രചന : റെജി.എം.ജോസഫ്✍️
(വിശുദ്ധ വേദപുസ്തകത്തിന്റെ പശ്ചാത്തലത്തിലെഴുതിയ കഥ)
ഗ്രാമവഴികളിലൂടെ ഓരോ കാലടിയും ഞാൻ എടുത്തു വയ്ക്കവേ, നിയതമല്ലാത്ത കല്ലുകൾ ചേർത്തൊരുക്കിയ വീടുകളിൽ വിളക്കുകൾ ഓരോന്നായി അണഞ്ഞു കൊണ്ടിരുന്നു! നിലച്ച വെളിച്ചങ്ങൾക്ക് പിന്നിൽ പതിഞ്ഞ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്! അടക്കം പറച്ചിലുകൾ ഞാനറിയുന്നുണ്ട്!
ആകാശം കറുത്തിരുണ്ട് കിടന്നിരുന്നു! വെളിച്ചത്തിന്റെ ചെറുകണിക പോലുമില്ലാതെ, കനത്ത നിശബ്ദതയിൽ ഉയരങ്ങളിൽ നിന്നും വാനം താഴേക്ക് വരുന്നതു പോലെ തോന്നി!
ഈ വീഥിയുടെ അങ്ങേയറ്റത്താണ് എന്റെ വീട്. പ്രായമായ അമ്മയും, സഹോദരിമാരും, അവരിൽ ചിലരുടെ ഭർത്താക്കൻമാരും, എന്റെ മരുമക്കളും, മറ്റ് ചില ചാർച്ചക്കാരും അവിടെയുണ്ട്!
എന്റെ ഗ്രാമകവാടത്തിൽ ഉയരത്തിൽ കൊളുത്തി വയ്ക്കാറുള്ള, എണ്ണ തൂളിയായി വീഴാറുള്ള വലിയ വിളക്ക് ഇന്ന് കത്തിയിട്ടുണ്ടായിരുന്നില്ല! ഗ്രാമവാസികളായ അയൽക്കാർക്ക് എന്റെ ഗുരുവിനെ പരിചയപ്പെടുത്തിക്കൊടുത്തത് ഞാനാണ്!
എന്റെ ഗുരു ഒരിക്കൽ എന്നോടൊപ്പം ഇവിടെ കടന്നുവന്നിട്ടുണ്ട്! അന്ന് എല്ലാവരോടുമായി, ഗുരു ദീർഘനേരം പ്രഭാഷണം നടത്തുകയുമുണ്ടായി! അത്തരത്തിൽ ഒരു പ്രഭാഷണം ഇന്നേ വരെ അവർ കേട്ടിട്ടുണ്ടായിരുന്നില്ല! ഗുരുവിന് ലഭിച്ച അംഗീകാരമാണ്, ഗ്രാമവാസികൾക്കിടയിൽ എനിക്കും മതിപ്പുണ്ടാകാൻ കാരണം!
അന്നേ വരെ, എന്നെ സംശയത്തോടെ മാത്രം കണ്ടിരുന്നവർ, അന്നു മുതലാണ് ആദരവോടെ എന്നെ കണ്ടുതുടങ്ങിയത്!
പക്ഷേ, ഇപ്പോൾ ഇരുട്ടിൽ ഗ്രാമവാസികൾ കൂട്ടം കൂടിത്തുടങ്ങുന്നതിന്റെ അടയാളങ്ങൾ ഞാൻ കണ്ടു തുടങ്ങി! കല്ലുകൾ കൂട്ടിയുരക്കുന്നതിന്റെ ശബ്ദം ഞാൻ കേൾക്കുന്നുണ്ട്!
നന്ദികെട്ടവരാണ് എല്ലാവരും! എന്നെ കല്ലെറിയാനാകും ചിലപ്പോൾ അവരുടെ പദ്ധതി! പക്ഷേ, ഈ രാത്രി ഞാൻ വന്നതു തന്നെ മറ്റൊരു ലക്ഷ്യത്തോടെയാണ്; വീട്ടുകാരെയും കൊണ്ട് അയൽ ഗ്രാമത്തിലേക്ക് ചേക്കേറണം!
എന്റെ കയ്യിൽ ഇന്ന് പണമുണ്ട്! ഒന്നും രണ്ടുമല്ല; മുപ്പത് വെള്ളിക്കാശ്!
ഇന്നൊരു രാത്രി പുലരുന്നതിനും മുമ്പായി, അയൽ ഗ്രാമത്തിലേക്ക് പലായനം ചെയ്യണം! അതിഗൂഢമായ പദ്ധതിയാണ് ഞാൻ തയ്യാറാക്കിയത്!
ഒരിക്കലെങ്കിലും എന്നെ ദരിദ്രനെന്ന് വിളിച്ചവർക്ക് മുന്നിലൂടെ, കൈനിറയെ പണവുമായി വരുമെന്നതായിരുന്നെന്റെ വാശി!
രണ്ട് ദിവസം മുമ്പൊരു രാത്രി, റോമൻ സൈന്യത്തിന് എന്റെ ഗുരുവിനെ ഒരു ചുംബനം നൽകിയാണ് ഞാൻ ഒറ്റിയത്! ‘യഹൂദന്മാരുടെ രാജാവ് ‘ എന്ന് മുദ്രകുത്തിയ ഒരു മരക്കുരിശിൽ, ഇന്ന് പകൽ; കൃത്യമായി പറഞ്ഞാൽ പന്ത്രണ്ടാം മണി നേരത്താണ് എന്റെ ഗുരുവിനെ റോമൻ സൈന്യം ക്രൂശിച്ചത്!
ചോരയുടെ മണമുള്ള നാണയങ്ങളെങ്കിലും, എന്റെ ജീവിതത്തിന്റെ വിലയാണ് ഇന്നിതിന്!
പക്ഷേ, എന്റെ പദ്ധതികളെല്ലാം നശിച്ച് തുടങ്ങിയതും, ഇനി എനിക്ക് നിലനിൽപ്പില്ലെന്നും മനസ്സിലായിത്തുടങ്ങിയതും ഈ നിമിഷമാണ് വിളക്കുകൾ അണഞ്ഞ് തുടങ്ങിയ ഈ രാത്രി മുതൽ! അതിന്റെ ആദ്യപടിയായിട്ടായിരുന്നു; വീടിന്റെ വാതിൽ എനിക്ക് മുമ്പിൽ കൊട്ടിയടക്കപ്പെട്ടത്!
എന്റെ ചുവപ്പ് നിറമുള്ള ഭാണ്ഡത്തിനുള്ളിലെ കിഴിയിൽ കിലുങ്ങാതെ മുറുക്കിക്കെട്ടി സൂക്ഷിച്ച നാണയങ്ങളിൽ, എന്റെ ഗുരുവിന്റെ ചോരയുടെ മണമുള്ളതിനാലാവാം, എനിക്ക് മുമ്പിൽ എന്റെ വീടിന്റെ വാതിൽ തുറക്കപ്പെടാതിരുന്നത്!
എന്റെ ബന്ധുക്കൾ ശാപമുതിർക്കുകയാണ്! കടന്നു പോകൂ, എന്ന് ആക്രോശിക്കുകയാണ്! ഗ്രാമവാസികൾ കല്ലെറിയാൻ തക്കം പാർക്കുകയാണ്!
ഇപ്പോൾ, ഞാൻ ഓടുകയാണ്! ഇരുട്ടിൽ, എനിക്ക് പുറകിൽ ഒരായിരം നിഴലുകളുണ്ട്! കൂർത്ത കല്ലുകൾ ചീറിവരുന്നുണ്ട്!
കാട്ടുമുൾച്ചെടികൾ വരഞ്ഞ് എന്റെ ശരീരമാകെ ചോരയൊലിച്ചു തുടങ്ങി! കാഴ്ച്ചക്ക് മങ്ങലേറ്റിക്കൊണ്ട്, കണ്ണിന് മുകളിലൂടെ ചോരയൊഴുകിത്തുടങ്ങി!
കറുത്തിരുണ്ട നിഴല് പോലെ, ആകാശത്തേക്ക് ഉയർന്ന് നിന്ന ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ ഞാൻ പതുങ്ങിയിരുന്നു!
ഗുരുവിനെ ഒറ്റിക്കൊടുത്ത ചതിയനായി വേണം ഞാനിനി ജീവിക്കാൻ! എന്റെ ഗ്രാമം എന്നെ വെറുത്തിരിക്കുന്നു! എന്റെ കുടുംബമൊന്നാകെ എന്നെ ആട്ടിപ്പുറത്താക്കിയിരിക്കുന്നു! അടുത്ത തലമുറകൾ, ചതിയന്റെ തലമുറകളായി അറിയപ്പെടും!
എന്റെ കയ്യിലിരുന്നു വിറച്ച വെള്ളി നാണയങ്ങൾ, ഞാൻ ഇരുണ്ട കാട്ടിലേക്കെറിഞ്ഞു!
ആ വലിയ മരത്തിലേക്ക്, ഞാൻ അള്ളിപ്പിടിച്ച് കയറി! ശരീരമാസകലം മുറിവേറ്റ് ചോര ചാലിട്ട് വഴുക്കിത്തുടങ്ങിയെങ്കിലും, വർദ്ധിച്ച ആവേശത്തോടെ ഞാൻ കയറുകയാണ്!
ഉയരത്തിലെ ചില്ലയിലിരുന്ന്, ഞാൻ അലറിക്കരഞ്ഞു!
ഞാൻ യൂദാ…യേശുവിനെ ഒറ്റിയ ഈസ്കരിയോത്ത് യൂദാ…! ഉറക്കെയുറക്കെ ഞാൻ അട്ടഹസിക്കേ, താഴ്‌വരകളിലത് പ്രതിധ്വനിച്ചു!
ശരീരത്തിൽ ചുറ്റിയിരുന്ന ചുവന്ന ശീലയാൽ കഴുത്തിൽ കുരുക്കണിഞ്ഞ്, മോഹിപ്പിച്ച് നിന്ന ഇരുട്ടിലേക്ക് തല കീഴായി പിന്നെയൊരു വേള ഞാൻ പറന്നിറങ്ങി…!