രചന : നിജീഷ് മണിയൂർ ✍️
വിഹ്വലതകൾ തളം കെട്ടിയ തുരുത്ത്.
പ്രണയത്തിന്റെ കുതിരകൾ
സ്വപ്‌നങ്ങളെ ചവച്ചു തുപ്പി
സന്ധ്യയിലേക്ക്
പാഞ്ഞടുക്കുമ്പോൾ അവിടെയെരിയും ചിതയെയോർത്ത്
എൻ്റെ ‘ ഇന്നലകൾ ‘ നെടുവീർപ്പിട്ടിരുന്നു.
തുള വീണ ഓലപ്പുരയിൽ
വിൺ ചന്ദ്രൻ ഒളികണ്ണാൽ നോക്കവെ,
സ്വപ്‌നം കണ്ടിരുന്നു നീ
എന്തൊരു തേജസുറ്റ സ്വപ്നം!
ഞാൻ നിനക്ക് കരുതി വെക്കും
ഓട്ടു വളകളുടെ
മാദക കിങ്ങിണി നിന്റെ രാത്രികളെ പുൽകുമ്പോൾ……..
നീ ആ സ്വപ്‌നത്തിൻ്റെ നേർക്ക് പാഞ്ഞടുത്തിരുന്നു.
ഇന്ന്,
വാലന്റയിൻസ് ഡേ!
പ്രണയത്തിന്റെ തിരുനാൾ.
ഞാനറിയുന്നു…..
ചിതയൊടുങ്ങാത്ത സന്ധ്യയിൽ
നിന്റെ സ്വപ്നങ്ങൾ ചോര വാർന്നൊലിക്കുന്നത്…. …
നിന്നോടൊപ്പം ചിരിച്ചു വളർന്ന
ശിലാ ദൈവങ്ങൾ നിന്നെ പരിത്യജിച്ചത്.. ….
നിന്റെ ഓർമയിൽ കിലുങ്ങിയ
ഓട്ടു വളകൾ പൊട്ടിച്ചിതറിയത്…….
എന്നിട്ടും എന്റെ ചിന്തതൻ അഗ്നി തീരത്തു വന്ന്
നെടുവീർപ്പിടുന്നവളെ,
നിന്റെ സങ്കടങ്ങൾക്ക്
മറുവാക്കുരിയാടാതെ
ഞാൻ
മടങ്ങിടട്ടെ.
സന്ധ്യ വിഹ്വലതകൾ
തളം കെട്ടിയ
തുരുത്താണല്ലോ?