രചന : സതീഷ് കുമാർ ജി ✍️
ഇനിവരുന്ന വസന്തങ്ങളിലെല്ലാം
പനിനീർപ്പൂവുപോലെ പരിമളം പരത്തുമ്പോൾ
ഒരു തേൻവണ്ടായി നിന്നെ പരിണയിച്ചിടാം
ഗ്രീഷ്മകാലത്ത് കൊടുംചൂടിൽ ഭൂമിമുഴുവൻ
വറ്റിവരണ്ടാലും നിന്നിൽ മാത്രം
നിർത്താതെയൊഴുകുന്ന നീർച്ചാലുകൾ തീർത്തിടും
പിന്നീടുള്ള വർഷകാലം മഴനീർക്കണമായി
നിന്നുടെ ഓരോ അണുവിലും പെയ്തിറങ്ങി
മറ്റെല്ലാപൂക്കളും എന്റെ കുളിരിൽ വിറങ്ങലിച്ചിടുമ്പോൾ
നിന്നിൽ ഞാൻ ആത്‍മഹർഷത്തിന്റെ തീ കോരിയിടും
ഇലകൊഴിയുന്ന ശിശിരത്തിൽ നിന്നിൽമാത്രം
പുതുനാമ്പുകൾ തളിർപ്പിക്കും
അതുകാൺകെ ഹിമകണങ്ങൾ പോലും
നിന്നെ സ്പർശിക്കാതെ നിനക്ക് ചുറ്റും നൃത്തംചെയ്തിടും
പിന്നീടുള്ള ഹേമന്തകാലം ഒരുപുതപ്പുപോലെ
നിന്നെപൊതിഞ്ഞു മഞ്ഞിന്റെ കുളിരിൽ നിന്ന്
ഉന്മാദത്തിന്റെ എരികനലിലേക്കേറിടാം
കാലങ്ങളങ്ങനെ കൊഴിഞ്ഞുപോകവേ
നീയും ഞാനും എന്ന സത്യം
ഒരു അണുവിടപോലും നഷ്ടമാവാതെ
നമ്മളിൽ ഉള്ളത്രസ്‌നേഹം ആർദ്രമായപ്രണയം
അചിന്ദ്യമായ ലാളന മറ്റുപലർക്കും പലതിലുമുണ്ടാവാം
നമ്മളിൽ ഇല്ലാത്തത് വേറെങ്ങും ഉണ്ടാവില്ല പ്രിയതമേ
ഉപാധികളില്ലാത്ത പ്രണയം
അത് എന്നിലും നിന്നിലുംമാത്രം
നമ്മളിൽ ഓരോഅണുവിലും
ഓരോരോമാത്രയിലും പൂത്തുകൊണ്ടേയിരിക്കും