രചന : ഹിബ ജീവി എച്ച് എസ് എസ് മുള്ളേരി✍️
ഞാൻ എപ്പോഴും അങ്ങനെയാണ്. വേണ്ടാത്ത കാര്യത്തിന് ഇറങ്ങി പുറപ്പെട്ട് വന്നു കളയും.
.കഥയെഴുത്തിനുള്ള ദിനം നാളെയാണ് എന്ന് മാഷ് വന്നു പറഞ്ഞ സമയത്ത് തന്നെ മനസിൽ സന്ദേഹത്തിന്റെ ആലക്തികങ്ങൾ വൃശ്ചികക്കുളിരായി മനസിലേക്ക് തുളഞ്ഞു കയറാൻ തുടങ്ങിയതാണ്. ജില്ലയുടെ പല ദിക്കുകളിൽ നിന്ന് വന്നെത്തിയ
എന്റെ സഹപാഠികൾ അപ്പുറത്തും ഇപ്പുറത്തുമായി ഘന ഗാംഭീര്യമുഉള്ള കഥാവസന്തം എഴുതി തകർക്കുന്നുണ്ട്..
അല്ലെങ്കിലും ഒരു കഥയെങ്ങനെ മത്സരത്തിനായി എഴുതി ചമൽക്കാരം തീർക്കാനാണ്..ആത്മാവിന്റെ ഉള്ളറകളുടെ നിഗൂഢതയിൽ നിന്ന് ഒരു കഥ മാടി വിളിക്കുമ്പോഴല്ലേ കഥ കൊഴുക്കനെ ഒഴുകി പടർന്നു വരിക?
ആരുടേയും ശബ്ദം കേൾക്കാത്ത ആരും ഒളിഞ്ഞു നോക്കാനും വരാത്ത മനസ്സിന്റെ ഒറ്റയടി പാതയിലൂടെ മാത്രമേ എന്റെ കഥകൾ നടന്നു വരികയുള്ളൂ.
പക്ഷേ അമ്മ അങ്ങനെയല്ല.ഏത് തിരക്കിന്റെ കാലുഷ്യത്തിലും അമ്മയ്ക്ക് കഥയെഴുതാൻ കഴിയും.അതിനുള്ള സിദ്ധി അമ്മയിൽ എന്നേ രൂഢ മൂലമായിരുന്നു.സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് തന്നെ അമ്മ കഥയെഴുത്തിന്റെ വഴിയിൽ ചെരുപ്പിടാത നടന്നു ശീലിച്ചതാണ്.
അമ്മ എഴുതാൻ നിനച്ചാൽ കഥയുടെ മലവെള്ളപ്പാച്ചിലാണ്.അനുഭവ തീക്ഷ്ണത യുടെ പേമാരി അമ്മയുടെ മനസ്സിൽ പെയ്തുറയും.
അതിലൂടെ വാക്കുകളുടെ ഉരുൾ പൊട്ടി അർജുന്റെ ലോറി പോലെ മുന്നിലെ താളുകളിലിക്ക് ഒലിച്ച് പോകും.അവസാനം വാവലിപ്പുഴയുടെ നീലിമയുള്ള വിതാനങ്ങളിൽ ഒരു കഥയായി പിറവി കൊള്ളും.
അമ്മയ്ക്ക് ഞാനും ഒരു കൊച്ചു കഥാകാരി ആയി തീരണം എന്നാണ് ആഗ്രഹം.അമ്മയുടെ ജീനിന്റെ ഒരു വിത്ത് മുളച്ച് ചെടിയിയി മരമായി പുഷ്പിച്ച് വരണമെന്നും അമ്മ വെറുതേ മോഹിച്ചു.
അമ്മയുടെ ജീവിത വഴികൾ അങ്ങനെയായിരുന്നു.പുലർ കാലങ്ങളിൽ പതിഞ്ഞു വീശുന്ന തണുത്ത കാറ്റും മരച്ചില്ലകളുടെ ആലസ്യങ്ങളിലേക്ക് ഉണരാൻ തുടങ്ങുന്ന കിളിക്കുഞ്ഞുങ്ങളും അമ്മയുടെ കൗമാര ദീപ്തികളിൽ നിറഞ്ഞു നിന്നിരുന്നു.കുട്ടമത്ത് സ്കൂളിലാണ് അമ്മ പഠിച്ചതും പിച്ച വെച്ചതും.വയലേലകളിൽ നനവുള്ള ജീവിതങ്ങൾ കണ്ടും കേട്ടും വായിച്ചു അമ്മ.
കുട്ടമത്ത് സ്കൂളിന്റെ പെരുക്കനെ തുറന്നു കിടന്ന ഗ്രന്ഥപ്പുരയുടെ പസ്തകച്ചൂര് പടർന്നു കിടക്കുന്ന അലമാരയിൽ അമ്മ വായിച്ചു പോകാത്ത പുതകങ്ങളില്ല. കാണാത്ത ചട്ടകളുമില്ല.
ദൗർഭാഗ്യവശാൽ അമ്മയുടെ കൗമാരം ഇൻസ്റ്റയും സ്നാപ് ചാറ്റുമില്ലാതെ നിറം മങ്ങി കടന്നു പോയതാണ്!പാവം എങ്ങനെ ഇതൊന്നുമില്ലാതെ കാലത്തിന്റെ കനലോരങ്ങൾതാണ്ടിയെന്ന് എനിക്ക് ഊഹിക്കാൻ കഴിയുന്നതിന്റെയും മറുകരയിൽ ആയിരുന്നു.
എനിക്കാകട്ടെ പുസ്തകവായന വലിയ പഥ്യമില്ല.വായിക്കുന്നവരെ കണ്ടാൽ തന്നെ അസഹ്യമായ മടി വരും.വല്ല ബ്ലോഗ് എഴുത്തോ മറ്റോ വായിച്ചാലായി.എന്ത് തന്നെയായലും ഞാൻ എന്തെങ്കിലും കുറിച്ചിടുന്നത് അമ്മ വലിയ കാര്യമായി വായിച്ചു ആസ്വദിക്കുമായിരുന്നു.അമ്മ അതിന് വലിയ പ്രോൽസാഹനവും നൽകിയിരുന്നു. അച്ഛൻ വിദേശത്ത് നിന്ന് വീഡിയോകോൾ ചെയ്യുമ്പോൾ അതിനെ കാണിച്ചു നൽകാൻ അമ്മയ്ക്ക് ഇഷ്ടമായിരുന്നു.
അമ്മ എപ്പോഴും അങ്ങനെയാണ്.മറ്റുള്ളവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾക്ക് വേണ്ടി ജീവിതം ജീവിച്ചു തീർക്കുന്നതിൽ സ്വയം ജീവിക്കാൻ മറന്നുപോയതാണ് . ആര് തന്നെ എന്ത് പറഞ്ഞാലും അനിഷ്ടം കാണിക്കില്ല.മറ്റുള്ളവരുടെ നൻമകൾ പെരുപ്പിച്ച് കാണിക്കുകയും ചെയ്തു കളയും.സ്ത്രീത്വം എന്നത് എല്ലാറ്റിനും വിധേയപ്പെടാനുള്ള സങ്കൽപമാണെന്ന് അമ്മ ദൃഢമായി വിശ്വസിച്ചു. അച്ഛനേക്കാൾ ഉയർന്ന വിദ്യാഭ്യാസം നേടിയത് അമ്മയായിരുന്നു.സമൂഹത്തിൽ ഉയർന്ന അംഗീകാരമുള്ള ജോലി അമ്മക്ക് ലഭിക്കുമായിരുന്നു.എന്നാൽ അച്ചന്റെ പുരുഷ മേധാവിത്വ മനസ് അമ്മ ജോലി ചെയ്യുന്നതിന് എതിരായിരുന്നു.അമ്മക്ക് അതിൽ യാതൊരു നീരസവും ഉണ്ടായിരുന്നില്ല.
സ്ത്രീകൾ എന്ന വർഗം തന്നെ പുരുഷാധിപത്യ വ്യവസ്ഥിതിയെ പൂർണമായും കീഴ്പെട്ടു പോയിരിക്കുന്നു.ഇന്ന് സ്കൂളിൽ നിന്നും യുവജനോത്സവം നടക്കുന്ന ഈ മനോഹര ദിക്കായ ഉദിനൂരിന്റെ സ്നേഹാർദ്രമായ മണ്ണിലേക്ക് ബസിൽ ടീച്ചറോട് ഒപ്പമാണ് വന്നത്. ചെറുവത്തൂരിൽ നിന്ന് ആളൊഴിഞ്ഞ ബസിൽ കയറിയപ്പോൾ വഴിയുടെ കാഴ്ചകൾ കണ്ട് സഞ്ചരിക്കാൻ ഇടത് വശത്തെ ജനാല തേടി നടന്ന എന്നെ ടീച്ചർ ശകാരിച്ചു.സ്ത്രീകളുടെ സീറ്റിൽ അടങ്ങി ഒതുങ്ങി ഇരുന്നു കൊള്ളാനാണ് ടീച്ചർ വരെ ആവശ്യപ്പെട്ടത്.പുരുഷാധിപത്യം വരച്ചു വെച്ച ഇരിപ്പിടങ്ങളിൽ ഒന്ന് ഉറക്കെ വിരൽ കണ്ണുരുട്ടാൻ വരെയുള്ള അവകാശമില്ലാതെ നാം ഇരുന്നു കൊള്ളണം. ഉദാത്ത സമൂഹത്തിന്റെ വഴികാട്ടി കളായ അധ്യാപികമാർ തന്നെ ഇങ്ങനെ ആയി പോയതെന്തെന്ന് എനിക്ക് മനസിലാക്കാനേ കഴിഞ്ഞില്ല.
മാറിയിരുന്നു ബസ്സിന്റെ പിന്നിലേക്ക് മറയുന്ന കാഴ്ചകൾ കണ്ട് ഞാൻ ഇരുന്നപ്പോഴും ടീച്ചർ പലതവണ എന്നെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.പിന്നിലെ വാതിലിലൂടെ ആരോടും പറയാതെ അറ്റമില്ലാത്ത കാഴ്ചകൾ ഉരുണ്ടു പോകുന്ന ലോകത്തിന് പിന്നാലെ ഞാനും പാഞ്ഞു പൊയ്ക്കളയും എന്ന് ടീച്ചർ ഭയപ്പെട്ടു.യാത്ര അവസാനിക്കിരിക്കേ നടക്കാവിൽ ബസ്സിറങ്ങി നീളത്തിൽ നടന്നു പോകാനുള്ള നിരത്തുവക്കിൽ പുരാതനമായ ഒരു കൽപടവിന് മുകളിൽ ഒരു സുന്ദരിയായ പൂച്ച ലോകത്തിന്റെ തിരക്കുകൾ അറിയാതെ ആരെയും ഗൗനിക്കാതെ അലസമായി വാലും തൂക്കി കിടക്കുന്ന കാഴ്ച കണ്ടു.ഒരു പെണ്ണായി ജനിക്കുന്നതിന് പകരം ഈ പൂച്ചയുടെ ജൻമം ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആശിച്ചു പോയി.
ഇപ്പോൾ സമയം കഴിയാറായിരിക്കുന്നു…
ഒരു കഥയുമില്ലാത്ത എന്റെ വരികൾ പൊളിഞ്ഞ് വീഴാറായ വീട് പോലെ മജ്ജയും മാംസവും ചിതറിത്തെറിച്ച് തളം കെട്ടിയ മഷിയിൽ കടലാസിൽ ഉതിർന്നു വീണ് കിടന്നു.
ഇത് ഹിബ
ജീവി എച്ച് എസ് എസ്
മുള്ളേരിയയിലെ
എട്ടാം തരക്കാരി
ഉദിനൂരിൽ നടക്കുന്ന
കാസർകോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ മലയാളം കഥാരചനാ മൽസര വിജയി
ഈ മോൾ എഴുതിയത് വായിച്ചപ്പോൾ ഒരുപാട് അഭിമാനം തോന്നി.. ഒരു പതിമൂന്നു വയസ്സുകാരിയുടെ ഭാവന ഇത് പ്രോത്സാഹനം അർഹിക്കുന്നു.. ഈ മോൾ ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട കുട്ടിയാണ്.. അഭിനന്ദനങ്ങൾ മോളെ 🥰🥰