രചന : ജിൻസ് സ്കറിയ ✍️
താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ ഡിസംബർ എട്ടിന് രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. മോഡലായ താരിണി കലിംഗരായർ ആണ് വധു. മന്ത്രി മുഹമ്മദ് റിയാസ്, സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഉൾപ്പടെ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും തരിണി കലിങ്കരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ തരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. ഇരുവരുടെയും പ്രീ വെഡിങ് ചടങ്ങ് ഇന്നലെ ചെന്നൈയിൽ നടന്നിരുന്നു. കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരില്‍ ഇക്കഴിഞ്ഞ മേയിലാണ് നടന്നത്. 1992 സെപ്റ്റംബർ ഏഴിന് ഗുരുവായൂരിലായിരുന്നു ജയറാമിന്റേയും പാര്‍വ്വതിയുടേയും വിവാഹം
ജയറാം മകൾക്ക് വരനെ കണ്ടെത്തിയത് സിനിമയ്ക്ക് പുറത്തുനിന്നുമായിരുന്നു എങ്കിൽ, മകൻ കാളിദാസ് ജയറാമിന്റെ വധു മോഡലിംഗ് രംഗത്തുനിന്നാണ്. വളരെ ചെറുപ്പകാലം മുതലേ താരിണി മോഡലിംഗ് ചെയ്ത് വരുമാനം ഉണ്ടാക്കി തുടങ്ങിയിരുന്നു. ഇടയ്ക്കുണ്ടായ ചെറിയ സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുന്നത്.
സമ്പന്ന കുടുംബത്തിലെ അംഗമാണ് താരിണി. ഷൂട്ടിങ്ങിനും മറ്റും പോകുമ്പോൾ തമിഴ്നാട്ടിലെ ജമീന്ദർമാരായ കാലിംഗരായർ കുടുംബത്തെ പറ്റി ധാരാളം കേട്ടിരുന്നു എന്ന് ജയറാം പറയുന്നു. കാളിദാസും താരിണിയും തമ്മിലെ പ്രണയം കണ്ടെത്തിയത്, മാളവികയാണ്. ഒരിക്കൽ കാളിദാസിന്റെ ഒപ്പം മാളവിക കാറിൽ യാത്ര ചെയ്യവേ ബ്ലൂടൂത്ത് സ്പീക്കറാണ് പണി പറ്റിച്ചത്. കോളിന്റെ മറുപുറത്ത് താരിണിയായിരുന്നു. വൈകാതെ കാളിദാസ് ഭാവിവധുവിനെ വീട്ടുകാർക്ക് പരിചയപ്പെടുത്തി അവരുടെ അനുവാദം വാങ്ങി.
ഒരോണക്കാലത്ത്, ജയറാം, പാർവതി, കാളിദാസ്, മാളവിക കുടുംബത്തിന്റെ ചിത്രത്തിൽ പരിചയമില്ലാത്ത ഒരു മുഖം കണ്ടതോട് കൂടിയാണ് താരിണി ശ്രദ്ധിക്കപ്പെടുന്നത്. താരിണിയെ കാളിദാസ് ചേർത്തുപിടിച്ചിരുന്നു. കാളിദാസ് എന്ന കണ്ണന്റെ വധു എന്ന നിലയിലെ ആദ്യത്തെ പരിചയപ്പെടുത്തൽ അവിടെ നിന്നും തുടങ്ങി. പോയവർഷം ഇവരുടെ വിവാഹനിശ്ചയം നടന്നു. എന്നാലും മകളുടെ വിവാഹം കഴിഞ്ഞു മാത്രമേ, ജയറാമും പാർവതിയും മകന്റെ കല്യാണത്തിലേക്ക് കടന്നുള്ളൂ.
സമ്പാദ്യത്തിന്റെയും സ്വത്തുക്കളുടെയും കാര്യമെടുത്താൽ ജയറാം കോടികൾക്കുടമയാണ്. കാളിദാസും ചുരുങ്ങിയ കാലം കൊണ്ട് തരക്കേടില്ലാത്ത സമ്പാദ്യം നേടിക്കഴിഞ്ഞു. വരാൻ പോകുന്ന മരുമകളും നിസാരക്കാരിയല്ല.
‘എന്റെ മകൻ ഒരു കുട്ടിയെ ഇഷ്ടമുണ്ടെന്ന് വീട്ടിൽ വന്നു പറഞ്ഞപ്പോൾ ഞാൻ ഒരു കാര്യം മാത്രമേ പറഞ്ഞിരുന്നുള്ളൂ. കണ്ണാ അവളെ വിളിച്ചു കൊണ്ട് വീട്ടിലേക്ക് വന്നോളൂ. ആ കുട്ടി ധരിച്ചിരിക്കുന്ന വസ്ത്രം ഒഴികെ, ബാക്കിയെല്ലാം നീ വേണം ഇനി വാങ്ങി കൊടുക്കാൻ. അവളുടെ കാര്യങ്ങൾ നോക്കാൻ. വലിയ കുടുംബത്തിലെ അംഗമാണ് എന്നിരുന്നാലും ഞാൻ അവനോട് പറഞ്ഞത് ഇതാണ്. മകളുടെ കാര്യത്തിലും അങ്ങനെ തന്നെ,’ എന്ന് ജയറാം. മുൻപ് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് മനസുതുറന്നത്.