രചന : ദിവ്യ സി ആർ ✍️
December 3
” എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്..?”
“ഇതിലും ഭേദം മരിക്കുന്നതല്ലേ..?”
ഇത്തരം ചിന്തകൾ വേരോടാത്ത മനുഷ്യരുണ്ടാവില്ല.
മരണത്തെകുറിച്ച് ചിന്തിക്കുമ്പോഴും, ദാ.. മരണം പുണരുന്നുവെന്ന് തിരിച്ചറിയുന്ന നിമിഷം.!
ജീവിതത്തെ അഗാധമായി തിരിച്ചുകിട്ടാൻ നിങ്ങൾ യാചിച്ചിട്ടുണ്ടോ..?
എന്തൊക്കെയോ ഉണ്ടെന്ന ധാരണയിൽ അഹങ്കരിക്കുന്ന മനുഷ്യരെ..
സമ്പാദിച്ചുവച്ചതും വെട്ടിപ്പിടിച്ചതും ഒന്നുമൊന്നും പകരമല്ലാതായി തീരുന്ന ജീവിതത്തെക്കുറിച്ചുള്ള യാഥാർഥ്യം ബോധ്യപ്പെടുന്ന നിമിഷങ്ങളാണത്.
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അത്തരമൊരു യാത്രയുടെ ഓർമ്മദിനമാണ് എനിക്ക് ഡിസംബർ 3.
സ്വപ്നങ്ങളുടെ നനുത്ത മഞ്ഞുകാലം, പക്ഷേ എനിക്ക് സമ്മാനിച്ചത് പൊള്ളുന്ന ജീവിതാനുഭവങ്ങളും വേദനാജനകമായ നഷ്ടപ്പെടലുകളുടെ ഒരു ഇരുണ്ട കാലം കൂടിയാണ്.
2021 ഡിസംബർ 3
കോവിഡ് എന്ന കാമുകൻ അഗാധമായി പ്രണയിച്ച്, ഭോഗിച്ചിറങ്ങിപ്പോയെങ്കിലും; സമ്മാനിച്ചു പോയ അവശേഷിപ്പുകൾ ഇന്നുമെന്നെ അസ്വസ്ഥപ്പെടുന്നുണ്ടെങ്കിലും പിന്നാലെ കടന്നുവന്ന വർഷങ്ങളിലെ നവംബർ – ഡിസംബർ മാസങ്ങൾ സംഭവബഹുലമായ അനുഭവങ്ങളുടെ കഥയും തിരക്കഥയും പകർത്തിയെഴുതിക്കൊണ്ടേയിരിക്കുന്നു.
ഓരോ ദിനവും കഴിഞ്ഞ ദിവസത്തിന്റെ തുടർച്ചയെന്നതിനാൽ വരും വർഷങ്ങളെക്കുറിച്ചും അമിതമായ പ്രതീക്ഷകളോ ആശങ്കകളോ എനിക്കില്ല..
“എന്തുവന്നാലും എനിക്കാസ്വദിക്കണം
മുന്തിരിച്ചാറു പോലുള്ളൊരു ജീവിതം.!”
ചങ്ങമ്പുഴ (രമണൻ)