രചന : ദിജീഷ് കെ.എസ് പുരം.✍️
എന്നും കൃത്യമായി നാലുമണിക്കുണരുന്ന
ഒരു പൂവൻകോഴിയിൽനിന്ന്,
പകലിന്റെ പലവെയിൽനേരങ്ങളിലേക്കുണരാൻ
തുടങ്ങിയപ്പോഴാണ്,
ഞാനെന്റെ ജൈവഘടികാരത്തിന്റെ
താളപ്പിഴകളറിഞ്ഞത്,
എന്നെയുപേക്ഷിച്ച ഋതുകാലത്തിന്റെ സമ്മാനം!
മൃതപ്രായകോശങ്ങളോടു ഭിഷഗ്വരന്മാർ തോറ്റപ്പോൾ,
എന്റെ രാജ്യത്തിന്റെ ഛത്രാധിപതി നാടുനീങ്ങി.
കരിമ്പട്ടികയിൽപ്പെടുത്തിയവരുടെ ഉപജാപങ്ങൾ,
ഉടമ്പടികളുടെ നഗ്നമായ ലംഘനങ്ങൾ,
മുഖം മറച്ചു ക്ഷുദ്രംചെയ്യുന്നവരുടെ
കൂട്ടത്തിൽ നീയും!
നിന്റെ കൊടിയടയാളങ്ങൾക്കു നീലനിറം.
നീയെന്റെ സംക്ഷേപ;പുസ്തകം
തലകീഴായ് വായിക്കുന്നു!
കാലജ്വരം വിരാമത്തിന്റെ
കരിങ്കൊടികൾകാട്ടുന്നു,
അപകീർത്തിമുദ്രകൾപതിച്ച ശവമഞ്ചയാത്രയിൽ
നീചഭാഷണം കേൾക്കുന്ന ജഡസ്വപ്നങ്ങൾ!
സിർക്കേഡിയൻ റിഥംതെറ്റിച്ച് ഉർവരതയുടെ രാസക്രിയകൾ ശമിച്ചിരിക്കുന്നു. എന്നിലെയാദിമജൈവതാളങ്ങൾ, നിശ്ശബ്ദ;മദികാലചക്രങ്ങൾ, ഭൂമിയെന്നിൽ ഭ്രമണംചെയ്തു സമരസപ്പെടുത്തിയ ചയാപചയങ്ങൾ, ഒക്കെയും കാലത്തിന്നസാധുവാക്കലാൽ ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു! വ്യത്യസ്ത സമയമേഖലകളിലേക്ക് ഞാനെടുത്തെറിയപ്പെടുന്നു. ആർട്ടിക് ടേണിന്റെ* ദേശാടനം,
അതികഠിനമായ ജെറ്റ് ലാഗ്,***
വിഷാദത്തിന്റെ മൂർദ്ധന്യം,
വ്യാകുലതകളുടെ ഉച്ചകോടി!
കൂമ്പിവിടരുന്ന തൊട്ടാവാടിപോലെ,
ഉറക്കംതൂങ്ങിമരത്തിന്റെ ധ്യാനംപോലെ,
വ്യാഴവട്ടങ്ങൾക്കിടയിലെ
നീലക്കുറിഞ്ഞിവസന്തംപോലെ,
താമരയുടെ, ആമ്പലിന്റെ, സൂര്യകാന്തിയുടെ
പ്രണയചലനങ്ങൾപോലെ,
ഈ പ്രപഞ്ചതാളംപോലെ
എന്നിലെ പാതിരാപ്പൂവു പതിയെ വിടർന്ന്,
മാദകഗന്ധം പടർത്തുമോ?
അതിലിനിയും തേൻകിനിയുമോ?
(കിനിഞ്ഞെങ്കിൽ..!)
രജസ്വലസ്വപ്നങ്ങളുടെ ചുവന്നമഴകൊതിച്ച്,
ഈ രാവിനെപ്പുണർന്നു ഞാനെന്നെ താരാട്ടുന്നു…
✍