രചന : തോമസ് കാവാലം. ✍️
അറിവിൻ നിറവുമായി സൂര്യൻ
അരികിലെത്തിയുണർത്തിടുവാൻ
അരികളഞ്ഞു നാം ഒത്തുചേർന്നാൽ
ആകാശഭംഗി നമുക്കു കാണാം.
ധ്യാനത്തിൽ നിന്നുമുണർന്ന പുമാൻ
സ്നാനവും ചെയ്തു പുറത്തുവന്നു
ജ്ഞാനം പകരാൻ തുറന്നു കണ്ണാൽ
അനന്യ ശോഭ ചൊരിഞ്ഞു യോഗി.
ആഴിതന്നാഴത്തിൽ നിന്നു വന്നു
ഊഴിയെശോഭയുഴിഞ്ഞു നിന്നു
നാഴികനേര,മാമംഗുലിയാൽ
നേരായളന്നവൻ നേരങ്ങളെ.
ആരാമമുറ്റത്തു പൂക്കൾ തോറും
തരാതരങ്ങളാം ഭൃംഗവൃന്ദം
മകാന്ദമൂറ്റികുടിച്ചു മത്താൽ
മന്നിനുകാന്തി പകർന്നു മോദാൽ.
വിഭാത സ്വപ്നവിമാനമേറി
വിരവിൽ വിരിഞ്ഞമരിയെങ്ങും
നീലോല്പലം നീലപൊയ്കകളിൽ
ആലസ്യം വിട്ടുണർന്നു ചേലിൽ.
താരാട്ടു പാടുന്നു വല്ലികളിൽ
തേരുതെളിച്ചെത്തി സമീരണൻ
തൊട്ടിലാട്ടീടുന്നു തിരജാലം
താളം പിടിക്കുന്നു തൈതെങ്ങുകൾ.
മേഘയവനിക നീക്കി പാരിൽ
മനോജ്ഞരംഗമൊരുക്കി വാനം
മംഗള ഗാനങ്ങൾ പാടി പക്ഷി
മാലോകർ നാട്യം തുടങ്ങിവെച്ചു.
മാനുഷ്യരുല്ലാസമോടെയെങ്ങും
മണ്ണുഴുതങ്ങനെ നീങ്ങിടുന്നു
മാനത്തെയർക്കന്റെ ശോഭയാലേ
മണ്ണു ഭുജിച്ചു കഴിഞ്ഞീടുന്നു.