രചന : നടരാജൻ ബോണക്കാട്✍️
നീ പതുക്കെപ്പതുക്കെ മരിക്കാൻ തുടങ്ങുന്നു
നീ യാത്ര ചെയ്യുന്നില്ലെങ്കിൽ,
നീ വായിക്കുന്നില്ലെങ്കിൽ.
നീ ജീവിതത്തിന്റെ ശബ്ദങ്ങൾ ശ്രവിക്കുന്നില്ലെങ്കിൽ,
നീ നിന്നെത്തന്നെ വിലമതിക്കുന്നില്ലെങ്കിൽ.
നീ പതുക്കെപ്പതുക്കെ മരിക്കാൻ തുടങ്ങുന്നു
നീ നിന്റെ ആത്മാഭിമാനത്തെ കൊല്ലുമ്പോൾ;
നിന്നെ സഹായിക്കാൻ നീ മറ്റുള്ളവരെ അനുവദിക്കാതിരിക്കുമ്പോൾ.
നീ പതുക്കെപ്പതുക്കെ മരിക്കാൻ തുടങ്ങുന്നു
നീ നിന്റെ ശീലങ്ങളുടെ ഒരു അടിമയായിത്തീരുകയാണെങ്കിൽ,
എന്നും ഒരേ വഴികളിലൂടെ സഞ്ചരിക്കുകയാണെങ്കിൽ….
നിന്റെ പതിവ് രീതികൾ മാറ്റിയില്ലെങ്കിൽ,
നീ വ്യത്യസ്ത വർണ്ണങ്ങളണിഞ്ഞില്ലെങ്കിൽ
നിനക്കറിയാത്തവരോട്
നീ സംസാരിച്ചില്ലെങ്കിൽ.
നീ പതുക്കെപ്പതുക്കെ മരിക്കാൻ തുടങ്ങുന്നു
നിന്റെ കണ്ണുകൾ തിളക്കമുള്ളതും
നിന്റെ ഹൃദയമിടിപ്പുകൾ വേഗത്തിലാക്കുന്നതുമായ
നിന്റെ വികാരങ്ങളെയും
അവയുടെ പ്രക്ഷുബ്ധഭാവങ്ങളെയും അവഗണിക്കുകയാണെങ്കിൽ.
നീ പതുക്കെപ്പതുക്കെ മരിക്കാൻ തുടങ്ങുന്നു,
നീ ചെയ്യുന്ന ജോലിയിൽ,
അല്ലെങ്കിൽ നിന്റെ പ്രണയത്തിൽ
നീ അതൃപ്തനാകുമ്പോൾ
നീ നിന്റെ ജീവിതത്തെ മാറ്റിയില്ലെങ്കിൽ.
തീർച്ചയില്ലാത്തവയ്ക്കുവേണ്ടിയുള്ള സുരക്ഷിതത്വങ്ങളെ
നീ അപകടപ്പെടുത്തുന്നില്ലെങ്കിൽ,
നീ ഒരു സ്വപ്നത്തിനു പുറകേ പോകുന്നില്ലെങ്കിൽ,
വിവേകപൂർണ്ണമായ ഉപദേശങ്ങളിൽ നിന്നും
ജീവിതകാലത്ത് ഒരിക്കലെങ്കിലും ഓടിപ്പോകാൻ
നീ നിന്നെത്തന്നെ അനുവദിച്ചില്ലെങ്കിൽ.
(സ്പാനിഷ്)
പരിഭാഷ ഇംഗ്ലീഷിൽനിന്ന്
നടരാജൻ ബോണക്കാട്
/ഇംഗ്ലീഷ് വിവർത്തനം