രചന : ബാബു ഡാനിയല്‍ ✍️
കളകൂജനനാദമുയര്‍ന്നുമുദാ
അതിമോഹനരാഗമുതിര്‍ത്തുധരാ
ഇരവാം ചികുരം മലരായ് വിടരും
അരുണോദയതേരുമുരുണ്ടുവരും
മണിമാലയണിഞ്ഞു നിരന്നുനഗം
കിരണാവലിയേറ്റുതുടുത്തുമുഖം
കരടാവലിയാകെയുണര്‍ന്നു സദാ
ഉയരും നിനദം ധരയില്‍ സകലം
അണിയും തുഹിനം വയലിൻ നെറുകില്‍
പവനന്‍ ധരയില്‍ കുളിരും ചൊരിയും
ചിരിയാലുലയും തരുവിന്‍ ശിഖരം,
ഉലകം മുഴുവന്‍ വിതറും ഹസിതം.
അണയൂവരികില്‍ ചിരിതന്‍മലരാല്‍
പവിഴാധരകാന്തിനിറഞ്ഞു സഖീ.
കരളില്‍ നിറയും സുഖദം പകരൂ
ഇരവിന്നലകള്‍ കളയാൻ വരു നീ.