രചന : യൂസഫ് ഇരിങ്ങൽ✍️
ഒരിക്കൽ ഒരു കവിതയിൽ നിന്ന്
ഒരുവൾ അവിചാരിതമായി
മുന്നിൽ വന്നു നിന്നു
ഞാൻ സ്ഥിരമായി കവിതയിലെ
ചില്ലു കൂട്ടിൽ ഇരുത്തിതാണല്ലോ
എങ്ങിനെ പുറത്തു ചാടി എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു
കവിതയിൽ മാത്രമാണ്
ചന്ദനക്കുറിയും തുളസിക്കതിരും
കാച്ചെണ്ണ മണവും
നേരിൽ കാണുമ്പോൾ
വിലകൂടിയ ഷാംപൂതേച്ചു മിനുക്കിയ മുടിയിഴകൾ കാറ്റിൽ അനുസരണയില്ലാതെ
പാറിപ്പറക്കുന്നുണ്ടായിരുന്നു
കണ്ണുകൾ എഴുതി വെച്ചപോലെ
പ്രണയം കൊണ്ട്
തിളങ്ങുന്നുണ്ടായിരുന്നില്ല
ജോലിഭാരവും ക്ഷീണവും കൊണ്ട്
ചത്തു കിടക്കുകയായിരുന്നു
വാക്കുകൾ നാണം കൊണ്ട്
പൊതിഞ്ഞു പിടിച്ചിരുന്നില്ല
വലിയൊരു ക്ലാസ് മുറിയിൽ
അക്ഷമരായ കുട്ടികളെന്നപോലെ
ചുറ്റിലും ഓടിക്കളിക്കുകയായിരുന്നു
കവിളുകൾ നാണം കൊണ്ട്
ചുവക്കുകയോ
നുണക്കുഴികൾ തെളിഞ്ഞു
കാണുകയോ ചെയ്തില്ല
വെയിലേറ്റ് വാടിപ്പോയ നെറ്റിയിൽ വിയർപ്പുതുള്ളികൾ
മാത്രം തെളിഞ്ഞു നിന്നു
എപ്പോഴും മധുരം കിനിയുന്ന
പഴയ ഓർമ്മകളെ കുറിച്ചല്ല
കുട്ടികളില്ലാത്തതിന്റെ
സങ്കടങ്ങളെക്കുറിച്ചും
സ്നേഹനിധിയായ
ഭർത്താവിനെ കുറിച്ചുമാണ്
വാതോരാതെ പറഞ്ഞത്
പ്രണയം പൊതിഞ്ഞ
എന്റെ നോട്ടങ്ങളെ
വാക്കുകളെ
നരച്ചു മങ്ങിയൊരു
ചിരി കൊണ്ട് മാത്രമാണ് നേരിട്ടത്
കവികൾ കള്ളന്മാരാണെന്ന്
നീ പറഞ്ഞത്
എത്ര സത്യമാണ്
–