രചന : പ്രിയ ബിജു ശിവകൃപ ✍️
“രാമൻകുട്ടി എപ്പോ വന്നു?”
രവിയേട്ടനാണ്
അയല്പക്കത്തെ സുമതിയമ്മായിയുടെ മകൻ
” രാവിലെ എത്തി.. “
” ജോലിയൊക്കെ എങ്ങനെ പോകുന്നു “
” കുഴപ്പമില്ല “
” രമയും പിള്ളേരും വന്നില്ലേ? “
” ഇല്ല അവർക്ക് ലീവില്ല “
” എന്താ വിശേഷം പെട്ടെന്ന് ഇങ്ങോട്ട് ? “
“പ്രേത്യേകിച്ചു ഒന്നുമില്ല… ഇങ്ങോട്ടേക്കു ഒന്ന് വരണമെന്ന് തോന്നി…”
” നന്നായി വീടും പറമ്പും നശിച്ചു പോകാതെ ഇടയ്ക്ക് വന്നു നോക്കിയിട്ടൊക്കെ പോകണം മോനെ. മാധവേട്ടന്റെ മനസ്സ് ഇവിടൊക്കെ തന്നെയുണ്ടാകും…
അല്ലാ ഇത് വിക്കാൻ പോവാണെന്ന് കേട്ടു… അത് വേണോ മോനെ നമ്മുടെ നാട്, വീട് എന്നൊക്കെ പറയാൻ എന്തെങ്കിലുമൊക്കെ വേണ്ടേ,.
ആ ഒരു ആത്മബന്ധം അത്ര പെട്ടെന്ന് വിട്ടുകളയാൻ പറ്റുമോ?
മാധവേട്ടന്റെ ആത്മാവ് ഒരുപാട് വേദനിക്കും… എല്ലാവരും ഉറങ്ങുന്ന മണ്ണല്ലേ മോനെ?
അത്തരം സെന്റിമെന്റ്സ് ഒന്നുമില്ലാത്ത തന്റെ ഭാര്യയുടെ മുഖവും വാക്കുകളും ഓർത്തപ്പോൾ രാമൻകുട്ടി നിശബ്ദനായി
അച്ഛനെ ഓർത്തപ്പോൾ രാമൻകുട്ടിയുടെ മനസ്സിൽ ഒരു തണുപ്പ് വീണു..
ഓർമ്മകളിൽ ആ കയ്യും പിടിച്ചു ഇതുവഴിയൊക്കെ നടന്നു പോകുന്നത് മുന്നിൽ തെളിഞ്ഞു..
” ഇന്ന് പണിക്കാർ ഉണ്ട്.. ഏർപ്പാട് ചെയ്തിട്ടാ ഇങ്ങോട്ടേക്കു പുറപ്പെട്ടത്..
പറഞ്ഞു തീർന്നപ്പോഴേക്കും അശോകേട്ടനും പിള്ളേരുമെത്തി പറമ്പ് വൃത്തിയാക്കാൻ..
” ആഹാ.. രാമൻ കുഞ്ഞ് എത്തിയോ രാവിലെ തന്നെ “
” എത്തി അശോകേട്ടാ.. അപ്പൊ തുടങ്ങുവല്ലേ? “
” പിന്നല്ലാതെ “
” ഇന്നല്ലേ വേലുച്ചേട്ടന്റെ അടക്കം “
തൂമ്പ തോളിലെടുത്തു പറമ്പിലേക്കിറങ്ങുന്നതിനിടയിൽ അശോകേട്ടൻ ചോദിച്ചു
” ആഹ്.. ഇന്ന് അങ്ങേരുടെ ഇളയമോൻ അറബി നാട്ടീന്നു വരും. അതുകൊണ്ടല്ലേ മോർച്ചറീൽ വച്ചിരുന്നേ “?
രവി പറഞ്ഞു…
“ഹാർട്ടറ്റാക്കായിരുന്നു. ആവുന്ന കാലത്ത് ഒരുപാട് കഷ്ടപ്പെട്ട് മക്കളെയെല്ലാം നല്ല നിലയിൽ എത്തിച്ചു പാവം. എല്ലു മുറിയെ പണിയെടുത്തു.
പക്ഷെ അവസാന കാലത്ത് തുള്ളി വെള്ളം കൊടുക്കാൻ ആരും ഉണ്ടായിരുന്നില്ല.. കെട്ട്യോൾ നേരത്തെ പോയി. മക്കൾ രണ്ടും വേറെ വീട് വച്ചു മാറി.പിന്നെ ഒറ്റയ്ക്കുള്ള ജീവിതം “
രാമൻകുട്ടി ഓർക്കുകയായിരുന്നു വേലുവേട്ടനെ
സ്കൂളിൽ പോകുമ്പോൾ എന്നും കാണും…
കോര മാപ്പിളയുടെ നിലമുഴുതു കൊണ്ട് വയലിൽ ഉണ്ടാവും “
രസം അതല്ല.. വേലുച്ചേട്ടന്റെ കൂടെ ആ സമയത്ത് കുറെ കൊറ്റികൾ ഉണ്ടാകും. തൂവെള്ളകൊറ്റികൾ..
ചിലപ്പോൾ അവ ഭയമില്ലാതെ വേലുച്ചേട്ടൻ വിശ്രമിക്കുമ്പോൾ അടുത്ത് വന്നിരിക്കുന്നത് കാണാമായിരുന്നു.
ആ കൊറ്റികളുടെ വെണ്മ പോലെയായിരുന്നു ആ മനസ്സും
അന്ന് വേലുച്ചേട്ടന്റെ ഭാര്യ ജാനകിയേടത്തി ഉണ്ടാക്കി കൊടുത്തു വിടുന്ന കപ്പപ്പുഴുക്ക് കഴിച്ചുകൊണ്ടിരിക്കുമ്പോൾ അത് വഴി പോവുകയാണെൽ ഞങ്ങൾ പിള്ളേരെ വിളിച്ചു എല്ലാവർക്കും ഉള്ളതിൽ പങ്ക് കൊടുക്കും…
ഇടയ്ക്ക് കൊറ്റികൾക്കും നുള്ളിയിട്ട് കൊടുക്കും..
എല്ലാവരോടും സ്നേഹമുള്ള പുഞ്ചിരിക്കുന്ന മനുഷ്യൻ
ചിലപ്പോൾ ആ മുഖം അവസാനമായി കാണാൻ വേണ്ടിയിട്ടാകും ഇങ്ങോട്ട് ഇപ്പോൾ വരാൻ തോന്നിയത്.
രാമൻകുട്ടി നെടുവീർപ്പെട്ടു.
അച്ഛന്റെയും അമ്മയുടെയും കുര്യാലയ്ക്ക് മുന്നിൽ എത്തിയപ്പോൾ അയാളുടെ ഉള്ളിൽ നൊമ്പരം നിറഞ്ഞു..
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മാത്രമാണ് ഓരോരുത്തരും സനാഥർ… അവരുടെ നിശ്വാസം നിലയ്ക്കുമ്പോൾ അനാഥത്വത്തിന്റെ പട്ടം പതിച്ചുതരും വിധി നമുക്ക്..
അയാളുടെ മനസ്സ് മൂകമായി കേണു…
അശോകേട്ടാ.. ആദ്യം ഇവിടെ വൃത്തിയാക്കു. പിന്നെ മതി ബാക്കിയൊക്കെ… കേട്ടോ?
ഏകദേശം ഉച്ചക്ക് ശേഷം
വേലിക്കൊന്നകൾ ഇരുവശവും അതിരുകൾ തീർക്കുന്ന ഇടവഴിയിലൂടെ ആംബുലൻസിന്റെ ഒച്ച കേട്ടു..
കൊണ്ടു വന്നെന്നാ തോന്നുന്നേ?
അശോകേട്ടൻ രാമൻകുട്ടിയോട് പറഞ്ഞു…
” എന്നാ ഞാൻ ഒന്ന് പോയിട്ട് വരാം “
” എനിക്കും ഒന്ന് കാണണമെന്നുണ്ടായിരുന്നു “
അശോകേട്ടൻ തല ചൊറിഞ്ഞു..
“പണിക്കെടേൽ എങ്ങനാ?
” ഓഹ് അതൊന്നും സാരമില്ല.. അശോകേട്ടൻ മേലൊന്ന് വൃത്തിയാക്കിയിട്ട് വാ. നമുക്കൊന്ന് പോയിട്ട് വരാം “
അവർ എത്തിയപ്പോഴേക്കും ആളുകളെക്കൊണ്ട് വീടും പരിസരവും നിറഞ്ഞിരുന്നു…
വെള്ളത്തുണികൊണ്ടു മൂടപ്പെട്ട് തണുത്തു മരവിച്ചു പെട്ടിക്കുള്ളിൽ വേലുവേട്ടൻ നീണ്ടു നിവർന്നു കിടക്കുന്നത് രാമൻകുട്ടി ഉൾക്കിടിലത്തോടെ കണ്ടു…
അയാൾക്ക് പെട്ടെന്ന് അച്ഛനെ ഓർമ്മ വന്നു. അച്ഛനും അനേക നാൾ ഒറ്റപെട്ടു ആ ഉമ്മറത്തിണ്ണയിൽ മക്കളും മരുമക്കളും കൊച്ചുമക്കളും വരുന്നതും നോക്കി എത്ര ദിവസം കാത്തിരുന്നിട്ടുണ്ടാകും..
ജോലിതിരക്കിനിടയിൽപെട്ട് കുടുംബകാര്യങ്ങൾക്കിടയിൽ നട്ടം തിരിയുന്നതിനിടയിൽ വിസ്‌മൃതിയിൽ ആണ്ടുപോയ മാതാപിതാക്കൾ.. അവരുടെ മനസ്സ് എന്ത് വേദനിച്ചാവും മരണത്തിലേക്ക് ഇറങ്ങിപ്പോയത്
മരണവീടിന്റെ തണുപ്പും ശൂന്യതയും അയാളെ പൊതിഞ്ഞു…
ഒരു നേർത്ത നിശ്വാസത്തോടെ തിരിഞ്ഞു നടക്കുമ്പോൾ അയാൾ അമ്പരപ്പോടെ കണ്ടു
വേലുവേട്ടന്റെ വീടിന്റെ ഇടത്തു വശത്തു നിന്ന വേലിക്കൊന്നയിൽ നിറയെ കൊറ്റികൾ…
വെള്ളക്കൊറ്റികൾ
✍🏻✍🏻✍🏻✍🏻