“അടുക്കാൻ ശ്രമിക്കുന്ന മലയാളിയെക്കാൾ അകലാൻ ശ്രമിക്കുന്ന മലയാളികളെയാണ് ജന്മനാട്ടിൽ എത്തിയാൽ ഒരു മലയാളി കുടിയേറ്റക്കാരൻ കൂടുതൽ കാണുക. നാടുവിട്ടകന്ന മലയാളിയും നാടുവിടാൻവെമ്പുന്ന മലയാളിയും തമ്മിലുള്ള അന്തരം അവനവിടെ കാണാം”
പ്രവാസലോകത്തിന്റെ വിപുലമായ ജീവിതാനുഭവങ്ങളെയും, രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്കാരിക ചലനങ്ങളെയും വ്യത്യസ്തമായ ആഖ്യാന ശൈലിയിലൂടെ തുന്നിക്കൂട്ടിയാണ് പി.മണികണ്ഠൻ തന്റെ പ്രഥമ നോവലായ ‘എസ്കേപ് ടവർ’ നിർമ്മിച്ചെടുത്തിരിക്കുന്നത്. വായനയെ വെറും വിനോദത്തിൽ നിന്നും മാറി സാമൂഹിക ജീവിതത്തിന്റെ സൂക്ഷ്മാനുഭവങ്ങളിലൂടെ ചരിത്രത്തെയും അനുഭവത്തെയും ചിന്തയെയും അറിവിനെയും സമന്വയിപ്പിച്ച് ദാർശനികമായ സമസ്യകളിലൂടെയാണ് ഈ നോവൽ സഞ്ചരിപ്പിക്കുന്നത്.
“വീടുണ്ടെന്ന മിഥ്യാബോധത്തെ വീടില്ലെന്ന യഥാ ബോധത്തോടെ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു ഞാൻ. നാടുണ്ടെന്ന ആത്മാഭിമാനത്തിന് ക്ഷതമേറ്റു തുടങ്ങിയിരിക്കുന്നു. എല്ലാ തരത്തിലുള്ള സ്വത്വബോധ നിർമ്മിതികളും ആകസ്മികതയുടെ പുറം ചട്ടയണിഞ്ഞ് നിരർത്ഥകമായിരിക്കുന്നു. അന്വേഷണങ്ങളുടെ ആന്തരികയുക്തി നഷ്ടപ്പെട്ടിരിക്കുന്നു. സിദ്ധാന്തങ്ങളുടെ സായംകാലം എല്ലാറ്റിനേയും കെട്ടുകാഴ്ചകളായി അവതരിപ്പിക്കുന്നു. പ്രവാസജീവിതം തന്നെ തിരസ്കരിക്കപ്പെട്ടവന്റെ കെട്ടുകഥയാകുന്നു. കഥയും ആത്മകഥയും തമ്മിലുള്ള അന്തരം തിരിച്ചറിയാനാകാത്ത കല്പിതകഥ”
ഡാനിയൽ ഗലൂയിയുടെ ഇരുട്ടിന്റെ പ്രപഞ്ചം, ഖലീൽ ജീബ്രാന്റെ ആത്മാവിന്റെ പ്രതിച്ഛായ, ബദുകവി അബ്ദുള്ള അദിൻദാന്റെ കവിത, ഇമ്മാന്വൽ ലെവിനാസിന്റെ തത്ത്വവിചാരങ്ങൾ, സ്ലോവേജ് സിസേക്കിന്റെ വരികൾ, ഫ്രഞ്ചു മാസിക നോവൽ ഒബ്സർവേറ്റർ, ചിന്തകനും എഴുത്തുകാരനുമായ സയ്യിദ് കുത്ബുവിന്റെ വരികൾ, ഇടശ്ശേരിയുടെ പണിമുടക്കം കവിത, കാവാലം നാരായണപ്പണിക്കരുടെ ജബാലാ സത്യകാമൻ നാടകം, കൈലേഷ് വാല്മീകി എന്ന നാടക ഭ്രാന്തൻ, കോവിലന്റെ ഭരതൻ നോവൽ, ആന്റോണിയോ തബൂച്ചിയുടെ സ്വപ്നങ്ങളുടെ സ്വപ്നം, ജോൺ സിംസന്റെ ദ ഓക്സ്ഫോർഡ് ബുക്ക് ഓഫ് എക്സൈൽ, മുകുന്ദന്റെ പ്രവാസം, ഡാനിയൽ എഫ് ഗലൂയിയുടെ ഡാർക്ക് യൂനിവേർസ്, എസ്.കെ പൊറ്റകാടിന്റെ രചനകൾ, കഫ്കയുടെ കഥാപാത്രങ്ങൾ, തുടങ്ങി നിരവധി സാംസ്കാരിക തലങ്ങളിലൂടെ സർഗാത്മകതയുടെ ഘോഷയാത്ര നടത്തുന്നു പി. മണികണ്ഠൻ.
“സ്വന്തം രാജ്യത്തെ ചട്ടങ്ങൾ പാലിക്കാത്തവർ കുടിയേറ്റ രാജ്യത്തെ ചട്ടങ്ങൾ ആദരവോടെയാണ് സ്വീകരിക്കുന്നത്”
കുടിയേറ്റം നേരിടുന്ന സ്വത്വ സങ്കർഷങ്ങളെയും, ദേശത്തിന്റെ സാംസ്കാരിക സ്വത്വപ്രതിസന്ധിയെയും, അധിനിവേശ വിരുദ്ധ വിചാരങ്ങളെയും, ആഗോള മുതലാളിത്ത- അധികാര വ്യവസ്ഥയെയും, നയോ ലിബറലിസത്തിന്റെ വശങ്ങളെയും, പാശ്ചാത്യ നവോത്ഥാന സങ്കൽപ്പങ്ങളെയും, യൂറോ-ആറേബ്യൻ നാഗരികതയുടെ വളർച്ചയെയും പി. മണികണ്ഠൻ സൂക്ഷമമായി നിരീക്ഷിക്കുന്നു.
“ടെർമിനേഷൻ കത്ത് സ്വീകരിക്കുന്ന നിമിഷം തൊട്ടു എത്ര വർഷം ചരിചയസമ്പത്തുള്ള തൊഴിലാളിയും സ്ഥാപനത്തിൽ അന്യനാണ്”
ഇരുട്ടും വെളിച്ചവും, നഗരവും ഗ്രമവും, നന്മയും തിന്മയും, മരുഭൂമിയും ഹരിതഭൂമിയും, സ്വദേശിയും പരദേശിയും, ഭാവിയും ഭൂതവും, ഉറക്കവും ഉണർവും, കറുപ്പും വെളുപ്പും എന്നിങ്ങനെയുള്ള വിരുദ്ധ ദ്വന്ദ്വങ്ങളിലൂടെ സ്വത്വത്തെയും ദേശത്തേയും രാജ്യത്തെയും പ്രവാസ ഭൂമികയേയും ലോകത്തെയും എഴുത്തുകാരൻ വിദഗ്ദമായി സ്കാനിങ്ങ് ചെയ്യുന്നു.
“സ്വതം യഥാർത്ഥമോ അയഥാർത്ഥമോ അല്ല. വൈരുധ്യാത്മകമാണ്. മറ്റൊരർത്ഥത്തിൽ മായികമായിട്ടുള്ളതാണ്”
യുഗോസ്ലാവിയൻ ചരിത്രവും, മുല്ലപ്പൂ വിപ്ലവത്തിന്റെ ഗതികളും, തഹരീർ സ്ക്വയറിലെ മുഴക്കങ്ങളും, ഗ്രീക്കു സംസ്കാരത്തിന്റെ ഇജ്പ്ഷ്യൻ സ്വാധീനവും, ആഗോള സാമ്പത്തിക ദുരന്തങ്ങളുടെ മൂലകാരണങ്ങളും, അറേബ്യൻ പെനിൻസുലയിലെ നാഗരികതയുടെ വളർച്ചയും, ഇന്ത്യൻ വൻ നഗരങ്ങളിലെ നാടോടികളുടെ കുടിയേറ്റ ജീവിതവും, ക്യാമ്പസ് ജീവിതത്തിലെ ഹരിതാഭമാർന്ന ദൃശ്യങ്ങളിലൂടെയും, പ്രവാസത്തിലെ നാടക പ്രവൃത്തനത്തിലെ ദുരന്തങ്ങളും, മുംബൈ കോളേജ് അദ്ധ്യപക ജോലിയും കാമ്പസിലെ അമാനിവകതയും, പുറംദേശത്തെ ആതുര സേവനത്തിന്റെ വ്യവസ്ഥയും അവസ്ഥയും, ആഗോള വികസന സങ്കല്പവും, വാസ്തുവിദ്യയുടെ പ്രാധാന്യവും, പ്രപഞ്ച പാരിസ്ഥിതികതയുടെ അവസ്ഥയും, വിദ്യാഭ്യാസ പരിഷ്കരണ നയങ്ങളും, തുടങ്ങി നിരവധി കാര്യങ്ങൾ ചർച്ച ചെയ്യാൻ ശ്രമിക്കുന്നു ‘എസ്കേപ് ടവർ’
എനിക്കു തിരിച്ച് പോകണം എന്ന ഒടുങ്ങാത്ത ത്വരയല്ല. മറിച്ച് എന്തിന് തിരിച്ചു പോകണം എന്ന ദാർശനിക സമസ്യയെ പ്രശ്നവൽക്കരിക്കുന്നു.
പരമ്പാരഗത വായനക്ക് ശേഷം മാറ്റി വെക്കാവുന്ന ഒരു ആഖ്യാനമല്ല ഇത്. അനായസ വായനക്ക് വഴങ്ങുന്നുമില്ല ഈ കൃതി. നമ്മളെയും പ്രവാസത്തെയും കുറിച്ച് നാം തൽപരരാണെങ്കിൽ വീണ്ടും വീണ്ടും ഇതിലേക്ക് തിരിച്ചു വരേണ്ടിവരും. ആവർത്തിച്ച് വായിക്കേണ്ടിവരും. പിന്നേയും പിന്നേയും ഇതിനെ കുറിച്ച് ചിന്തിക്കേണ്ടിവരും. ചോദ്യം ചെയ്യേണ്ടിയും വരും…
സാംസ്കരിക പാഠമായി മാറുന്ന ആത്മകഥാപരമായ നോവൽ
മലയാളി ഡയസ്പോറയുടെ തികച്ചും വ്യത്യസ്തമായ ആഖ്യാനം ‘എസ്കേപ് ടവർ’
ജീവിതത്തിലെ കറുപ്പും വെളുപ്പുമാർന്ന ഓർമ്മയിലൂടെ കൂടെ വായനക്ക്.

By ivayana

Leave a Reply

Your email address will not be published. Required fields are marked *