രചന : ജിൻസ് സ്കറിയ ✍️
മൈലേജല്ല ബിൽഡ് ക്വാളിറ്റിയാണ് നോക്കേണ്ടത്, ഡ്രൈവിംഗ് സംസ്കാരം വരട്ടെ !!!!
മഴയത്ത് ഓവർ സ്പീഡ്, ഓവർടേക്ക്. ഒരു ഇരുപത് വയസ്സുകാരന്റെ, ഒരുനിമിഷത്തെ കൈവിട്ട തോന്നലിൽ, പോയത് അവന്റെ സഹപാഠികളും ഉറ്റ കൂട്ടുകാരുമടക്കം നാളത്തെ ഭാവി ഡോക്ടർമാരാവേണ്ട 5 മിടുക്കർ. ഒരാളുടെ ആവേശവും അശ്രദ്ധയും കൊണ്ട്, തോരാത്ത കണ്ണീർ ഒഴുകിപ്പരന്നത് അഞ്ച് കുടുംബങ്ങളിൽ.
ഏത് ആംഗിളിൽ നിന്ന് നോക്കിയാലും വ്യക്തമാണ്, ഈ അപകടത്തിന്റെ കാരണം ആ ടവേര കാർ ഓടിച്ചവനാണ്. 7 പേര് കയറേണ്ട വണ്ടിയിൽ 12 പേര് കയറിയതുകൊണ്ടാണ്.
നിലവിൽ, കേരളത്തിലെ ഏറ്റവും സുരക്ഷിതമായതും, ഉയർന്ന സ്പീഡിൽ പോകാൻ അനുവാദമുള്ളതും, മനോഹരവുമായ പാത ഏതാണ്..? തൃശൂർ മണ്ണുത്തി മുതൽ പാലക്കാട് വാളയാർ വരെ. സേഫ് സോണിൽ, നിയമം അനുവദിച്ച 110 സ്പീഡിൽ അതിലേ പോകാം. പക്ഷേ, മഴ വന്നാൽ അത് നേർ പകുതിയാകും. റോഡിന്റെയും ടയറിന്റെയും ഇടയിലുള്ള ജലത്തിന്റെ പാളികൾ എക്സ്പീരിയൻസിനെ, കണക്കുകൂട്ടലുകളെ കബളിപ്പിക്കും. സ്‌പോർട് മോഡ് മാറ്റി എക്കോ മോഡിലേക്ക് ഇടുന്നതാണ് വിവേകം. ഇതേ റോഡ് തന്നെയാണ് മണ്ണുത്തി മുതൽ അങ്കമാലിവരെയുള്ളത്. പക്ഷെ, വാഹനപ്പെരുപ്പം കൂടുതലാണ്. 100′ ലേക്ക് എത്തിയാൽതന്നെ ശ്രദ്ധ കൂടുതൽ കൊടുക്കേണ്ടതുണ്ട്.
ദിവസവും 12 പേര് മരണപ്പെടുന്ന കേരളത്തിൽ വാഹനമോടിക്കുന്നത് ഹിമാലയൻ ടാസ്‌ക്കാണ്, എപ്പോഴും ഒരു ഭാഗ്യത്തിന്റെ തുണകൂടി വേണ്ടതാണ്. കഴിയുമെങ്കിൽ മൈലേജ് നോക്കി വണ്ടി മേടിക്കാതിരിക്കുക. ബിൽഡ് ക്വാളിറ്റിക്ക് പ്രാധാന്യം കൊടുക്കുക.
ഡ്രൈവിങ് സീറ്റിൽ ഏത് തമ്പുരാൻ കയറിയാലും അയാൾ പിന്നെ ഡ്രൈവർ മാത്രമാണ്. റോഡിലൂടെ റോൾസ് റോയ്‌സ് പോകുമ്പോഴും അതൊരു വാഹനം മാത്രമാണ്. ഡ്രൈവിംഗ് എന്നത് ഒരാളുടെ പേഴ്സണാലിറ്റിയുടെ ഭാഗമാണ്, ഒരാളിലെ സംസ്കാരത്തിന്റെ അളവ് കോലാണ്. ക്ഷമ, പ്രാപ്തി, പരിഗണന, വിവേകം, വിശാലമായ കാഴ്ചപ്പാട്, കാര്യങ്ങളെ മുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവ്, നിയമങ്ങളെ അനുസരിക്കണോ നിഷേധിക്കണോ എന്ന മനസ്സിന്റെ തൃഷ്ണ, പലരീതിയിലുള്ള ഭൗതികമായ കണക്കുകൂട്ടലുകൾ, വിവിധ സൈക്കോളജിക്കൽ മൂവ്മെന്റുകൾ ഇങ്ങനെ ഒരാളിൽ ഇതെല്ലാം ഒത്തുചേർന്ന് പ്രവർത്തിക്കേണ്ട സമയം. തലയിൽ നിന്നും ഉദിച്ച് കൈകാലുകളിലൂടെ വരുന്ന നിർദ്ദേശങ്ങൾ പിഴക്കാതെ പോയാൽ വീട്ടിലെത്താം.
”അപകടങ്ങൾ കുറയട്ടെ” എന്ന് ആഗ്രഹിക്കാനേ കഴിയൂ, നിയമങ്ങൾക്കും ശിക്ഷകൾക്കുമപ്പുറം ഡ്രൈവിംഗ് ഒരു നല്ല സംസ്കാരമാകുമ്പോഴേ ആ ആഗ്രഹം സഫലമാകൂ.
ഇത് സൂക്ഷിക്കണം
വെള്ളം കെട്ടി നിൽക്കുന്ന റോഡിൽ വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്റെ പമ്പിങ് ആക്‌ഷൻ മൂലം ടയറിനു താഴെ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയിൽ ടയർ റോഡിൽ സ്പർശിക്കുന്നിടത്തെ ജലം ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ (Impeller action) ചാലുകളിൽ കൂടി (Spill way)പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള കോൺടാക്ട് നിലനിർത്തും എന്നാൽ ടയറിന്റെ വേഗം (Peripheral speed) കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമർദ്ദത്തിൽ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിൾ അല്ലാത്തതുകൊണ്ടു തന്നെ ഈ മർദ്ദം മൂലം ടയർ റോഡിൽനിന്ന് ഉയരുകയും ചെയ്യും.
അങ്ങിനെ ടയറിന്റെയും റോഡിന്റെയും ബന്ധം വിച്ഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ് അഥവാ അക്വാപ്ലെയിനിങ്.
റോഡും ടയറുമായുള്ള സമ്പർക്കം വേർപെടുന്നതോടു കൂടി ബ്രേക്കിന്റെയും സ്റ്റിയറിങ്ങിന്റെയും ആക്സിലറേറ്ററിന്റെയും പ്രവർത്തനം സാദ്ധ്യമല്ലാതെ വരികയും വാഹനത്തിന്റെ നിയന്ത്രണം പൂർണമായും ഡ്രൈവർക്കു നഷ്ടമാകുകയും ചെയ്യും. അത് വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു തെന്നി മറിയാൻ ഇടയാക്കും.വാഹനത്തിന്റെ വേഗം വർധിക്കുന്നതോടെ ഹൈഡ്രോപ്ലെയിനിങ് സാധ്യതയും കൂടുന്നു. മാത്രമല്ല ടയർ തേയ്മാനം മൂലം ടയറിന്റെ സ്പിൽവേയുടെ കനം (groove) കുറയുന്നതോടെ പമ്പിങ് കപ്പാസിറ്റി കുറയുന്നതും അക്വാപ്ലെയിനിങ്ങിനു കാരണമാകും.
ത്രെഡ് ഡിസൈൻ അനുസരിച്ചും വാഹനത്തിന്റെ തൂക്കം കൂടുന്നതനുസരിച്ചും ഹൈഡ്രോപ്ലെയിനിങ്ങിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.
തിങ്കളാഴ്ച രാത്രിയാണ് കളർകോട് ചങ്ങനാശേരി മുക്ക് ജങ്ഷനിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചത്. ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥികളായ മലപ്പുറം കോട്ടയ്ക്കൽ ശ്രീവർഷത്തിൽ ദേവനന്ദൻ(19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറിൽ ശ്രീദേവ് വൽസൻ(19), കോട്ടയം ചേന്നാട് കരിങ്കുഴിക്കൽ ആയുഷ് ഷാജി(19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂർ വെങ്ങര പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ(19) എന്നിവർ അപകടത്തിൽ മരിച്ചു. 11 വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റ ആറുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കനത്ത മഴയ്ക്കിടെ രാത്രി 9.20നായിരുന്നു അപകടം.
അതിനിടെ
കെഎസ്ആർടിസി ബസിന്റെ ഡ്രൈവറെക്കൂടി പ്രതിചേർത്ത് എഫ്ഐആർ. മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ചുവെന്ന കുറ്റമാണ് ഡ്രൈവർക്കെതിരെ ചുമത്തിയത്. പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ തയാറാക്കിയതെന്നു പൊലീസ് പറഞ്ഞു.
അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയ അനുജന്മാർക്ക് ആദരാഞ്ജലികൾ..!!