം കഴിച്ചത് ഡോക്ടർ.അവളും ഡോക്ടർ.ഹരീടെ വീട്ടുകാർക്കും ഇതൊന്നും ഉൾക്കൊള്ളാൻ കഴിയുമെന്ന് തോന്നുന്നില്ല.സ്ത്രീധനം പ്രശ്നമല്ലാന്നു വക്കാം. പക്ഷെ ആ തള്ളേടേം, അമ്മൂമ്മേടേം സ്വഭാവം എല്ലാർക്കും അറിയാവുന്നതല്ലേ..ആ കണ്ണിലല്ലേ എല്ലാരും കാണൂ.”
“പക്ഷേ വിനോദ് ഇഷ്ടപ്പെട്ടതല്ലേ..പ്ലസ് ടു മുതൽ ഇഷ്ടമെന്നല്ലേ പറഞ്ഞേ..കഷ്ടമല്ലേ..?”
“ഓ.. അവനെ പറഞ്ഞു മനസിലാക്കി കാര്യങ്ങളൊക്കെ.അവന്‌ ഇപ്പൊ താല്പര്യം ഇല്ല.ദിവ്യയോട് പറയുന്നത് എങ്ങനെ എന്നേ വിഷമമുള്ളൂ. ആ കുട്ടിക്ക് പറഞ്ഞാ മനസ്സിലാകാവുന്നതേയുള്ളൂ..കൊക്കിലൊതുങ്ങുന്നതെ കൊത്താവൂ എന്ന് ആ കുട്ടിയല്ലേ ഓർക്കേണ്ടിയിരുന്നത്..?
നീ എനിക്കൊരു സഹായം ചെയ്യണം.അവളെ പഠിപ്പിച്ചതല്ലേ നീ..ഒന്നു കണ്ടു പറയ്യോ..”
“ടീച്ചറേ എനിക്ക്..”ഞാൻ വല്ലാതായി..
“പ്ളീസ് ..”ലക്ഷ്മി ടീച്ചർ എന്റെ കൈയിൽ പിടിച്ചു..
ഞാനൊന്നും മിണ്ടിയില്ല.പക്ഷെ എന്തോ ദിവ്യയെ ഒന്നു കാണണമെന്ന് തോന്നി..
പിറ്റേന്ന് ശനി.ഒരു കല്യാണം.ഞാനും നന്ദനും ഒരുങ്ങി .കുട്ടികൾ വരില്ല.സൗരവ് എപ്പോഴും ബിസിയാണ്‌.ഓഫീസ് അവന്റെ തലയിൽ കൂടി കയറി ഇറങ്ങുന്ന മട്ടാണ്. രജിതക്ക്‌ പിന്നെ പഠിപ്പ് എന്ന ഒരു ചിന്തയേ ഉള്ളൂ.
കല്യാണം കഴിഞ്ഞ് ദിവ്യയുടെ വീട്ടിലേക്കു പോകാമെന്ന് വച്ചു.അവളുടെ വീട്ടിലേക്ക്‌ചെറിയൊരു ഇടനാഴി പോലുണ്ട്.വൃത്തിയായി തൂത്തിട്ടിരിക്കുന്നു.ധാരാളം സൈക്കിളുകൾ അടുക്കി നിരത്തിവച്ചിരിക്കുന്നു.വണ്ടി റോഡിലിട്ടു.ഇടനാഴിയിൽ കൂടി നടന്നു.ഒരു കൊച്ചു വീടിന്റെ മുന്നിലെത്തി.മുൻവശം വാർത്തിട്ടുണ്ട്.പുറകോട്ട് ഓട്.
ഒരു കൊച്ചു പൂന്തോട്ടം മുന്നിൽ..നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്ന സീനിയ,ഡാലിയ, പനീർ റോസ് ,..
നീണ്ട വരാന്ത നിറയെ കുട്ടികൾ..പല പ്രായത്തിലുള്ളവർ.
“ചേച്ചീ ആരോ വന്നൂ.”.കുട്ടികൾ വിളിച്ചു പറഞ്ഞു.
ദിവ്യ പുറത്തേക്കു വന്നു..
“ന്റെ ടീച്ചറേ..”അവൾ ഓടിവന്നെന്നെ കെട്ടിപ്പിടിച്ചു.
അറിയാതെ ഞാനവളെ ചേർത്തുപിടിച്ചു.
“വരൂ സാർ..ടീച്ചറേ വാ..”ഒരു കൊച്ചുകുട്ടിയെപോലെ അവളെന്നെ പിടിച്ചു വലിച്ചു.
വൃത്തിയായി അടുക്കി വച്ചിരിക്കുന്ന മുറികൾ.
അടുക്കളയിൽ മൂന്നാലു കലത്തിൽ എന്തൊക്കെയോ കറികൾ.ചോറ് ഊറ്റി വച്ചിരിക്കുന്നു.വൃത്തിയാക്കിയ അടുക്കള.
“അച്ഛനിന്നു വരും ടീച്ചറേ.അതോണ്ട് ഇത്തിരി കൂടുതൽ കറികൾ വച്ചു.ച്ചിരി ചോറുണ്ണാം.”
കല്യാണത്തിന് പോയതാണ് എന്നു പറഞ്ഞിട്ടും അവൾ ചോറ് വിളമ്പി.മത്തീം ,മാങ്ങയും പറ്റിച്ചതിന്റെ സ്വാദ് ഹോ അപാരമായിരുന്നു..പുളി കൂട്ടി എന്റെ അമ്മ വക്കുന്ന കറീടെ അതേ മണം, രുചി.രസത്തിനൊക്കെ എന്താ സ്വാദ് ..
ആമുഖമില്ലാതെ ഞാൻ കാര്യത്തിലേക്ക് കടന്നു..
“മോളേ ലക്ഷ്മി ടീച്ചർ ഒരു കാര്യം മോളോട് പറയാൻ എന്നെ ഏൽപ്പിച്ചു.ഒറ്റ മോനാ വിനോദ്.ബന്ധുബലം കൂടുതൽ ഉള്ള വീട്ടീന്നു പെണ്ണിനെ മതീന്നാ അവരുടെ ആഗ്രഹം.”
ശബ്ദം പതറാതിരിക്കാൻ ഞാൻ ഏറെ പണിപ്പെട്ടു.
നിശബ്ദത.അവളുടെ കണ്ണുകൾ നിറഞ്ഞുവോ!
“സാരമില്ലാട്ടോ ടീച്ചറേ . വിനുവിനോട് ഇതൊക്കെ ഞാൻ പറഞ്ഞിട്ടുള്ളതാ.മാത്രമല്ല അമേരിക്കയിലൊക്കെ പോണംന്നു പറയുമായിരുന്നു..ന്റെ അച്ഛനെ വിട്ടിട്ട് ഞാനെങ്ങോട്ടുമില്ലാന്ന് പറഞ്ഞിരുന്നു..
കൺകോണിലെവിടെയോ…
“ഒരു ചെറിയ ജോലിയെങ്കിലും ഒപ്പിച്ചു ജീവിക്കണംന്ന മോഹമേ ഉള്ളൂ..അച്ഛനെ നോക്കണമെന്നും..”
നേർത്ത ശബ്ദത്തിൽ അവൾ കൂട്ടിച്ചേർത്തു.
ഞാനൊന്നും മിണ്ടിയില്ല..അവളുടെ കൈ തടവിക്കൊണ്ടിരുന്നു.
ദിവ്യ ഓർക്കുകയായിരുന്നു. ഒരു പൊട്ടുപോലും തൊടാത്ത താൻ. എന്നിട്ടും എല്ലാരുടേയും നോട്ടം തന്നിലായിരുന്നു. വിനു തന്നിലേക്ക് ഇടിച്ചു കയറി വന്നത്. ‘വേണ്ട ‘ന്ന് എത്ര പ്രാവശ്യം പറഞ്ഞതാണ്. നഷ്ടങ്ങളെ, വേദനകളെ മറക്കാൻ കുറച്ചു മാത്രം ഇഷ്ടങ്ങളുടെ പുറകിനു പോയ ഒരു പാവം പെണ്ണിനെ… വേണ്ട ഒന്നും ഓർക്കണ്ട….
തിരിച്ചു വരുമ്പോൾ നിശബ്ദയായിരിക്കുന്ന എന്നെ പാളി നോക്കി നന്ദൻ പിറുപിറുത്തു..
“ഇവിടൊരുത്തിക്ക് എന്തു പറ്റിയോ ആവോ!”എന്നാണെന്നു തോന്നുന്നു.
“നന്ദാ ,സൗരവിന് വിവാഹപ്രായം ആയി..”ഞാൻ പെട്ടെന്ന് പറഞ്ഞു..
“ഒന്നു വീട്ടിൽ ചെല്ലാനുള്ള സാവകാശം താടീ…ഇരുപത്തിയാറു വയസു മാത്രമുള്ള ചെറുക്കനെ ഇപ്പോഴേ കല്യാണം കഴിപ്പിക്കേണ്ട കാര്യം ന്താ ?..”
വീട്ടിൽ എത്തിയപ്പോൾ ഞാനീ കാര്യം എടുത്തിട്ടു.
സൗരവ് ചാടിത്തുള്ളി..അതാണ് അവന്റെ പ്രകൃതം.ദേഷ്യമാണ്..
“ഞാൻ സ്നേഹിച്ചേ കെട്ടൂ.. “പ്രഖ്യാപനം.
“എന്നിട്ടു ആരേലും നീ പ്രേമിച്ചോ?”ചോദിച്ചു.
“പറ്റിയ പെണ്ണിനെ കണ്ടില്ല…”അവൻ പറഞ്ഞു.
“ഡാ.. പൊട്ടാ പ്രേമിക്കുന്ന പ്രായമൊക്കെ കഴിഞ്ഞു..ഇതുവരെയും പ്രേമിക്കാത്ത സ്ഥിതിക്ക് ആ മോഹം നടക്കാൻ പോന്നില്ല.. ഞാനൊരു പെൺകൊച്ചിനെ കണ്ടു വച്ചിട്ടുണ്ട്.നമുക്ക് പോയിക്കാണാം..നിനക്കിഷ്ടപ്പെട്ടെങ്കിൽ മതി.”
“എനിക്ക് കല്യാണപ്രായം ആയില്ല “അ അവൻ പിന്നേം ചവിട്ടിത്തുള്ളുകയാണ്.
രജിത കുനിഞ്ഞിരുന്ന് ചിരിച്ചു.
“എന്താടീ?”സൗരവ് അവളുടെ ചെവിക്കിട്ട് ഒരു കിഴുക്കു കൊടുത്തു..
“ഈ പോത്തനെ പ്രേമിക്കാൻ ആറു വരാനാ? “അവൾ കുനിഞ്ഞിരുന്ന് പിറുപിറുത്തു.
“ഇവൻ കെട്ടീട്ട് എന്റെ കല്യാണവും നടക്കും ന്ന് തോന്നുന്നില്ല “അവൾ പിറുപിറുത്തു.
“എന്തായാലും നീ പെണ്ണിനെ ഒന്നു കാണ്”
നിർബന്ധിച്ചാണ് കൊണ്ടുപോയതെങ്കിലും ദിവ്യയെ അവനിഷ്ടമായി. അല്ലേലും അവളെ ആർക്കാണിഷ്ടപ്പെടാത്തത് !
വളരെ കുറച്ച് ആളുകളുടെ സാന്നിധ്യത്തിൽ ,ആർഭാടം കുറച്ച് മിന്നാംതോട്ടിൽ അമ്പലത്തിൽ വച്ച് താലികെട്ടി.
ലക്ഷ്മി ടീച്ചർ കല്യാണത്തിന് വന്നില്ല.
ഞങ്ങളുടെ കുടുംബത്തിലെ തന്നെ ഏവരുടെയും പ്രിയങ്കരിയായി, രജിതയുടെ പ്രിയപ്പെട്ട ചേച്ചിയായി, സൗരവിന്റെ സ്വഭാവത്തിന് ഒത്തിരി മയം വന്നതായിരുന്നു ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചത്.
എനിക്ക് ട്രാൻസ്ഫർ ആയി..ഇതിനിടെ ലക്ഷ്മി ടീച്ചറുടെ മകൻ വിനോദിന്റെ വിവാഹം ഏതോ വലിയ കോണ്ട്രാക്ടറുടെ മകളുമായി നടന്നെന്നോ,രണ്ടുമക്കളും,മരുമക്കളും അമേരിക്കയിൽ സ്ഥിര താമസം ആയെന്നോ,ടീച്ചറും സാറും ഒക്കെ ഇടക്കിടെ പോയിതാമസിക്കുന്നുവെന്നോ ഒക്കെ പറഞ്ഞു കേട്ടു.ഒന്നും എന്നെ അറിയിച്ചില്ല
ഇതിനിടെ മാധവൻ സാർ മരിച്ചപ്പോൾ ഞാനും നന്ദനും പോവുകയും ചെയ്തു..ലക്ഷ്മി ടീച്ചറിന് ആ പഴയ അടുപ്പം ഉണ്ടായിരുന്നില്ല…
ബ്ലീഡിംങ് നിലക്കാതെ വന്നപ്പോഴാണ് ഡോക്ടറെ കണ്ടത്. നന്ദൻ പേടിച്ചു പോയി.
യൂട്രസ് റിമൂവ് ചെയ്യണം എന്ന് നിർമ്മല ഡോക്ടർ പറഞ്ഞു.ഉടനെ വേണമെന്നും.
“അമ്മേ അടുത്ത മാസത്തേക്ക് മാറ്റുമോ?മോന് എക്സാം നടക്കുവാ.ഏട്ടന് ലീവു മില്ല.കുറച്ചുദിവസം വന്നു നിൽക്കണമെന്നുണ്ട്.. എല്ലാം ഒതുങ്ങാതെ എങ്ങനാ?”രജിതയുടെ ശബ്ദത്തിൽ തെളിച്ചമില്ലായിരുന്നു.
“ആരും വേണ്ട..ഞാനുണ്ട്.. “നന്ദൻ എന്റെ തോളിൽ പിടിച്ചു ചേർത്തു നിർത്തി.
“നാളെത്തന്നെ ഓപ്പറേഷൻ നടത്താം..”
സൗരവും,ദിവ്യയും മക്കളും എറണാകുളത്താണ്.ദിവ്യക്ക് ഹയർ സെക്കൻഡറി കിട്ടിയിട്ട് ഒരു വർഷം ആയില്ല.പ്രൊബേഷൻ പൂർത്തിയായില്ല.എന്നാലും ചുമ്മാ ഒന്നറിയിച്ചു.
പിറ്റേന്ന് രാവിലെ പൊട്ടിവീണ മാതിരി ദിവ്യ വന്നു.”അമ്മേ.ഞാൻ ലീവെടുത്തു..”അവൾ ചിരിച്ചു.
“സാലറി നഷ്ടമാകില്ലേ മോളേ..?”
“സാരല്യാ അമ്മെക്കാൾ വലുതല്ലല്ലോ ഒന്നും..”അവളെന്നെ കെട്ടിപ്പിടിച്ചു.
“മക്കളെ ഏട്ടൻ നോക്കിക്കൊള്ളാം ന്നു പറഞ്ഞു.. ഇത്തിരി കഷ്ടപ്പെടട്ടെ”അവൾ ചിരിച്ചു..
അവളുണ്ടായിരുന്നു രണ്ടു മാസം കൂടെ. ഒരു ഗ്ലാസു പോലും എടുക്കാൻ സമ്മതിക്കാതെ… ഓർക്കുമ്പോ തന്നെ മനസ് നിറയുകയാണ്.
ലക്ഷ്മി ടീച്ചർക്ക് എന്തോ അസുഖമാണ്..മക്കൾ ആരും അടുത്തില്ല. ഒരു ഹോം നഴ്സ്‌ നോക്കുകയാണ് . ആരോ പറഞ്ഞറിഞ്ഞു’
ഒന്നു കാണണമെന്നു തോന്നി.
വീട്ടിൽ ചെന്നു.ബെഡിൽ കിടക്കുന്ന മൃതപ്രായ.
തട്ടി വിളിച്ചു..ആദ്യം എന്നെ മനസിലായില്ല..പിന്നെ പേരുവിളിച്ച് കൈകൾ ചേർത്തുപിടിച്ച് കരയാൻ തുടങ്ങി.
“എത്ര നാളായീന്ന് അറിയാമോ ആരോടേലും സംസാരിച്ചിട്ട്. ഇന്ന് പോവല്ലേ ..”നൂറു വർത്തമാനങ്ങൾ..
ഒരുവിധം അവിടെ നിന്നുമിറങ്ങി.ദിവ്യ ഇപ്പോൾ ഞാൻ പഠിപ്പിച്ച സ്‌കൂളിൽ,അവൾ പഠിച്ച സ്‌കൂളിൽ തന്നെ പഠിപ്പിക്കുകയാണ്.
ലക്ഷ്മി ടീച്ചറിനെ കുറിച്ചു കേട്ടപ്പോൾ അവൾ കരയാൻ തുടങ്ങി..
“ഇങ്ങോട്ടു കൊണ്ടു വരാം ടീച്ചറെ നമുക്ക്..”അവൾ ആദ്യമായി ആവശ്യപ്പെട്ട ഒരു കാര്യം..
നന്ദന് എതിർപ്പായിരുന്നു..ദിവ്യയുടെ നിർബന്ധം വലുതായിരുന്നു..അവളോട്‌ പറ്റില്ലാന്നു പറയാൻ ആർക്കും കഴിയില്ല എന്നതായിരുന്നു സത്യം..
എല്ലാരോടും അനുവാദം ചോദിച്ചിട്ട് ടീച്ചറിനെ വീട്ടിൽ കൊണ്ടു വന്നു.ഹോം നഴ്സും ഉണ്ടായിരുന്നു.വൈകുന്നേരങ്ങളിൽ ജോലിയെല്ലാം ഒതുക്കി എല്ലാരും ടീച്ചറിന്റെ അടുത്തതിരിക്കും..ദിവ്യയെ കാണുമ്പോൾ ആ മുഖത്തുണ്ടാകുന്ന സന്തോഷം,സ്നേഹം ,കുറ്റബോധം ഒക്കെ ഒരു ചെറു പുഞ്ചിരിയോടെ ഞാൻ മാറിനിന്ന് ആസ്വദിച്ചു..
“ഞാൻ ചെയ്ത തെറ്റ് വളരെ വലുതായിരുന്നു ..”ഒരു ദിവസം എന്റെ തോളിൽ തല ചായ്ച്ച്‌ ലക്ഷ്മി ടീച്ചർ പൊട്ടിക്കരഞ്ഞു.
“അവളെ ഞാൻ വല്ലാതെ വേദനിപ്പിച്ചു..അവൾ ശപിച്ചതാണോ.”.ടീച്ചർ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു..
ഒന്നും മിണ്ടാതെ ഞാനിരുന്നു..അതു കെട്ടുകൊണ്ടാണ് ദിവ്യ വന്നത്..
“ഞാൻ ശപിച്ചിട്ടില്ല ടീച്ചർ..ദാ അതൊണ്ടല്ലേ എനിക്കെന്റെ ടീച്ചറേ അമ്മയായി കിട്ടീത്..ഇപ്പൊ വേറൊരമ്മ കൂടി..’എല്ലാം ഒരു നിയോഗമാണ് ..”അവൾ ചിരിച്ചു.. “
തൂമഞ്ഞു പോലെ മനോഹരമായിരുന്നു ആ ചിരി.

സ്വപ്ന.എസ്.കുഴിതടത്തിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *