പടിയ്ക്കലെത്തിയ ചാവാലിപ്പട്ടി
കുരച്ചു തുള്ളുന്നു…
ബൗ ബൗ , കുരച്ചു തുള്ളുന്നു,
പടിയ്ക്കലുണ്ടൊരു വല്യമ്മ
കുനിഞ്ഞിരിക്കുന്നു ചുമ്മാ
കുനിഞ്ഞിരിക്കുന്നു,
വളയമില്ലാ കാതിൽ
വലുപ്പമേറും തുളകൾ ഇളകിയാടുന്നു
കാറ്റിൽ ഇളകിയാടുന്നു,
മരത്തിലുള്ളോരണ്ണാൻ ചിരിച്ചു മായുന്നു
ചിൽ ചിൽ ചൊല്ലി
ചിരിച്ചു മായുന്നു,
അതിനെ നോക്കി നായ
ഇതെന്ത് മായ, എന്നോർത്ത്
കുരച്ചു ചാടുന്നു, ബൗ.. ബൗ..
കുരച്ചു ചാടുന്നു,
പടിക്കലുള്ള വല്യമ്മ മുറുക്കാൻ ചെല്ലം തുറക്കുന്നൊപ്പമോർമ്മച്ചെല്ലവും
തുറന്നു പോകുന്നു,
കനത്ത മഞ്ഞ് പാളിക്കടിയി-
ലമർന്ന ശവം പോലോർമ്മകൾ-
ഒന്നും മാഞ്ഞുപോയില്ല,
എവിടെ…
പണ്ടൊരു കറുത്ത കാമുകൻ
കടിച്ചുമ്മ വെച്ച പിൻകഴുത്തിലെ
കറുത്ത പാടുകൾ?
ഹാ…ചുളുങ്ങിപ്പോയ
തോൽ മടക്കുകളിലൊളിഞ്ഞിരിക്കുന്ന
പ്രണയമുദ്രകൾ,തടവി നോക്കവേ
കണ്ണീരടർന്നു വീണ്, നനഞ്ഞ കൈത്തലം വിറച്ചു വിങ്ങുന്നു,
മുറുക്കെ മുറുക്കാനിടിക്കുമ്പോൾ
പട പടാ നെഞ്ചിലോർമ്മപ്പകിട-
കട്ടകളുരുളുന്നു…
കഴിഞ്ഞകാല പ്രണയ ഭേരിയുള്ളി-
ലലയടിക്കുമ്പോൾ നായ
കുരച്ചു ചാടുന്നു ബൗ… ബൗ..
കുരച്ചു ചാടുന്നു,
നശൂലമേ നീ കുരച്ചിടുന്നോ
കറുത്ത കാമുക സ്മരണയിൽ
ഞാൻ സ്വയം ലയിച്ചിരിക്കുമ്പോൾ
കുരച്ചു കൂവുന്നോ നീ.?
നായെ, എറിയുവാൻ
കൈകളുയർത്തവെ, ആരോ-
അദൃശ്യനായൊരാൾ തടയുന്നു
മെല്ലെ മൊഴിയുന്നു,
“വാ… പോകാം, സമയമായി”,
ചിരിച്ചിടുന്നു നായയും
കുരച്ചു കൊണ്ട്, ബൗ.. ബൗ..
വേലിപ്പടർപ്പിനു മേലെ പടർന്നിറങ്ങുന്ന
വെൺ മേഘപ്പരലുകൾ,
ദേ…കറുത്ത കാമുകൻ
കൈകാട്ടി വിളിച്ചിടുന്നിപ്പോൾ,
“വരൂ…. പെണ്ണേ….
മേഘ മണൽപ്പരപ്പിലും പ്രണയമുണ്ടല്ലോ”
തെളിഞ്ഞു കാണാം ദൂരെ
പ്രണയഹർഷത്താൽ
സപ്ത വർണ്ണ വരകൾ വാർമഴവിൽ,
ക്ഷണിപ്പവളെ,മാരിവിൽ ചിറകിലേക്ക്
“വരൂ…. പെണ്ണേ….
മേഘ മണൽപ്പരപ്പിലും പ്രണയമുണ്ടല്ലോ”
അവൾ വാനിൽ
അലിഞ്ഞു തീരുന്നു,
ഹാ.. മരണവുമിത്ര സുഖദമോ.?

സുരേഷ് പൊൻകുന്നം

By ivayana

Leave a Reply

Your email address will not be published. Required fields are marked *