ഉടൽവെടിഞ്ഞു പോയീടേണ്ടവർ നമ്മൾ
കുടിലതന്ത്രങ്ങൾ നെയ്യുന്നതെന്തിനേ?
കൊടിയ പാപക്കറകളേറ്റീടാതെ
പടുതയോടുണർന്നീടുവിൻ സാദരം
ഒരു കെടാദീപമായെരിയേണ്ടവർ,
നിരുപമ സ്നേഹമെങ്ങുമേകേണ്ടവർ,
പരമദുഷ്കൃതിയോരോന്നു ചെയ്യുകിൽ
ധരയിൽ നീതിപുലരുന്നതെങ്ങനെ?
അഴകെഴും കാവ്യശീലുകണക്കെനാ-
മൊഴുകിയെത്തിയത്യാർദ്ര,മഭംഗുരം
ഒരുമതന്നാത്മ സൂര്യാംശുവായ് സ്വയ-
മരിയഭാവവിഭൂതി ചൊരിയുവിൻ
ഇവിടെയെന്തുണ്ടഹന്തയ്ക്കു പാത്രമായ്,
ഇവിടെ നേടുന്നതേതുംനിരർത്ഥകം
ഇവിടെയൊന്നേ,നമുക്കുള്ളുശാശ്വത-
മവികലസ്നേഹരൂപൻ പരാത്പരൻ!
അറിയുവിൻ നമ്മളോരോ,നിമിഷവും
ഉറവവറ്റാത്തൊരദ്ധ്യാത്മദർശനം
നിറവെഴുംസർഗ്ഗ സംഗീതധാരയായ്
തഴുകിയെത്തുമഭൗമ സങ്കീർത്തനം
കരുണവറ്റാത്ത ഹൃദയവുമായിനാം,
കനവുകണ്ടു കവിതരചിക്കുവിൻ
സകലജീവനും നന്നായ്സുഖംപകർ-
ന്നകിലുപോലെരി,ഞ്ഞുൺമപുലർത്തുവിൻ
അടിമുടി ജൻമമുജ്ജ്വലിച്ചേറുവാൻ
കടലുപോൽമനം വിശാലമാകണം
ചൊടികളിൽ നറുപുഞ്ചിരിത്തേൻകണം
ഇടതടവേതുമില്ലാതെ തൂകണം
കരളുപൊട്ടിക്കരയുമ്പൊഴേക്കുമെ-
ന്നരികിൽവന്നെൻ മിഴിതുടച്ചില്ലൊരാൾ!
കപടലോകമേ,നിന്നെയറിയുവാ-
നവനിയിലാർക്കു സാധിപ്പതങ്ങനെ?

By ivayana

Leave a Reply

Your email address will not be published. Required fields are marked *