രചന : വിഷ്ണു പ്രസാദ് ✍️
എല്ലാ വീഴ്ച്ചകളും വീഴ്ച്ചകളല്ല,
ചിലത് ചരിത്രത്തെ കുതിപ്പിക്കുന്ന ഒരു പ്രവൃത്തി,
കൂടുതൽ മികച്ച ലോകത്തേക്കുള്ള ഒരു സ്വിച്ചമർത്തൽ.
പ്രിയപ്പെട്ട ന്യൂട്ടൻ ,
നിങ്ങൾ ആപ്പിൾ മരത്തിന്റെ ചുവട്ടിൽ ഇരുന്നോ ഇല്ലയോ എന്നത് ഒരു വിവാദ വിഷയമാണ്.
ആപ്പിൾ വീണത് നിങ്ങൾ കണ്ടിട്ടേ ഉള്ളൂ എന്ന് പലരും പറയുന്നു.
ഞാനത് വിശ്വസിക്കുന്നില്ല.
ആപ്പിൾ നിങ്ങളുടെ തലയ്ക്ക് തന്നെയാണ് വീണത്.
നിങ്ങൾ എന്തിനാണ് ആപ്പിൾ മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നത്?
സിദ്ധാർത്ഥൻ ബോധി വൃക്ഷച്ചുവട്ടിൽ ഇരുന്നതുപോലെ ഇരുന്നതാണോ?
സിദ്ധാർത്ഥന് ഉപേക്ഷിക്കാൻ ഒരു ഭാര്യയുണ്ടായിരുന്നു.
നിങ്ങൾക്ക് ഉപേക്ഷിക്കാനോ വഴക്കിടാനോ
ഒരു ഭാര്യ പോലും ഉണ്ടായിരുന്നില്ലല്ലോ?
അല്ലെങ്കിലും വഴക്കിടുന്നവർക്ക് ലോകത്ത് പുതിയതൊന്നും കണ്ടെത്താനാവില്ല.
ന്യൂട്ടൻ ,
താങ്കൾ എന്നെങ്കിലും വരുമെന്ന് വിചാരിച്ച്
ആപ്പിൾ മരം ഏതെങ്കിലും കർഷകൻ നട്ടതാണോ?
നിങ്ങൾ വരുന്നത് കണക്കാക്കി രൂപപ്പെടുകയും പാകപ്പെടുകയും ചെയ്തതാണോ
ആ ആപ്പിൾ ?
കൃത്യം നടക്കുമ്പോൾ
കൃത്യം ആപ്പിളിന് ചുവട്ടിൽ തന്നെ നിങ്ങളെ ഇരുത്തിയത് ആരാണ് ?
യാദൃച്ഛികത,യാദൃച്ഛികത,യാദൃച്ഛികത എന്ന വിധിയിൽ വിശ്വാസികളുടെ കോടതി പിരിഞ്ഞു പോകട്ടെ.
(പോകുമോ?)
ന്യൂട്ടൻ ,
നിങ്ങൾ ആപ്പിൾ മരച്ചുവിട്ടിൽ ഇരിക്കുന്നു.
ആപ്പിൾ ഞെട്ടറ്റു വീഴുന്നു. അതിൻറെ വീഴ്ച നൂറ്റാണ്ടുകളുടെ മന്ദതയും
സ്ഫോടനാത്മകതയും ആവഹിക്കുന്നു.
സാധാരണ ഒരു ആപ്പിൾ വീഴുന്നത് പോലെയല്ല അത്.
ആ ആപ്പിൾ നിങ്ങളുടെ തലയിൽ വീഴുന്നതിനിടയിൽ ലോകത്തിൻറെ തലവിധി മാറുന്നു.
ലോകം അട്ടിമറിയുന്നു
പ്രപഞ്ചം ഉടച്ചുവാർക്കാനുള്ള സിഗ്നൽ ലഭിക്കുന്നു.
*വിമാനങ്ങൾ ആകാശത്തേക്ക് കുതിക്കുന്നു.
റോക്കറ്റുകൾ ബഹിരാകാശത്തേക്ക് കുതിക്കുന്നു
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തുന്നു
കൃത്രിമ ഉപഗ്രഹങ്ങൾ ഭൂമിക്കു മുകളിൽ ഇരിപ്പുറപ്പിക്കുന്നു ടെലിവിഷനും ഇന്റർനെറ്റും സ്മാർട്ട്ഫോണും സാധ്യമാകുന്നു
സോഷ്യൽ മീഡിയയിൽ മനുഷ്യരായ മനുഷ്യരുടെ കടൽ ഉണ്ടാകുന്നു
ഇലോൺ മസ്ക് ഒരു ഏലിയൻ ആണെന്ന റീൽ
നമ്മൾ സ്ക്രോൾ ചെയ്തു പോകുന്നു
(പ്രിയപ്പെട്ട ന്യൂട്ടൻ
ആ ആപ്പിൾ താങ്കളുടെ തലയിൽ വീണില്ലായിരുന്നെങ്കിൽ
ഭൂഗുരുത്വ നിയമങ്ങൾ
ഉണ്ടാകുമോ?
അത് ഉണ്ടായിരുന്നില്ലെങ്കിൽ
ഇതെല്ലാം സംഭവ്യമോ? )
1687 ലെ ആ ആപ്പിൾ മരം നശിച്ചു.
പക്ഷേ,
ആ ആപ്പിളിൻ്റെ വീഴ്ച്ച ലോകത്തിനുണ്ടാക്കിയ കുതിപ്പ് അവസാനിച്ചിട്ടില്ല.
എല്ലാ വീഴ്ച്ചകളും വീഴ്ച്ചകളല്ല.
ചിലത് അതിസുന്ദരമായ ലോകത്തേക്കുള്ള ഒരു തുറവി .
ന്യൂട്ടൻ,
ഞാൻ നിങ്ങളെ വിലകുറച്ചു കാണുകയല്ല.
നിങ്ങളോട് നന്ദിയുണ്ട്.
പക്ഷേ, ആ ആപ്പിൾ ലോകത്തിൻ്റെ ചരിത്രത്തോട് ചെയ്തത് ഞാൻ എങ്ങനെ മറക്കും?
നിങ്ങളെ ആ ആപ്പിൾ ചെയ്തതെന്താണെന്ന്
ഞങ്ങൾക്കറിയാം.
പറയൂ നിങ്ങൾ ആ ആപ്പിൾ എന്തു ചെയ്തു?
♦️
ആദം ഓർമ്മിക്കുന്നു:
ആപ്പിൾ എപ്പോഴും
ഒരു പ്രശ്നമായിരുന്നുവെന്ന് .
♦️
- വിശാലമായ കാലത്തെ പരിഗണിക്കുമ്പോൾ നൂറ്റാണ്ടുകൾക്ക് കുമിളകളുടെ ജീവിത ദൈർഘ്യമേയുള്ളൂ
അല്ലേ , ന്യൂട്ടൻ?