രചന : അമൽ വിശ്വൻ✍️
ആ വലിയ മതിൽക്കെട്ടിനുള്ളിലെ, വിശാലമായ മുറ്റത്തേക്ക് കാർ ചെന്നു നിൽക്കുമ്പോൾ, മുൻപിൽ പഴമയുടെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന തറവാട് വീട്ടിലേക്ക് ഗംഗയുടെ കണ്ണുകളെത്തി നിന്നു…
അടുത്തിരുന്നയാൾ അവളെയൊന്ന് നോക്കി ഡോർ തുറന്നിറങ്ങിയപ്പോൾ അവളും പതിയെ പുറത്തേക്കിറങ്ങി…
അയാൾക്ക് പിറകെ കയ്യിലെ തുളസിമാലയും ചുവപ്പും വെള്ളയും റോസപ്പൂക്കൾ നിറഞ്ഞ ബൊക്കയും ചേർത്ത് പിടിച്ചു നടക്കുമ്പോൾ ഗംഗ ചുറ്റുമൊന്ന് പാളി നോക്കി…
പൂമുഖത്ത് നിലവിളക്കുമായി സുദേവന്റെ അച്ഛൻപെങ്ങൾ രാജേശ്വരി നിൽപ്പുണ്ടായിരുന്നു.. എവിടെനിന്നോ ഒഴുകിയെത്തിയ കാറ്റ് ഗംഗയുടെ മുടിയിഴകളെയും വസ്ത്രങ്ങളെയും തഴുകി തലോടി കടന്നു പോയി.. പതിയെ വീശിയടിച്ച കാറ്റിൽ വൃക്ഷത്തലപ്പുകൾ ആടിയുലയുഞ്ഞു..
നറുപുഞ്ചിരിയോടെ അവർ നീട്ടിയ നിലവിളക്ക് വാങ്ങുമ്പോൾ ഗംഗയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു..
കാറ്റിൽ ആടിയുലയുന്ന തിരിനാളത്തെ നോക്കി ഉത്ഭയത്തോടെയാണവൾ വലത് കാൽ വെച്ച് പടികൾ കയറിയത്.. തിരി കെട്ടുവെന്ന് തോന്നിയ നിമിഷത്തിൽ അതിന് മീതെയൊരു കൈ വന്നത് കണ്ടവൾ മുഖം ചരിച്ചു നോക്കി…
സുദേവൻ… ആ മുഖത്ത് പക്ഷെ ഗൗരവം തന്നെയായിരുന്നു..
രാജേശ്വരിയമ്മ തന്നെയാണ് പൂജാമുറിയിലേക്ക് കൊണ്ടുപോയത്..പൂമുഖത്തേക്ക് കയറിയപ്പോൾ കൂടെ ഉണ്ടായിരുന്ന ആളെ പിന്നെ കണ്ടില്ല…
“കുട്ടി ഇവടെ ഇരുന്നോളൂട്ടോ…”
പാതി ചാരിയ അറവാതിൽ തുറന്നവർ പറഞ്ഞു… നേർത്ത ഒരു ചിരി അവർക്ക് നൽകി ഗംഗ അകത്തേക്ക് കയറി.. കട്ടിലിന്റെ ഓരത്ത് ഇരുന്നപ്പോൾ ദേഹത്തെ പൊതിഞ്ഞ ആടയാഭരണങ്ങളും ചമയങ്ങളുമെല്ലാം അഴിച്ചുമാറ്റാൻ മനസ്സ് വെമ്പൽ കൊണ്ടു…ഒന്ന് കുളിക്കണം.
മനസ്സിൽ ചില ചിത്രങ്ങൾ തെളിഞ്ഞു..
“രണ്ടാംകെട്ടാണെങ്കിലെന്താ.. വേളി കഴിഞ്ഞു അധിക നാളൊന്നും ആയില്ല്യാലോ..മൂന്നാം നാളിൽ ആ കുട്ടി മരിച്ചു.. മാമംഗലത്ത് നിന്നും ഇങ്ങനൊരു ആലോചന വരാന്ന് വെച്ചാല് ന്നെ സുകൃതംന്ന് വിചാരിച്ചോളാ..”
ശങ്കരമ്മാമ്മ എണീറ്റ് മുറുക്കാൻ പുറത്തേയ്ക്ക് നീട്ടി തുപ്പി..നെഞ്ചിലെ നരച്ച രോമങ്ങൾ ഉഴിഞ്ഞു കൊണ്ടു ദൈന്യതയോടെ ഇരിക്കുന്ന അച്ഛനെയൊന്ന് നോക്കി..
“ന്നാലും ഇത്രേം പ്രായവ്യത്യാസം ന്ന് പറയുമ്പോ .. ഇപ്പളത്തെ കുട്ട്യോളല്ലേ..?”
അച്ഛൻ പതിയെ പറഞ്ഞു..
“ഹാ പത്ത് പന്ത്രണ്ടു വയസ്സിന്റെ വ്യത്യാസൊക്കെ ഇത്രേം സാരാക്കണോ? ആലോചിക്കാനൊന്നൂല്ല്യാ നാരായണാ..ഇട്ടുമൂടാനുള്ള സ്വത്തുണ്ട് മാമംഗലത്ത്.. പോരാത്തേന് പയ്യൻ സർക്കാരുദ്യോസ്ഥനും.. സ്വപ്നം കാണാൻ പറ്റോ…?”
അച്ഛൻ വാതിൽ പകുതി ചാരി നിന്ന അമ്മയെ നോക്കി.. അമ്മ തിരിഞ്ഞ് എന്നെയും…
“ശങ്കരേട്ടൻ അവരോട് വരാൻ പറഞ്ഞോളാ, ഇനീപ്പോ ആരെ കാക്കാനാ..താഴേo രണ്ടെണ്ണമില്ല്യേ…”
ശങ്കരമാമ്മയുടെ മുഖം തെളിഞ്ഞു..
അമ്മ പറയണതും നേരാണ്.. വെളുത്തു കൊലുന്നനെയുള്ള രൂപമാണെന്നൊഴിച്ചാൽ,ആരും മോഹിച്ചു കൊണ്ടുപോവാനുള്ള സൗന്ദര്യമൊന്നുമില്ലാത്ത,ദാരിദ്ര്യം മാത്രം കൈമുതലായുള്ള ഇല്ലത്തെ പെണ്ണിനെ ഇനിയും കാത്തു വെക്കണതെന്തിന്.…
സുദേവൻ…ഒരു പത്താം ക്ലാസുകാരിയുടെ പ്രണയം… ഇന്നും തെളിമയോടെ ഓർമ്മയുണ്ട്…
പഠിത്തത്തിൽ കേമിയൊന്നും ആയിരുന്നില്ല.. തട്ടിമുട്ടി അങ്ങ് പോവും.. പരീക്ഷയെന്ന് കേൾക്കുന്നതേ പേടിയാണ്.. കണക്ക് മാഷ് പരീക്ഷ പറഞ്ഞ അന്നാണ് കുളിച്ചു രാവിലെ തന്നെ അമ്പലത്തിലേക്കോടിയത്…
ശ്രീകോവിലിനുള്ളിലേക്ക് കയറുമ്പോഴേ കേട്ടിരുന്നു,ഇടയ്ക്കയുടെ താളത്തിനൊപ്പം സോപാന സംഗീതവും.. ആ ശബ്ദം മനസ്സിലായിരുന്നു അലയടിച്ചത്…
കണ്ണുകടച്ചിട്ടാണ് പാടുന്നത്..ഇടയ്ക്കയുടെ താളത്തിൽ ലയിച്ചങ്ങു പാടുന്നത് പോലെ..നീണ്ട മുടിയിഴകളും താടിയും.. ഇടയ്ക്കിടെ തുറന്നടയുന്ന ആ കണ്ണുകളും..
നടവാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ് അതുവരെ ആ മുഖത്തേക്ക് നോക്കിനിൽക്കുകയായിരുന്നുവെന്ന് ജാള്യതയോടെ തിരിച്ചറിഞ്ഞത്.. മെല്ലെ നീങ്ങി നിന്ന് കണ്ണടച്ചു തൊഴുമ്പോൾ ആധിയായിരുന്നു..
അയാളെ നോക്കി നിന്നേന് ദേവി കോപിക്ക്യോ.…?
തൊഴുതിറങ്ങുമ്പോൾ വാതിലിനപ്പുറം നിന്നിരുന്ന അച്ഛന്റെ ശബ്ദം കേട്ടു..
“പെങ്ങളൂട്ടിയ്ക്ക് വല്ല വ്യത്യാസോം ണ്ടോ ദേവാ..?”
“ഇല്ല്യ തിരുമേനി.. അങ്ങനെന്നെ..”
ആ ശബ്ദം.. ഷർട്ട് ഒരു ചുമലിൽ ഇട്ടിട്ടുണ്ട്.. കൈയിൽ ഇലച്ചീന്തിൽ പ്രസാദവും…
“സാരല്ല്യാ, ല്ലാം ദേവി കാണണ്‌ണ്ടല്ലോ..ഒക്കേ റ്റിനും ഒരു വഴി ണ്ടാവും..”
അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ മനസ്സിലോർത്തു.വർഷങ്ങളായി ദേവിയെ പൂജിക്കുന്ന അച്ഛന്റെ പ്രാർത്ഥനയെന്താണോ ദേവി കേൾക്കാത്തത്.. കാരണവന്മാർ ബാക്കി വെച്ച ദാരിദ്യവും വല്യ പ്രായവ്യത്യാസമില്ലാതെ മൂന്ന് പെണ്മക്കളും..
“ഹാ..ഇന്ന് കുട്ടിയ്ക്ക് പരീക്ഷ ണ്ട് ല്ലെ..”
പായസപാത്രം കയ്യിലേക്ക് വെക്കുമ്പോൾ അച്ഛൻ ചോദിച്ചു.. പതിയെ തലയാട്ടി..
“പരീക്ഷള്ള ദിവസം ആള് വിടിണ്ടാകും…”
അച്ഛൻ അയാളെ നോക്കി പറഞ്ഞപ്പോൾ നേർത്തൊരു പുഞ്ചിരിയോടെ ആ കണ്ണുകൾ തേടിയെത്തി.. ചമ്മലോടെ മുഖം കുനിച്ചു..
മതിൽക്കെട്ടിനു പുറത്തെത്തിയപ്പോൾ കണ്ടു,ഷർട്ട് ഒക്കെയിട്ട് ബൈക്കിൽ കയറിപ്പോവുന്നയാളെ..
പിന്നീട് പലയിടത്തും വെച്ച് കണ്ടു.. പക്ഷെ ആ മിഴികളൊരിക്കലും തന്നെ തേടിയെത്തിയിരുന്നില്ല..പക്ഷെ തന്റെ വളർച്ചയ്‌ക്കൊപ്പം ആ ഇഷ്ടവും വളർന്നു വന്നു..
മാമംഗലം തറവാട്ടിലെ ഒരേയൊരു സന്തതിയാണെന്നറിയാമായിരുന്നു..
എന്നാലും മിഴികൾ ആ രൂപം പരതിക്കൊണ്ടിരുന്നു.. ഇടയ്ക്കയുടെ തുടിയിലും, ആ ശബ്ദത്തിലും,ദേവിയോട് പറയാൻ ചെന്നതൊക്കെ പലപ്പോഴും മറന്നു..
പക്ഷെ പിന്നൊരിക്കൽ കണ്ടു,ആ ബൈക്കിന് പിറകിൽ അയാളുടെ വയറിൽ കൈ ചുറ്റിയിരിക്കുന്ന സുന്ദരിപ്പെണ്ണിനെ.. നന്ദ..
മാമംഗലത്തെ കാര്യസ്ഥന്റെ മകൾ.. അളകനന്ദ…
കാണുമ്പോഴൊക്കെ ഉള്ളിലെന്തോ കിടന്നു വിങ്ങുമായിരുന്നെങ്കിലും ആ മുഖം മറക്കാനായില്ല..
അവരുടെ കല്യാണം ഉറപ്പിച്ചതറിഞ്ഞന്ന്, രാത്രി കരഞ്ഞാണ് ഉറങ്ങിയത്.. പിന്നെയോർത്തു എന്തിന്.. അയാൾക്ക് തന്നെ അറിയുകപോലും ഉണ്ടാവില്ല.. തന്റേത് മാത്രമായ പ്രണയം…
ഒരു വാശിയോടെയാണ് അമ്പലത്തിൽ വെച്ച് അത് മറ്റൊരുവൾക്ക് സ്വന്തമാവുന്നത് നോക്കി നിന്നത്.. അവരുടെ സന്തോഷം നിറഞ്ഞ മുഖമോർത്ത് ഉള്ളിലെ കനലുകൾ പതിയെ കെടുത്താൻ വെറുതെ പരിശ്രമിച്ചു…
ആദ്യപ്രണയം.. അതങ്ങനെ വിസ്‌മൃതിയിലേക്ക് തള്ളിവിടാനായില്ല.. വേളി കഴിഞ്ഞു മൂന്നാം ദിവസം നന്ദ മരിച്ചെന്ന വാർത്തയറിഞ്ഞു കണ്ണുകൾ നിറഞ്ഞിരുന്നു.. ഉള്ളിൽ വേദനയോടെയാണെങ്കിലും അവരുടെ പ്രണയം നോക്കി കണ്ടതാണ്.. അത്രമേൽ സ്നേഹിച്ചവർ..
പിന്നീടൊരിക്കലും ആ ശബ്ദത്തിൽ സോപാന സംഗീതം കേട്ടിട്ടില്ല.. ദേവിയ്ക്ക് മുന്നിൽ ആ ഇടയ്ക്കയുടെ തുടിയും..
പിന്നീട് കണ്ടപ്പോഴൊക്കെ നെഞ്ചിലൊരു പിടപ്പായിരുന്നു…താടിയും മുടിയുമൊക്കെ വളർന്നു,കണ്ണുകളിലെ തിളക്കമൊക്കെ മാഞ്ഞൊരു പ്രാന്തനെപ്പോലെ….എന്നിട്ടും ആ മുഖം മായാതങ്ങ് മനസ്സിൽ കിടന്നു..
ഇന്ന് അതാണ് തനിക്ക് സ്വന്തമായത്… പക്ഷെ.. സന്തോഷം തോന്നുന്നില്ല.. അവരുടെ പ്രണയം.. അതറിഞ്ഞത് കൊണ്ടാവാം…
“ഗംഗ ഇവടാരുന്നോ.. ഇതൊക്കെ മാറണ്ടേ.. വാ,ദേവേട്ടന്റെ മുറി മോളിലാ..”
ദേവേട്ടന്റെ ചെറിയമ്മയുടെ മോളാണെന്ന് പരിചയപ്പെടുത്തിയ അവർക്ക് പിറകെ നടന്നു.. ചാരിയിട്ടതും താഴിട്ട് പൂട്ടിയതുമായ അറവാതിലുകൾ.. കുത്തനെയുള്ള ഗോവണിപ്പടികൾ കയറുമ്പോഴാണ് ആ നേർത്ത കരച്ചിൽ ചെവിയിലെത്തിയത്…
“ഭാമയാ.. ഇന്നിത്തിരി കൂടുതലാന്ന് തോന്നണൂ..”
രജനിയേച്ചി തിരിഞ്ഞു നോക്കി അടക്കം പറഞ്ഞു..
ഭാമ.. ദേവേട്ടന്റെ അനിയത്തി.. വേളി കഴിഞ്ഞു ആഴ്ചയൊന്നാവുന്നതിന് മുൻപേ താലിയും സിന്ദൂരവും നഷ്ടപ്പെട്ട്,ഇരുട്ടറയിൽ കുടിയേറിയവൾ.. കേട്ടിട്ടുണ്ട് കഥകൾ..
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ, സ്വന്തമായവരെ, നഷ്ടമായ സഹോദരങ്ങൾ…
“ആരേം അടുപ്പിക്കില്ല്യ… നന്ദയെ വല്ല്യ കാര്യാരുന്നു..”
പറഞ്ഞു തീർന്നതും അവർ അബദ്ധം പറ്റിയത് പോലൊന്നു നോക്കി… ഒരു ചെറുചിരി തിരികെ നൽകിയതേയുള്ളൂ..
അറിയാം.. ഇവിടുത്തെ അകത്തളങ്ങൾക്ക് പോലും പറയാനുണ്ടാവും അവളെപ്പറ്റി.. അളകനന്ദ.. ആരും ഇഷ്ടപ്പെട്ടു പോവുന്നവൾ..
,
ദേവേട്ടന്റെതെന്ന് പറഞ്ഞ മുറിയിലേക്ക് കയറുമ്പോൾ ഉള്ളിലൊരു പിടപ്പുണ്ടായിരുന്നു.. പക്ഷെ നന്ദയുടെ ഓർമ്മകളുണർത്തുന്ന യാതൊന്നും അവിടെ ഉണ്ടായിരുന്നില്ല…
സന്ധ്യയ്ക്ക് രാജേശ്വരിയമ്മ പറഞ്ഞതനുസരിച്ചു കാവിൽ പോയി വിളക്ക് തെളിയിച്ചു.. വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നവിടെ.. നന്ദയായിരുന്നു അവിടെ വിളക്ക് വെക്കാറുണ്ടായിരുന്നതെന്ന് രജനിയേച്ചി പറയുന്നത് കേട്ടു..
അത്താഴത്തിനു നേരമായിട്ടും സുദേവനെ അവിടെങ്ങും കണ്ടില്ല..
“കുട്ടി കഴിച്ചോളൂ ട്ടോ.. നിക്ക് രാത്രി ഒന്നും പതിവില്ല്യ..”
രാജേശ്വരിയമ്മ പറഞ്ഞപ്പോൾ തെല്ല് ശങ്കയോടെ അവളുടെ മിഴികൾ ചുറ്റുമൊന്ന് പരതി..
“ദേവൻ ഭാമയ്ക്ക് കൊടുത്തപ്പോ കഴിച്ചു..”
ഗംഗയുടെ മുഖത്തെ പകപ്പ് കണ്ടാവണം അവർ കൂട്ടിച്ചേർത്തു..
“ചിലേ ദെവസം അവക്ക് വല്ലാത്ത വാശ്യാ കുട്ട്യേ.. ഒരുവക കഴിക്കില്ല്യാ.. ദേവൻ വാരിക്കൊടുത്താലേ കഴിക്കൂ.. ന്താ ചെയ്യാ..?”
അവരുടെ മുഖത്ത് വേദനയിൽ പൊതിഞ്ഞ വാത്സല്യം ഗംഗയ്ക്ക് കാണാമായിരുന്നു..
ഭാമ കൈക്കുഞ്ഞായിരിക്കുമ്പോൾ മരിച്ചു പോയതാണ് അമ്മ.. വൈകാതെ അവരുടെ അച്ഛനും കിടപ്പിലായപ്പോൾ ദേവനും കുഞ്ഞു ഭാമയ്ക്കും താങ്ങും തണലുമായി അപ്പച്ചി രാജേശ്വരിയുണ്ടായിരുന്നു..അവരുടെ അപ്പച്ചിയമ്മ…
കഴിച്ചെന്നു വരുത്തി എഴുന്നേറ്റപ്പോൾ അവർ പറഞ്ഞു..
“കുട്ടി പോയി കെടന്നോളൂ.. നേരം കൊറേയായില്ല്യേ..”
ഗോവണിപ്പടികൾ കയറാൻ തുടങ്ങുമ്പോഴാണ് വീണ്ടുമാ തേങ്ങിക്കരച്ചിൽ കാതുകളിലെത്തിയത്.. ഗംഗയ്‌ക്കെന്തോ വല്ലായ്മ തോന്നി..
പൊടുന്നനെ എവിടുന്നെന്നില്ലാതെ അവളെ തൊട്ടു തലോടിപ്പോയ കാറ്റിൽ ചെമ്പകപ്പൂമണം കലർന്നിരുന്നു.. ആരുടെയോ സാമീപ്യം അനുഭവപ്പെട്ടപ്പോഴാണവൾ ഞെട്ടിതിരിഞ്ഞു നോക്കിയത്.. പിറകിലെ ഗോവണിപ്പടികളും കടന്നവളുടെ നോട്ടം മങ്ങിയ വെളിച്ചം തങ്ങി നിൽക്കുന്ന ഇടനാഴിയിലോളമെത്തി.. തോന്നിയതാവണം…
വാതിൽക്കൽ എത്തിയപ്പോഴേ അവൾ കണ്ടിരുന്നു ചുമരലമാരയിൽ എന്തോ തിരയുന്ന സുദേവനെ..തിരിഞ്ഞു നോക്കിയ ആൾ അവളെ കണ്ടതും ഒന്ന് പകച്ചു..
എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങി നിന്ന അവളുടെ അരികിലെത്തി നേർത്തൊരു പുഞ്ചിരിയോടെയാണ് പറഞ്ഞത്..
“താൻ കിടന്നോളൂ.. ഞാൻ.. ഞാൻ കുറച്ചു വൈകും…”
അവളുടെ മുഖത്ത് നോക്കാതെയാണ് അയാൾ പുറത്തേക്ക് നടന്നത്..
ആ വലിയ കട്ടിലിനോരത്ത് കിടക്കുമ്പോൾ ഗംഗയുടെ ചിന്തകൾ വീണ്ടും നന്ദയിലെത്തി നിന്നു..
ഒരിക്കൽ ദേവേട്ടന്റെയും നന്ദയുടെയും മുറിയായിരുന്നിരിക്കണം.. ഇതേ കട്ടിലിൽ അവർ ഒരുമിച്ച്…
ഗംഗ മിഴികൾ ഇറുകെയടച്ചു..
അത്രമേൽ പ്രണയിച്ചിരുന്നവർ..
നേർത്ത ഇരുട്ടിൽ,ബാൽക്കണിയിൽ, പുറത്തേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു ഗംഗ… സർപ്പക്കാവിലെ വന്മരങ്ങളുടെ ചില്ലകൾ കാറ്റിൽ ആടിയുലയുന്നുണ്ടായിരുന്നു.. ചുമലിൽ ആരോ കൈ വെച്ചത് പോലെ തോന്നിയപ്പോഴാണ് ഗംഗ ഞെട്ടിതിരിഞ്ഞു നോക്കിയത്..
തീ പാറുന്ന കണ്ണുകളോടെ തൊട്ടുമുൻപിൽ അളകനന്ദ.. തൊണ്ടയിലടഞ്ഞ നിലവിളിയോടെ, പിന്നോക്കമാഞ്ഞ ഗംഗയുടെ കഴുത്തിലേക്ക് നീളുന്ന നീണ്ടു കൂർത്ത നഖങ്ങളുള്ള കൈവിരലുകൾ..
ശ്വാസം കിട്ടാതെ പിടയുന്നതിനിടെ ഗംഗ കണ്ണുകൾ തുറന്നു.. കഴുത്തിൽ തടവിക്കൊണ്ടവൾ പിടഞ്ഞെഴുന്നേറ്റു..
അരികിൽ ആരുമുണ്ടായിരുന്നില്ല..
സ്വപ്നമായിരുന്നിരിക്കണം.. പക്ഷെ കഴുത്തിൽ ഇപ്പോഴും അറിയുന്ന ആ ചൂട്.. ശ്വാസം കിട്ടാതെ പിടഞ്ഞത്..?
ഭയത്തോടെ ചുറ്റും പരതിയ കണ്ണുകൾ, ബെഡ്ലാമ്പിന്റെ നേരിയ വെളിച്ചത്തിൽ, കട്ടിലിന്റെ മറ്റേയറ്റത്ത് കിടന്നിരുന്ന ആളിലെത്തി നിന്നു.. നല്ല ഉറക്കമാണ്.. സമയം നോക്കിയപ്പോൾ പുലരാറായിരുന്നു.. അവൾ പിന്നെയും ഉറങ്ങാനാവാതെ കിടന്നു..
അപ്പച്ചി പറഞ്ഞിട്ടാണ് ഗംഗ പ്രാതൽ വിളമ്പിക്കൊടുത്തത്.. അതുമെടുത്ത് ഭാമയുടെ മുറിയിലേക്ക് പോവാൻ നിന്നയാളെ അപ്പച്ചി നിർബന്ധിച്ചാണ് അവിടെ ഇരുത്തിയത്.. അവളോട് ഒപ്പം ഇരിക്കാൻ പറഞ്ഞതും അവരായിരുന്നു..
കഴിച്ച ഉടനെ മറ്റൊരു പ്ലേറ്റിൽ രണ്ടുമൂന്ന് ഇഡ്ഡ്ലിയും സാമ്പാറും ഒഴിച്ചെടുത്തു എഴുന്നേൽക്കുന്നത് കണ്ടു..
ഭക്ഷണവും അപ്പച്ചി കൊടുത്ത ഭാമയ്ക്കുള്ള മരുന്നുകളുമായി ഭാമയുടെ മുറിയിലേക്ക് പോവുന്നയാളെ അവൾ നോക്കി നിന്നു..
രണ്ടാം ദിനവും അതാവർത്തിച്ചപ്പോൾ അവൾ പതിയെ ചോദിച്ചു..
“ഞാൻ.. ഞാനും വന്നോട്ടെ..?”
ഒരു നിമിഷത്തെ നിശബ്ദതയ്ക്കൊടുവിൽ അവളെയൊന്ന് നോക്കിയിട്ടാണ് ദേവൻ തലയാട്ടിയത്..
അടച്ചിട്ട അറവാതിൽ തുറന്നു അകത്തു കയറുമ്പോൾ പിറകെ അവളുമുണ്ടായിരുന്നു..
കട്ടിലിൽ മുട്ടുകാലിൽ മുഖം ചേർത്തിരിക്കുകയായിരുന്നു ഭാമ…
ശബ്ദം കേട്ടവൾ മുഖമുയർത്തിയപ്പോൾ ചിതറിക്കിടക്കുന്ന നീണ്ട മുടിയിഴകൾക്കിടയിലൂടെ,ഗംഗ കണ്ടു കരുവാളിച്ച കൺതടങ്ങളും, സംശയത്തോടെയും ഭയത്തോടെയും, അവളെ നോക്കിയ,തിളക്കമില്ലാത്ത മിഴികളും..
ദേവൻ,ഭാമയുടെ ഇടതൂർന്ന മുടിയിഴകൾ ഒതുക്കി വെയ്ക്കുന്നതും, പതിയെ ഭക്ഷണം വാരിക്കൊടുക്കുന്നതും ഇത്തിരി അകന്നു നിന്നാണെങ്കിലും ഗംഗ നോക്കിക്കണ്ടു… കൊച്ചു കുഞ്ഞിനോടെന്നോണം ദേവൻ എന്തൊക്കെയോ പറയുന്നുണ്ട്.. ചിലതിനൊക്കെയവൾ തലയാട്ടുന്നതും കണ്ടു.. ഇടയ്ക്കിടെ തന്റെ നേരെ നീളുന്ന ആ മിഴികളെയും..
ദിവസങ്ങൾ കഴിയവേ ഭാമ ദേവനോടൊപ്പം വരുന്ന അവളെ ശ്രെദ്ധിക്കാതെയായി, ഭയത്തോടെ നോക്കാതെയായി.. ഒരിക്കൽ ദേവൻ കണ്ണുകൾ കൊണ്ടു വിളിച്ചപ്പോഴാണ് ഗംഗ അവർക്കരികെയെത്തിയത്..
എന്തോ ആലോചനയിലെന്നോണം ഇരുന്നിരുന്ന ഭാമ മുഖമുയർത്തിയപ്പോഴാണ് ദേവൻ പതിയെ പറഞ്ഞത്..
“ഏടത്തിയമ്മ…”
വിടർന്ന മിഴികളോടെ ഗംഗയെ നോക്കിയ ഭാമയുടെ മുഖം പതിയെ മങ്ങുന്നതവൾ കണ്ടു..
“ന.. നന്ദാ..?”
പതിയെ പറഞ്ഞു കൊണ്ടവൾ നിഷേധാർത്ഥത്തിൽ തലയാട്ടുന്നത് കണ്ടതും ദേവൻ വല്ലായ്മയോടെ ഗംഗയെ നോക്കി.. പുഞ്ചിരിയോടെയാണവൾ സാരമില്ലെന്ന് ചുണ്ടനക്കിയത്…
ദേവനില്ലാത്തപ്പോൾ ഭാമയ്ക്ക് ഭക്ഷണം കൊടുക്കാനായി രാജേശ്വരിയമ്മയോടൊപ്പവും ഗംഗ പോയിരുന്നു.. ദേവനില്ലാത്തപ്പോൾ നിരാശ്ശയോടെ അവനെ തേടുന്ന കണ്ണുകളെയും,കഴിക്കാൻ മടി കാട്ടുന്നതും ഗംഗ കാണുന്നുണ്ടായിരുന്നു..
മാമംഗലത്തിലെ രീതികൾ ഗംഗ പതിയെ ഉൾക്കൊണ്ടു തുടങ്ങിയിരുന്നു.. സുദേവൻ പ്രേത്യേകിച്ചു ഒരടുപ്പം കാണിച്ചില്ല.. അകൽച്ചയും.. കാണുമ്പോഴൊക്കെ നേർത്തൊരു പുഞ്ചിരി അവൾക്ക് വേണ്ടിയാ മുഖത്തുണ്ടായിരുന്നു.. ഭക്ഷണം കഴിച്ചോ, പുറത്തേക്കിറങ്ങുമ്പോൾ എന്തെങ്കിലും ആവശ്യമുണ്ടോ എന്ന രീതിയിലുള്ള സുഖാന്വേഷണങ്ങളും..
രാത്രികളിൽ മിക്കപ്പോഴും ഗംഗ ഉറങ്ങിക്കഴിഞ്ഞായിരുന്നു അയാൾ മുറിയിൽ എത്താറുണ്ടായിരുന്നത്.. ചിലപ്പോഴൊക്കെ അവൾ വരുമ്പോഴേക്കും ഉറങ്ങിയിട്ടുണ്ടാവും.. മനപ്പൂർവം തന്റെ മുൻപിൽ നിന്നും അകന്നു മാറുകയാണെന്നറിഞ്ഞിട്ടും അവൾക്ക് പരാതിയൊന്നും തോന്നിയില്ല..
അന്നവൾ അടുക്കളവാതിൽക്കൽ എത്തിയപ്പോഴാണ് ആ സംസാരം ചെവികളിൽ പതിഞ്ഞത്..
“ന്തൊക്കെ പറഞ്ഞാലും നന്ദക്കുഞ്ഞിന്റെ അടുത്തൊന്നും എത്തൂല.. അതൊരു പൊന്നുംകുടം തന്നായിരുന്നില്ല്യേ .. ആ കളീം ചിരീമൊക്കെ കാണുമ്പോ തന്നെ ആർക്കാ സന്തോഷം തോന്നാണ്ടിരിക്ക്യാ… കാണാനും എന്തൊരൈശ്വര്യാരുന്നു..പറഞ്ഞിട്ടെന്താ..”
“നീയൊന്ന് മിണ്ടാണ്ടിരിക്കെന്റെ ശാരദേ.. ആ കുട്ടിയെങ്ങാനും കേട്ടോണ്ട് വരും..”
ജോലിക്കാരിയോട് പതിഞ്ഞ ശബ്ദത്തിൽ പറയുന്ന രാജേശ്വരിയമ്മയുടെ വാക്കുകൾ ഗംഗ കേട്ടു..
“ഞാനതിനു കുറ്റമൊന്നും പറഞ്ഞില്ല്യാലോ രാജേശ്വര്യമ്മേ … ഒരു പതിഞ്ഞ പ്രകൃതമാ ഗംഗക്കുഞ്ഞിന്.. പക്ഷെ ആള് പാവമാ..”
ഗംഗ അടുക്കളയിലേക്ക് കയറാതെ തിരിഞ്ഞു നടന്നു.. ഉള്ളിൽ വീണ കനൽ നീറിത്തുടങ്ങിയിരുന്നു.. ആ നീറ്റൽ അന്നുമുഴുവനും ഉള്ളിലുണ്ടായിരുന്നത് കൊണ്ടാവാം അറിയാതെ ഇടക്കിടെ മിഴികൾ നിറഞ്ഞത്…
ആകെപ്പാടെ ഒരു ശ്വാസംമുട്ടൽ.. അളകനന്ദ ആരായിരുന്നുവെന്നും അവൾക്കിവിടെ ഉണ്ടായിരുന്ന സ്ഥാനമെന്തെന്നും അറിയാം.. പക്ഷെ…
രാവേറെ കഴിഞ്ഞിട്ടും ഉറക്കം വന്നിരുന്നില്ല.. പതിവില്ലാതെ,ഒഴിഞ്ഞു കിടന്നിരുന്ന കിടക്കയുടെ മറുപാതി അന്നവളെ വല്ലാതെ നോവിച്ചു.. അതു പതിയെ മിഴി നീരായി ഒഴുകിയിറങ്ങി.. ഒരു തേങ്ങൽ അറിയാതൊന്നുയർന്നപ്പോഴാണ് ചുമലിൽ ആ കരസ്പർശം അറിഞ്ഞത്..
“എടോ.. താൻ.. താൻ കരയാണോ..?”
കവിളിലെ മിഴിനീർ ധൃതിയിൽ തുടച്ചവൾ പിടഞ്ഞെഴുന്നേറ്റു …
“ഇല്ല്യാ.. ഞാൻ വെറുതെ ഓരോന്നാലോചിച്ചപ്പോൾ..”
തന്റെ നേരെ ഉയർത്തിയ മിഴികളിൽ നോക്കാതെയവൾ മുഖം കുനിച്ചു..
“എന്റെ തെറ്റാണ്… എല്ലാം.. തന്നെ ഇതിലേക്ക് വലിച്ചിടാൻ പാടില്ല്യായിരുന്നു.. ഭാമ.. അപ്പച്ചിയ്ക്ക് വയ്യാണ്ടായി വരുവാണല്ലോന്നോർത്തപ്പോൾ ഞാനും സ്വാർത്ഥത കാണിച്ചു..”
തല കുമ്പിട്ടിരുന്നാണ് സുദേവൻ പറഞ്ഞത്..
“തന്നോട് സംസാരിക്കണമെന്ന് പല വട്ടം കരുതിയതാണ്.. പറ്റിയില്ല.. എനിക്ക്.. എനിക്ക് കുറച്ചൂടെ സമയം വേണെടോ..”
ദേവൻ ആത്മനിന്ദയോടെ ഒന്ന് ചിരിച്ചു..
“അത്രയ്ക്ക് മനസ്സിൽ കൊണ്ടു നടന്നതല്ലേ.. പറിച്ചെറിയാൻ പറ്റുന്നില്ലെടോ.. അവളെ.. അവൾ..”
അയാൾ കണ്ണുകൾ നിറയുന്നതിനിടയിലും ചിരിച്ചു…
“അവൾ തന്റെ ഓപ്പോസിറ്റായിരുന്നു എല്ലാകാര്യത്തിലും.. വാശിയും ദേഷ്യവുമൊക്കെ കാണിക്കാൻ ഒരു മടിയുമില്ല്യ…ഉള്ളിലുള്ളത് വെട്ടിത്തുറന്നു പറയും ആരോടും..ഉള്ളിലൊന്നും വെച്ചോണ്ടിരിക്കില്ല്യാ.. നിറയെ സ്നേഹമാ.. എല്ലാരോടും.. ആരും ഇഷ്ടപ്പെട്ടു പോകും.. ന്റെ.. ന്റെ നന്ദയെ..”
അയാളുടെ ശബ്ദം ഇടറിപ്പോയിരുന്നു..അയാൾ ഗംഗയെ നോക്കി..
“തന്നോട് എന്റെ ആദ്യഭാര്യയെ പറ്റി പറയുന്നത് ശരിയല്ലെന്നറിയാഡോ… പക്ഷെ.. പക്ഷെ പറ്റുന്നില്ലെടോ.. തീരെ പറ്റുന്നില്ല..”
അയാൾ പൊടുന്നനെ എഴുന്നേറ്റു പോയി..
“നിക്ക് മനസ്സിലാവും.. മറ്റൊരുവൾക്ക് മനസ്സ് കൊടുത്തവനാണ്.. സമയമെടുക്കും.. മറ്റൊന്നും വേണ്ടെനിക്ക്.. വെറുതെ ന്റടുത്തു ഇരുന്നാൽ മതി.. ഇടയ്ക്കൊക്കെ ന്തെങ്കിലും രണ്ടുവാക്ക് പറഞ്ഞാൽ മതി.. അതു മതി.. കാരണം അത്രമേൽ നിങ്ങളെ ഞാനും പ്രണയിച്ചിരുന്നു… പ്രണയിക്കുന്നു…”
ഗംഗയുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു..
അന്ന് സന്ധ്യക്ക് കാവിൽ തിരി വെച്ച് വരുമ്പോഴാണ് ചെമ്പകച്ചോട്ടിലെ അരിമുല്ലയിൽ വിരിയാൻ തുടങ്ങുന്ന പൂമൊട്ടുകൾ കണ്ടത്.. ഭാമയ്ക്ക് മുല്ലപ്പൂ വല്ല്യ ഇഷ്ടാണെന്ന് അപ്പച്ചി പറഞ്ഞു കേട്ടിട്ടുണ്ട്.. ഇടയ്ക്കിടെ ദേവേട്ടൻ വാങ്ങിക്കൊണ്ടു കൊടുക്കുന്നതും,വിടർന്ന കണ്ണുകളോടെ അവളത് വാങ്ങി മുടിയിൽ ചൂടാൻ ശ്രെമിക്കുന്നതും കണ്ടിട്ടുണ്ട്..
പ്രവീണിന് അവളുടെ നീണ്ട മുടി വല്ലാത്ത ഇഷ്ടമായിരുന്നുവെന്നും അതിലവള് അണിയാറുണ്ടായിരുന്ന മുല്ലമാല അവന് വേണ്ടിയായിരുന്നുവെന്നതും പറഞ്ഞത് ദേവേട്ടനാണ്.. ആ മുടി വെട്ടിക്കളയാൻ എത്ര ശ്രെമിച്ചിട്ടും അവൾ സമ്മതിക്കണില്ലത്രേ..
ഓരോന്ന് ആലോചിച്ചു മുല്ലമൊട്ട് പറിക്കാനേന്തിയതും ചെമ്പകചോട്ടിലെ കരിങ്കൽകഷ്ണത്തിൽ തട്ടി വീണതും ഒരുമിച്ചായിരുന്നു.. ഉരുണ്ട് പിടഞ്ഞെഴുന്നേറ്റപ്പോൾ നെറ്റിയിലെ നനവ് പുരികവും കടന്ന് മണ്ണിലേക്ക് വീണിരുന്നു.. നെറ്റി മുറിഞ്ഞിരിക്കണു…
എന്തോ ഒരു ഭയം മനസ്സിനെ വരിഞ്ഞപ്പോഴാണ് താഴെ ചിതറിവീണ മുല്ലമൊട്ടുകളെപ്പോലും നോക്കാതെ ധൃതിയിൽ നടന്നകന്നത്.. ആഞ്ഞു വീശിയ കാറ്റിൽ അപ്പോഴും ചെമ്പകച്ചില്ലകൾ ആടിയുലയുന്നുണ്ടായിരുന്നു…
അടുക്കളയിൽ എത്തിയതും മുറിവിന് മുകളിലൊരു ഐസ് കഷ്ണം എടുത്തു വെച്ചു..അപ്പച്ചി തലവേദനയെന്ന് പറഞ്ഞു നേരത്തെ കിടന്നത് കൊണ്ടു വീണതും മുറിഞ്ഞതുമൊന്നും അറിഞ്ഞില്ല.. ഒന്നും കഴിക്കാൻ തോന്നിയില്ല.. കഴിക്കാൻ നേരം ദേവന് മുഖം കൊടുത്തില്ല.. കഴിക്കുന്നില്ലേയെന്ന് ചോദിച്ചപ്പോൾ വെറുതെ തലയാട്ടിയതേയുള്ളൂ..
ജഗ്ഗിൽ കുടിക്കാനുള്ള വെള്ളവുമെടുത്ത് മുറിയിൽ എത്തിയപ്പോൾ പതിവില്ലാതെ ആള് മൊബൈലിൽ നോക്കി കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു..
“തന്റെ നെറ്റിയിലെന്ത് പറ്റിയതാ..?”
ചോദ്യം കേട്ടപ്പോൾ വിരലൊന്ന് നെറ്റിയിലെത്തി നിന്നു…
“അത്.. അതു മുറിഞ്ഞതാ…?”
അപ്പോഴേക്കും അരികിലെത്തിയിരുന്നു..
“എങ്ങനെ…?”
“കാവിൽ വിളക്ക് വെയ്ക്കാൻ പോയപ്പോ ഒന്ന് വീണു..”
മുഖമുയർത്താതെയാണ് പറഞ്ഞത്..
“എവിടെ..?”
താടിത്തുമ്പിൽ പിടിച്ചു മുഖമുയർത്തി നെറ്റിയിലെ മുറിവ് നോക്കിക്കൊണ്ടാണ് ചോദിച്ചത്…
“അത്… അത്.. ആ ചെമ്പകച്ചോട്ടിൽ മുല്ല പൂത്തത് കണ്ടപ്പോ.. ഭാമയ്ക്ക്…”
ആ ഭാവവ്യത്യാസം കണ്ടപ്പോൾ ദേഷ്യപ്പെടുമെന്ന് തോന്നിയെങ്കിലും ആള് വേഗം തിരിഞ്ഞു നടന്നു..
“അവിടെ.. അവിടെയാണവളെ… നന്ദയെ..”
ഷെൽഫിൽ നിന്നും മരുന്നും കോട്ടണും എടുക്കുന്നതിനിടെ,പതിഞ്ഞ ശബ്ദത്തിലാണ് അയാൾപറഞ്ഞത്..
ഗംഗയുടെ ഉള്ളിലൂടൊരു വിറയൽ കടന്ന് പോയി..
മുറിവ് ക്ലീൻ ചെയ്തു,ബാൻഡ് എയ്ഡ് ഒട്ടിയ്ക്കുമ്പോഴാണ് ചോദിച്ചത്..
“തനിക്ക്.. തനിക്ക് ഇനി പഠിക്കാൻ പോണോന്നുണ്ടോ..?”
പ്രതീക്ഷിക്കാത്ത ചോദ്യമായത് കൊണ്ടു ഒന്നും പറയാൻ കഴിഞ്ഞില്ല..
പഠിക്കാൻ മിടുക്കികളായ അനിയത്തിമാർക്ക് വേണ്ടി കളമൊഴിഞ്ഞു കൊടുക്കുമ്പോൾ ഉള്ളിലെവിടെയോ മൊട്ടിട്ടിരുന്ന,കുഞ്ഞ് കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറെന്ന,കുഞ്ഞുമോഹം അച്ഛന്റെ വേവലാതികൾക്കൊപ്പം തല്ലിക്കൊഴിച്ചു കളഞ്ഞിരുന്നു…
“അതോ.. ഇപ്പഴും പരീക്ഷയെ പേടിയാണോ..?”
ഞെട്ടലോടെ മുഖമുയർത്തുമ്പോൾ ആ കണ്ണുകളിൽ നിറഞ്ഞ ചിരി കണ്ടു.. ചമ്മലോടെ മുഖം താഴ്ത്തുമ്പോൾ കേട്ടു..
“ഓർമ്മയുണ്ട് എല്ലാം.. ആ പാവാടക്കാരിയുടെ കണ്ണിലെ പ്രണയവും കണ്ടിരുന്നു.. ആദ്യമൊക്കെ പ്രായത്തിന്റെയാണെന്ന് കരുതിയെങ്കിലും പിന്നെ തോന്നി അതിനപ്പുറത്തേയ്ക്കും ഉണ്ടായിരുന്നുവെന്ന്..”
ഗംഗയുടെ ദേഹം വിറയ്ക്കുന്നുണ്ടായിരുന്നു..
“പക്ഷെ അപ്പോഴേക്കും മനസ്സൊരാൾക്ക് കൊടുത്തുപോയിരുന്നെടോ… അവൾക്ക്… നന്ദയ്ക്കും അറിയാമായിരുന്നു…”
ഗംഗ പകപ്പോടെ മുഖമുയർത്തിയപ്പോൾ ദേവന്റെ ചുണ്ടിലൊരു വാടിയ ചിരി തെളിഞ്ഞു..
“അതുകൊണ്ടാവും,ആൾക്ക് തന്നോടിച്ചിരി കുശുമ്പും ഉണ്ടായിരുന്നു.. ഞാൻ തന്നെ നോക്കുന്നതോ സംസാരിക്കുന്നതോ പുള്ളികാരിയ്ക്ക് ഇഷ്ട്ടമല്ലാരുന്നു…പോസ്സസ്സീവ്നെസ്സ് കുറച്ചേറെയുണ്ടാരുന്നു..”
ഏതോ ഓർമ്മയിലെന്നോണം ദേവന്റെ മുഖത്തൊരു ചിരി തെളിഞ്ഞെങ്കിലും അടുത്ത നിമിഷത്തിനുമുൻപേയത് മാഞ്ഞിരുന്നു…
“താൻ.. താൻ കിടന്നോളൂ ..”
പറഞ്ഞതും അയാൾ പുറത്തേക്ക് പോയി..കിടന്നിട്ടും ഗംഗയ്ക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല..രാവേറെ കഴിഞ്ഞൊന്നു മയങ്ങിതുടങ്ങിയപ്പോഴാണ് അരികിലാരോ ഇരിക്കുന്നത് പോലെ തോന്നിയത്.. കണ്ണുകൾ തുറന്നതും മുറിയിലെ അരണ്ട വെളിച്ചത്തിലവൾ കണ്ടു.. കട്ടിലിൽ തനിക്കരികെ, തന്നെ നോക്കിയിരിക്കുന്ന രൂപത്തെ..
അളകനന്ദ..
ആ കണ്ണുകൾ ഗംഗയിലായിരുന്നു..ശബ്ദം പുറത്തേക്ക് വരാതെ പേടിച്ചരണ്ടവളിരിക്കുമ്പോൾ ബാൽക്കണിയിലെ വാതിൽ അടയുന്ന ശബ്ദം കേട്ടു..
“താൻ ഉറങ്ങിയില്ലാരുന്നോ..?”
ദേവന്റെ ശബ്ദത്തോടൊപ്പം മുറിയിലെ വെളിച്ചവും തെളിഞ്ഞു..ഗംഗയുടെ മുൻപിൽ നന്ദ ഉണ്ടായിരുന്നില്ല…
തോന്നിയതാവണം..
“ഞാൻ.. ഞാനെന്തോ സ്വപ്നം കണ്ടു.. “
അവളുടെ മുഖം കണ്ടിട്ടാവണം ജഗ്ഗിലെ വെള്ളമെടുത്തു കൊടുത്തത്..
“കിടന്നോ.. പേടിക്കണ്ട.. ഞാനുണ്ട് ഇവിടെ..”
വീണ്ടും കിടന്നെങ്കിലും ഗംഗയുടെ ശരീരം അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു..
“വല്ലാതെ പേടിച്ചോ…?”
കാതോരം ആ ശബ്ദത്തിനൊപ്പം പിറകിൽ നിന്നും ആ കൈകളും ചേർത്ത് പിടിച്ചിരുന്നു..
“ഉം…”
നേർത്തൊരു മൂളലേ അവളിൽ നിന്നും വന്നുള്ളൂ..
“ഇനി ഉറങ്ങിക്കോ…”
ആ കരവലയത്തിൽ കിടക്കുമ്പോഴും ഗംഗയുടെ കണ്ണുകൾ ചുറ്റുമൊന്ന് പരതി..
വാതിൽക്കൽ വീണ്ടും അവളാ രൂപം കണ്ടു.. നന്ദ.. ആ കണ്ണുകളിലെ തിളക്കം കണ്ണീരായിരുന്നുവോ..
വീണ്ടുമൊരിക്കൽ കൂടെ നോക്കാൻ ഗംഗയ്ക്ക് ധൈര്യമില്ലായിരുന്നു.. തോന്നിയതാവുമെന്ന് വീണ്ടും വീണ്ടും മനസ്സിനെ സമാധാനിപ്പിക്കുവാൻ ശ്രെമിച്ചു എപ്പോഴോ അവളും ഉറങ്ങിപ്പോയിരുന്നു..
ഗോവണിപ്പടികളിൽ, അകത്തളങ്ങളിൽ,നേർത്ത ഇരുൾവീണ ഇടനാഴികളിൽ, ഗംഗ ആരുടേയോ സാമീപ്യം അറിയുന്നുണ്ടായിരുന്നു..ഒപ്പം ആരോ ഉള്ളത് പോലെ.. പക്ഷെ തിരിഞ്ഞു നോക്കുമ്പോൾ ആരുമുണ്ടായിരുന്നില്ല താനും..
അന്നുച്ചയ്ക്ക് ഊണ് കഴിഞ്ഞപ്പോൾ പതിവില്ലാതവളൊന്ന് മയങ്ങിപ്പോയിരുന്നു..ഗോവണിപ്പടികളിറങ്ങുമ്പോഴാണ് ആ പതിഞ്ഞ സംസാരം കേട്ടത്.. ചാരിയിട്ട ഭാമയുടെ അറവാതിൽ തുറന്നതും ആ കാഴ്ചയിൽ അവളമ്പരന്നു..
എന്തൊക്കെയോ പുലമ്പിക്കൊണ്ട് ഭാമയെ തലങ്ങും വിലങ്ങും തല്ലുന്ന രാജേശ്വരിയമ്മ.. കുതറുന്നുണ്ടെങ്കിലും,പ്രായത്തിനെ കവച്ചു വെയ്ക്കുന്ന അവരുടെ കൈക്കരുത്തിൽ ചിറകൊടിഞ്ഞ പക്ഷിയെ പോലെ ഭാമ..
“അപ്പച്ചി..”
വിളി കേട്ട്,തിരിഞ്ഞു നോക്കിയ അവരുടെ മുഖം പ്രേതത്തെ കണ്ടത് പോലൊന്നു വിളറി..
“എത്ര പറ.. പറഞ്ഞാലും അനുസരിക്കില്ല്യാന്ന് വെച്ചാൽ ന്താ ചെയ്യാ..”
തെല്ല് പരുങ്ങലോടെയവർ പറഞ്ഞൊപ്പിച്ചു..
“ഏടത്തീ… കൊ.. കൊല്ലും.. ഇവ.. ഇവര് കൊല്ലും…”
ഭാമയുടെ അലർച്ച കേട്ടാണ് ഗംഗ നോക്കിയത്. തനിക്കരികിലെത്തിയ രാജേശ്വരിയുടെ കണ്ണുകൾ കണ്ട നിമിഷം ഗംഗ തിരിഞ്ഞോടി…പിറകെ അവരും…
എങ്ങോട്ടെന്നില്ലാതെ,പ്രാണ ഭയത്തോടെയുള്ള ഓട്ടം.. കുളപ്പുരവാതിലിനുമുൻപിൽ എത്തിയതും അവളൊന്ന് തിരിഞ്ഞു നോക്കി. ഇല്ല അവരെ കാണാനില്ല.. വാതിൽ വലിച്ചു തുറന്നവൾ ഉള്ളിലേക്ക് കയറി..
താഴേക്കിറങ്ങി അരമതിലിൽ ചാരി നിന്നു നെഞ്ചിൽ കൈ വെച്ചു കിതച്ചു..
“അപ്പച്ചി.. അവർ.. എന്തിന്…?”
ഇറുകെയടച്ച കണ്ണുകൾ തുറന്നപ്പോൾ മുൻപിലവർ.. കയ്യിലെ കഠാരയുടെ വായ്ത്തല തിളങ്ങുന്നുണ്ടായിരുന്നു..
“എ.. എന്തിനാ അപ്പച്ചി..?”
അവർ പൊട്ടിച്ചിരിച്ചു…
“അപ്പച്ചി.. മാമംഗലം തറവാട്ടിലെ ശങ്കരനാരായണന് അടിച്ചുതളിക്കാരിയില് ണ്ടായ ജാരസന്തതി.. തറവാടിന്റെ അന്തസ്സിനും ആഭിജാത്യത്തിനും മുൻപിൽ അയാൾ പ്രണയിച്ചവളെ കൈവിട്ടു.. പിഴച്ചുപോയോളെ വീട്ടുകാരും നാട്ടുകാരും നടതള്ളീപ്പോൾ,ജീവിക്കാൻ അവൾ പിഴച്ചവഴി തന്നെ സ്വീകരിച്ചു… എട്ടാം വയസ്സിലാ വേശ്യേടെ മോളെന്നു വിളിച്ചോന്റെ നെറ്റിയിൽ കല്ലോണ്ടിടിച്ചത്..”
അവരുടെ മിഴികൾ ജ്വലിച്ചു..
“പകയാരുന്നു ലോകത്തോട് മുഴുവനും.. ഞാനും അമ്മയും നരകിക്കുമ്പോ ശങ്കരനും കുടുംബോം സുഖിക്കാരുന്നു.. നെന്റെ ഭർത്താവിന്റെ അച്ഛനും അനിയത്തിയും.. നിക്ക് കൂടെ കിട്ടേണ്ട സൗഭാഗ്യങ്ങൾ…”
അവരൊന്നു കിതച്ചു..
“അതിനിടെ ന്റെ മനസ്സിലുമൊരു വസന്തകാലെത്തി.. പക്ഷെ രൂപഭംഗിക്കപ്പുറം കാര്യത്തോടടുത്തപ്പോൾ അവനും ഞാൻ പിഴച്ചോളുടെ മോളായി.. അന്ന് അവന്റെ ചോര കയ്യിൽ പുരണ്ടപ്പോ ഞാൻ തീരുമാനിച്ചു.. മാമംഗലം തറവാടിന്റെ സർവനാശം..”
അവരുടെ ഭ്രാന്തമായ ചേഷ്ടകൾ കാണവേ ഗംഗയുടെ മിഴികൾ ചുറ്റും പരതുകയായിരുന്നു..
“ഒടുവിൽ ന്റമ്മ മരിച്ചപ്പോൾ അയാൾ വന്നു..ശങ്കരനാരായണൻ ..ങ്ങനെ പ്രായശ്ചിത്തമെന്നോണം രാജേശ്വരി മാമംഗലത്തെ അന്തേവാസ്യായി.. പതിയെ അടുക്കളക്കാരീൽ നിന്നും അപ്പച്ചിയായി.. അപ്പച്ചിയമ്മായി…”
അവർ വീണ്ടും ചിരിച്ചു…
“നെനക്കറിയണ്ടേ ഈ കുളത്തിൽ അവസാനിച്ചോരെ…ദേവന്റെ അച്ഛൻപെങ്ങൾ, ന്റെ അനിയത്തിപെണ്ണ്.. അവളെയാ ഞാനാദ്യം ഇതിൽ താഴ്ത്തീത്.. പിന്നെ ദേവന്റെ അമ്മ… എല്ലാം അറീച്ചാണ് ശങ്കരനെ ഞാൻ യാത്രയാക്കീത്..പാവം”
അവർ വീണ്ടും പൊട്ടിച്ചിരിച്ചു.. പിന്നെ പല്ലുകൾ ഞെരിച്ചു..
“മാമംഗലത്ത് ഇനിയൊരു ജീവൻ പൊട്ടിമുളയ്ക്കരുതെന്ന് കരുതിതന്ന്യാ ദേവനെയും ആ പെണ്ണിനേയും വളർത്തീത്.. പക്ഷെ രണ്ടും ന്നെ തോപ്പിച്ചു കളഞ്ഞു.. അവരുടെ പ്രണയത്തിന്റെ മുന്നിൽ മാമംഗലം തറവാട് തല കുനിച്ചപ്പോ ഭാമയുടെ പ്രവീണിനെ ഞാനങ്ങട് പറഞ്ഞയച്ചു…”
അവരുടെ കണ്ണുകൾ തിളങ്ങി..
“അവൾടെ കയ്യോണ്ട് ന്നെ.. പാലിൽ വിഷം ചേർത്ത്..പാവം അതറിഞ്ഞപ്പോ,സമനില തെറ്റി..പിന്നെവളെ ഭ്രാന്തിയാക്കി അടച്ചിടാൻ നിക്കധികം പണിപ്പെടേണ്ടി വന്നില്ല്യ ..”
“പിന്നെയവൾ.. അളകനന്ദ..ഏറെ പണിപ്പെട്ടേലും ആ കല്യാണം മുടക്കാൻ നിക്ക്യായില്ല.. ന്റെ രഹസ്യങ്ങൾ അവൾ കണ്ടു പിടിക്കൂന്ന് നിക്കുറപ്പാരുന്നു.. പാവം.. അവളും ഈ കുളത്തിന്റെ ആഴങ്ങളിൽ ഉറങ്ങി.. എന്തിനെന്നും ആരെന്നുമറിയാതെ മരണത്തിലേക്ക്..”
പൊടുന്നനെ അവരുടെ മുഖത്തെ ക്രോധം ജ്വലിച്ചു..
“അടുത്തത് നീയ്യ്.. നെന്നെ ഇവടെ വരുത്താതിരിക്ക്യാൻ ഞാൻ പരമാവധി ശ്രെമിച്ചു.. കഴിഞ്ഞില്ല്യ..ല്ലാം അവസാനിപ്പിക്കാന്ള്ള സമയായി..”
“നിങ്ങൾ.. നിങ്ങക്ക് ഭ്രാന്താണ്..”
“അതേടി ഭ്രാന്താ..മാമംഗലത്തിന്റെ അടിവേര് അറുത്താലേത് മാറൂ.. മാമംഗലം ശവപ്പറമ്പാവണത് കണ്ടാലേ ന്റെ ഉള്ളിലെ തീയണയൂ..”
ഗംഗ അവരെ ആഞ്ഞു തള്ളാൻ കൈ ഉയർത്തിയതും രാജേശ്വരി കത്തി ഓങ്ങിയതും ഒരുമിച്ചായിരുന്നു..
അടുത്ത നിമിഷം രാജേശ്വരി പിറകിലേക്ക് വേച്ചതും കത്തി കുളത്തിന്റെ പടവിലേക്ക് തെറിച്ചതിനൊപ്പം, ദേവൻ ഗംഗയെ വലിച്ചു തന്നോട് ചേർത്തിരുന്നു…
അവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തിയ ഗംഗ കണ്ടു പകച്ചു നിൽക്കുന്ന രാജേശ്വരിയുടെ പിറകിലെ രൂപം.. നന്ദ..
ഗംഗയുടെ നോട്ടം കണ്ടാണ് അവരും പിറകോട്ടു തിരിഞ്ഞു നോക്കിയത്.. പേടിച്ചരണ്ട മുഖത്തോടെ അലറിക്കൊണ്ടവർ പിറകോട്ടു തിരിഞ്ഞോടാൻ ശ്രെമിച്ചതും നന്ദ അവരുടെ മുൻപിലായി..
നന്ദ പടവുകളിലിറങ്ങുന്നതിനൊപ്പം രാജേശ്വരി പിറകോട്ടു അടി വെച്ചു..പടവുകളിലൂടെ ഉരുണ്ടുണ്ടവർ കുളത്തിലേക്ക് മറിഞ്ഞു.. പായൽ നിറഞ്ഞ പച്ച നിറത്തിലുള്ള വെള്ളം ഒന്നാകെ ഇളകി മറിഞ്ഞവരെ സ്വീകരിച്ചു..
രാജേശ്വരി താഴ്ന്നു പോയതും കുളത്തിന്റെ അവസാനപടവിൽ നിന്നും നന്ദ അവരെ തന്നെ നോക്കി നിന്നു.. അപ്പോഴാണ് ഗംഗ അറിഞ്ഞത്.. താൻ മാത്രമേ അവളെ കാണുന്നുള്ളൂ…
ഗംഗ പേടിയോടെ ദേവനെ ഇറുകെ പിടിച്ചു.. അവനും..നന്ദയുടെ മിഴികളിലെ ക്രോധം പതിയെ ഇല്ലാതാവുന്നതും ചുണ്ടിൽ വേദനയിൽ പൊതിഞ്ഞൊരു ചിരി തെളിഞ്ഞതും ഗംഗ കണ്ടു…
അവൾ മറ്റാരുടെയും കാഴ്ചയിൽ തെളിയാൻ ആഗ്രഹിക്കുന്നില്ലെന്നും ഗംഗയറിഞ്ഞു..
കുളപ്പുരവാതിൽക്കൽ നിന്നിരുന്ന ഭാമ വേച്ചു വേച്ചു അവർക്കരികിലേക്കെത്തിയതും വലം കയ്യാൽ സുദേവൻ അവളെയും ചേർത്ത് പിടിച്ചു..
ചിരിയോടെ അവരെ നോക്കി നിന്നിരുന്ന നന്ദയുടെ രൂപം മഞ്ഞുപാളി പോൽ പതിയെ അലിഞ്ഞില്ലാതാവുന്നത് ഗംഗ കാണുന്നുണ്ടായിരുന്നു… അവൾ മാത്രം…