രചന : രാജേഷ് കോടനാട്✍️
ഷൺമുഖൻ
ഒരു മലഞ്ചരക്ക് വ്യാപാരിയാണ്
ഉറങ്ങിക്കിടക്കുന്ന പ്രഭാതത്തെ വിളിച്ചുണർത്തി അയാൾ
കാടും മലയും കയറും
മൂപ്പെത്തിയ
സ്വപ്നങ്ങൾ പറിച്ചെടുത്ത്
വലിയ വലിയ ചാക്കുകളിലാക്കി
കയറ്റുമതി ചെയ്യും
വെയിലുമൂക്കും മുമ്പേ
ഷൺമുഖൻ
കൊട്ടാരം കാവൽക്കാരനാവും
കൊട്ടാരം വാതിൽ തുറന്നാൽ
അയാൾ ഒരു ഭടനെപ്പോലെ
കൂർത്ത കുന്തമുനകളുമായി
രാജസദസ്സിലേക്കോടും
ഒറ്റക്കൊരു മൂലക്കിരുന്ന്
അരണ്ട വെളിച്ചത്തിൽ
ഇരുണ്ട ലോകത്തെ
മുടുമുടാ കുടിക്കും
പതുക്കെപ്പതുക്കെ
ഉരുണ്ടിറങ്ങി വന്ന
കറുത്തമുത്തുകളൊക്കെ
അയാൾ
ജർമ്മനിയിലേക്ക് നാടുകടത്തും
ഒരു ചുവന്ന അങ്കി
അയാളുടെ തിരുവസ്ത്രമായി മാറും
ലോകത്തിൻ്റെ
അടുത്തടുത്ത ലാർജുകളിൽ
മധുരനാരങ്ങയുടെ മണമുള്ള ജീവിതത്തെ
ഹെലികോപ്റ്ററിൽ കയറ്റി വിട്ട്
ചെനച്ച നക്ഷത്രപ്പഴങ്ങളെ
ഇറക്കുമതി ചെയ്യും
അലുക്കുവെച്ച നക്ഷത്രങ്ങൾ
അയാൾക്കൊരു
തലപ്പാവ് നെയ്യും
അതൊരു കിരീടമാവും
വറ്റിപ്പോവുന്ന ഇരുണ്ട ലോകത്തെ
അയാൾ
ഐസ്ക്യൂബുകളാൽ
ആർദ്രമാക്കും
കൊട്ടാരത്തിനകത്ത്
റബ്ബർ പാലിൻ്റെ
മണം പരക്കും
രഥചക്രങ്ങളഴിഞ്ഞ
യോദ്ധാവിനെപ്പോലെ
ഷൺമുഖൻ
പന്ത്രണ്ട് കണ്ണുകളുമായി
കൈകേയിയുടെ ചെറുവിരൽ പരതും!