രചന : കുന്നത്തൂർ ശിവരാജൻ✍️
ഇങ്ങനെയുണ്ടോ ഒരു വേനൽ മഴ? ഏറെ നേരമായി മഴ ചന്നം ചിന്നം പെയ്യുകയാണ്. ഇനി എപ്പോഴാണ് ഇതൊന്നു തോരുക?
ചേച്ചിയുമായുള്ള വാഗ്വാദം ചിലപ്പോഴൊക്കെ അതിരുവിട്ടു പോകുന്നുണ്ടെന്ന് ദേവയാനിക്കും തോന്നി. ചെറുപ്പത്തിൽ കഷ്ടപ്പെട്ടതും കരുതിയതും നോക്കിയതും എണ്ണി പറഞ്ഞു വന്നിരിക്കുന്നു. അവർക്ക് ഒരുആൺ തരി അല്ലേ ഉള്ളൂ? തനിക്ക് ആകട്ടെ മൂന്ന് പെൺമക്കളും.
തനിക്ക് ഓർമ്മവച്ച നാൾമുതൽ അച്ഛനും അമ്മയും തമ്മിൽ പിണങ്ങി കഴിഞ്ഞിരുന്നവർ. തനിക്ക് അഞ്ചു വയസ്സായപ്പോഴാണ് അവർ തമ്മിൽ തെറ്റുന്നത്. ചേച്ചിക്ക് പത്തും.
കേസും കോടതിയുമായി നടക്കുന്ന അച്ഛൻ ഇടയ്ക്കൊക്കെ തങ്ങളോടും ദേഷ്യപ്പെട്ടിരുന്നു. വല്ലാത്തൊരു ശുണ്ഠി. എന്നാൽ ചിലപ്പോഴാകട്ടെ വാത്സല്യം കൊണ്ട് വീർപ്പ് മുട്ടിക്കും.
ഇഷ്ടപ്പെട്ടതൊക്കെ വാങ്ങിത്തരും.ഉത്സവങ്ങൾക്ക്കൂടെ കൊണ്ടുപോകും.
അമ്മ എന്നൊരു വാക്ക് വീടിനുള്ളിൽ ഉരുവിടരുതെന്നായി രുന്നു താക്കീത്. അങ്ങോട്ട് ആരും ഒന്നും പറഞ്ഞില്ലെങ്കിലും അമ്മയെ സ്നേഹിച്ചിരുന്നതും അമ്മ ചതിച്ചതും എണ്ണിപ്പറഞ്ഞു സങ്കടപ്പെടാറുണ്ടായിരുന്നു അച്ഛൻ.
എത്രയോ വർഷം അമ്മയെ തങ്ങൾക്ക് ഒരു നോക്ക് കാണുവാൻ പോലും കഴിഞ്ഞില്ല. അമ്മയുമായി എന്തെങ്കിലും അടുപ്പം ഉണ്ടെങ്കിൽ, അങ്ങനെ അറിഞ്ഞാൽ അമ്മയെ ഇറക്കി വിട്ടതുപോലെ തങ്ങളെയും വിടുമെന്നും അതല്ലെങ്കിൽ കൊന്നുകളയും എന്നും ഇടയ്ക്കൊക്കെ അച്ഛൻ ഭീഷണിപ്പെടുത്തിയിരുന്നു
എങ്കിലും കോളേജിൽ പഠിക്കുന്ന കാലത്ത് ചേച്ചി രഹസ്യമായി അമ്മയുടെ ഓഫീസിൽ പോകുമായിരുന്നു.
ചേച്ചിയുടെ വിവാഹത്തിന് ഒരു മാസം മുൻപാണ് അച്ഛൻ അക്കാര്യം അറിഞ്ഞത്…
‘ അച്ഛനെന്നോട് ക്ഷമിക്കണം. എനിക്ക് സ്ത്രീധനമൊപ്പിക്കാൻ… വസ്തു വിൽക്കാൻ അച്ഛൻ എത്ര ക്ലേശിക്കുന്നു.എന്തിനാണ് നൂറ്റൊന്ന് പവൻ കൊടുക്കാമെന്ന് പറഞ്ഞത്?’
‘ അതിൽ കുറയ്ക്കാൻ പറ്റില്ല. അത്രയുമില്ലാതെ ഇറക്കി വിടാനോ?
അപ്പോൾ നിന്റെ അമ്മയുടെ മുന്നിലും നാട്ടുകാരുടെ മുന്നിലും ഞാൻ എത്ര ചെറുതാകും?’
‘ വന്നവരൊന്നും ചോദിച്ചില്ലല്ലോ. ഉള്ളതു മതി ‘
‘ ഇരുപത് ഒത്തു… ഇനി ബാക്കി വേണം ‘
ചേച്ചി വലുതായി പൊട്ടിക്കരഞ്ഞു. അച്ഛന്റെ കാൽക്കൽ വീണു. കഥയറിയാതെ താരും കരഞ്ഞു.
‘ എന്താ മോളെ പറ. ഈ കല്യാണം വേണ്ട?’
‘അല്ല ‘
‘നിനക്ക് മറ്റ് ആരോടേലും ഇഷ്ടമാണോ?’
‘ അല്ല ‘
‘ ഈ ചെറുക്കനെ വേണ്ടേ?’
‘അല്ല ‘
‘പിന്നെന്താണ്?’
‘ ഇല്ല.ഞാൻ പറയില്ല.അച്ഛൻ എന്നോട് പൊറുക്കില്ല.’
‘ നീയെന്ത് അപരാധമാണ് ചെയ്തത്? നീ എന്റെ ജീവനല്ലേ?
എന്റെ പൊന്നു മോളല്ലേ?
ഞാൻ ക്ഷമിക്കും നീ കാര്യം പറ.’
‘ അച്ഛൻ എന്നോട് ദേഷ്യപ്പെടില്ലെന്ന് സത്യം ചെയ്യണം ‘
അച്ഛൻ ചേച്ചിക്ക് ഉറപ്പു കൊടുത്തു.
മടിച്ചും ഭയപ്പെട്ടും ചേച്ചി എല്ലാം പറഞ്ഞു…
അമ്മയെ കണ്ടതും രാജീവിന്റെ അക്കൗണ്ടിലേക്ക് അമ്മ പതിനഞ്ചു ലക്ഷം കൈമാറിയതും എല്ലാം. സ്വർണ്ണം അവർവാങ്ങിക്കൊണ്ടു വരും.
അച്ഛൻ ഒരു നടുക്കത്തോടെ എല്ലാം കേട്ട് സ്തംഭിച്ച് നിന്നു.
ഏറെനേരം ആരോടും ഒന്നും ഉരിയാടാതെ തളർന്നു ചാരുകസേര യിൽ കിടന്നു.
ഇടയ്ക്കൊക്കെ അച്ഛൻ വിതുമ്പുന്നുണ്ടായിരുന്നു.
അമ്മയിൽ നിന്നും തങ്ങളെ വേർപെടുത്തിയത് ഓർത്താണോ? ചേച്ചിയോട് അമ്മ കണ്ണീരിൽ ചാലിച്ച് പറഞ്ഞത് കേട്ടാണോ? അവിശ്വാസം തന്നിൽ അതിന്റെ മൂർദ്ധന്യത്തിൽ നിറഞ്ഞതുകൊണ്ടാണോ?
നേരം പുലർന്നു.ഒന്നും പതിവിന് വിരുദ്ധമായി സംഭവിച്ചില്ല.
കല്യാണം നടന്നു.
പിന്നീട് അച്ഛൻ ആ വീട്ടിലേക്ക് പോയില്ലെന്ന് മാത്രമല്ല ചേച്ചിയെ സ്വന്തം വീട് വിലക്കുകയും ചെയ്തു…
‘ അവനും നിനക്കുണ്ടാകുന്ന മക്കൾക്കും വരാം. നീ ഇനി ഈ വീട്ടിലേക്ക് വന്നേക്കരുത് ‘
അടുത്ത നാൾ ചേച്ചിവന്നു. മുറ്റത്തുനിന്നു…
അന്നും ഇതേ പോലെ മഴ ചന്നം ചിന്നം പെയ്തുകൊണ്ടിരുന്നു.
ആൾക്കാരൊക്കെ കൂടി.
അച്ഛൻ വാശിക്കാരൻ ആയി തുടർന്നു.
ഒടുവിൽ അന്ന് ചേച്ചി കെഞ്ചിയുംകരഞ്ഞും മടങ്ങിപ്പോയി.
‘ ദേവയാനീ നിനക്കും അമ്മയെ വേണമെങ്കിലും ആകാം. ഓർക്കുക അപ്പോൾ നിനക്കും വാസന്തിയുടെ വഴിയാകും.അങ്ങനെയൊരു മകൾ എനിക്ക് ഇല്ല. ഒരു സെന്റ് തുണ്ട് പോലും അവൾക്ക് കൊടുക്കില്ല.’
പിന്നീട് അച്ഛന് പലപ്പോഴും ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടിവന്നു. ഹാർട്ടിന് ഇറെഗുലർ ബീറ്റിംഗ്.
അച്ഛന് എപ്പോഴും ചിന്ത തന്നെ. ഇടയ്ക്കൊക്കെ കണ്ണീരൊലിപ്പിക്കുന്നതും കാണാം.
ഒരു അറ്റാക്ക് കഴിഞ്ഞാൽ മൂന്നു മാസം കഴിയുമ്പോഴേക്കും അടുത്തതായി.
അച്ഛനെ നിരാശ പിടികൂടി. ധൈര്യവും ശൗര്യവും എല്ലാം പമ്പ കടന്നു. ഏറെ നേരവും മൗനി. കുളിക്കണമെന്നില്ല ക്ഷൗരം ചെയ്യണമെന്നില്ല. ആരെങ്കിലും പറഞ്ഞാൽ അനുസരിക്കും അത്രതന്നെ.
‘ ഇനി എത്രയും പെട്ടെന്ന് നിന്റെ കല്യാണം നടത്തണം. കഴിഞ്ഞ ചിങ്ങത്തിലേ പതിനെട്ടു കഴിഞ്ഞു.
ഇനി നീട്ടെണ്ട. ഞാനിനി എത്ര നാളെ ന്നാ? ശങ്കരൻ ബ്രോക്കർ ഒരു ആലോചന കൊണ്ടുവന്നിട്ടുണ്ട്. ഗൾഫ്കാരനാ.പയ്യന്റെ ആൾക്കാരൊക്കെ തരക്കേടില്ലെന്ന് പറഞ്ഞു. ഭേദപ്പെട്ട കുടുംബം. കേട്ടിടത്തോളം അതങ്ങ് ഉറപ്പിക്കണം. ആകെക്കൂടി ഒരു മാസത്തെ ലീവേയുള്ളൂ. മൂന്നുമാസം കഴിഞ്ഞ് നിന്നെയും കൂടി അങ്ങ് കൊണ്ടുപോകും ‘
‘ ഞാനെങ്ങും പോകുന്നില്ല… അച്ഛനെ ആരു നോക്കും?’
‘ വാസുദേവൻ ഏറെനാളായി എന്നെക്കൂടി അനാഥാലയത്തിലേക്ക് ഒരു കൂട്ടിന് വിളിക്കുന്നു. അവനെന്റെ ബാല്യകാല സുഹൃത്തല്ലേ? അത്യാവശ്യം കെയർ ഒക്കെ അവിടെ കിട്ടും.’
എല്ലാം വേഗം നടന്നു.
താങ്കൾ ഗൾഫിലേക്കും.
പിന്നെയും പത്തു വർഷങ്ങൾ കൂടി കഴിഞ്ഞാണ് അച്ഛൻ മരിച്ചത്.
തങ്ങൾ നാട്ടിൽ തിരിച്ചെത്തിയിട്ട് ഒരാണ്ട് കഴിഞ്ഞു.
ചേച്ചി ഓഹരിയുടെ കാര്യം പറഞ്ഞതാണ് കലപില കൂട്ടുന്നത്.
അച്ഛൻ തനിക്ക് തന്ന ഒരേക്കറിൽ പകുതി നൽകണമെന്ന്.
പക്ഷേ അതിനു ലോണെടു ത്താണ് തങ്ങൾ വീട് പുതുക്കി പണിതത്.
ഇത്രകാലം കഴിഞ്ഞില്ലേ?
ഇനി ഒന്നും നടക്കില്ല?
അവർ കേസ് കൊടുക്കും പോൽ!
കൊടുക്കട്ടെ.
‘ ഗേറ്റിന് അടുത്ത് ചെന്ന ചേച്ചി ധൃതിപ്പെട്ട് തിരികെ വന്നു. ഭർത്താവിന്റെ ചിട്ടി കമ്പനി പൊട്ടിയ കഥ വീണ്ടും പറയാനാണോ?
‘ അമ്മ…അച്ഛനെ പോലെയല്ല. അമ്മയുടെ ഓഹരിയിൽ പകുതി നിനക്ക് ഉണ്ട്.അതാരും കയ്യേറിയില്ല.
വീണ്ടും പറയുവാ…അച്ഛന്റെ വീതം എനിക്കും വേണം. അടുത്ത ആഴ്ച എഴുതി കിട്ടണം.’
അത്രയും പറഞ്ഞിട്ട് വേഗം നടന്നു മറഞ്ഞു.
മഴ ശക്തിപ്പെടാൻ തുടങ്ങി.
നെഞ്ചിലാകട്ടെ ആരോ തീ കോരിയിട്ടതു പോലെ!
ഉത്തരമില്ലാത്ത സമസ്യയിൽ,
ചുഴിയിൽ അകപ്പെട്ടതുപോലെ!!