മാത്യുക്കുട്ടി ഈശോ✍️
ന്യൂയോർക്ക്: ജീവകാരുണ്യ പ്രവർത്തനം മുഖമുദ്രയാക്കി ലോങ്ങ് ഐലൻഡ് ന്യൂഹൈഡ് പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ ECHO (Enhance Community through Harmonious Outreach), 2021 മുതൽ വർഷം തോറും നൽകിവരുന്ന ഹ്യൂമാനിറ്റേറിയൻ അവാർഡ് നാലാമത് വർഷവും നൽകുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 2025 ജനുവരി 11 ശനിയാഴ്ച വൈകിട്ട് 4-ന് നടക്കുന്ന പതിനൊന്നാമത് വാർഷിക ഡിന്നർ ആൻഡ് അവാർഡ് നൈറ്റിൽ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് അവാർഡ് സമ്മാനിക്കുന്നതാണ്. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് അവാർഡായി നൽകുന്നത്. പതിവുപോലെ ജെറീക്കോയിലുള്ള കൊട്ടിലിയൻ റസ്റ്റോറന്റിൽ വച്ചാണ് (The Cottilion, 440 Jericho Turnpike, Jericho, NY 11753) അവാർഡ് ദാന ചടങ്ങ് നടക്കുന്നത്.
എക്കോയുടെ നിബന്ധനകൾ പാലിക്കപ്പെടുന്ന വ്യക്തിയെയാണ് അവാർഡിനായുള്ള പ്രത്യേക കമ്മറ്റി തെരഞ്ഞെടുക്കുന്നത്. നിബന്ധനകൾ: (1) അവാർഡിന് അപേക്ഷിക്കുന്നവർ വ്യക്തികളായിരിക്കണം. (2) അപേക്ഷകർ അമേരിക്കയിലെ ഏതെങ്കിലും സംസ്ഥാനത്തു താമസിക്കുന്നവരായിരിക്കണം (3) ലോകത്തിന്റെ ഏതു ഭാഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവരായിരിക്കണം (4) ക്യാഷ് അവാർഡായി ലഭിക്കുന്ന 2,500 ഡോളർ അവർ ചെയ്യുന്ന ഏതെങ്കിലും കാരുണ്യ പ്രവർത്തന പ്രോജെക്ടിലേക്കു ഉപയോഗിക്കേണ്ടതാണ് (5) ന്യൂയോർക്കിൽ വച്ച് 2025 ജനുവരി 11 ശനിയാഴ്ച നടത്തപ്പെടുന്ന അവാർഡ് ദാന ചടങ്ങിൽ നേരിട്ട് ഹാജരായി അവാർഡ് സ്വീകരിക്കാൻ തയ്യാറുള്ളവരായിരിക്കണം (6) അപേക്ഷകർ 18 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഇന്ത്യൻ വംശജരും ആയിരിക്കണം (7) കഴിഞ്ഞ വർഷങ്ങളിൽ ചെയ്തിട്ടുള്ള കാരുണ്യ പ്രവർത്തനങ്ങളുടെ വിശദ റിപ്പോർട്ടും തെളിവുകളും സഹിതം അപേക്ഷകൾ ഡിസംബർ 27 വെള്ളിയാഴ്ച രാത്രി 12 മണിക്ക് (ന്യൂയോർക്ക് സമയം) മുമ്പായി echoforusa@gmail.com എന്ന ഈമെയിലിൽ ലഭിച്ചിരിക്കണം (8) മുൻ വർഷങ്ങളിൽ എക്കോയിൽ നിന്നും പ്രസ്തുത അവാർഡിന് അർഹരായവർ വീണ്ടും ഈ വർഷത്തെ അവാർഡിന് അപേക്ഷിക്കാൻ യോഗ്യരല്ല (9) ECHO നിശ്ചയിക്കുന്ന അവാർഡ് കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
എക്കോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതിനാലാണ് അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തികളെ ആദരിക്കുന്നതിൻറെ ഭാഗമായി “എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്” പ്രാബല്യത്തിൽ കൊണ്ടുവന്നത്. സ്വന്തം വരുമാനത്തിൽ നിന്നും തുക ചിലവഴിച്ച് കേരളത്തിലേയോ ഇന്ത്യയിലേയോ പല ഭാഗങ്ങളിലായി ധാരാളം കാരുണ്യ പ്രവർത്തനങ്ങൾ വർഷങ്ങളായി ചെയ്ത് വരുന്നവരെയാണ് നിരവധി അപേക്ഷകരിൽ നിന്നും അവാർഡിന് അർഹരായവരെ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ എക്കോ തെരഞ്ഞെടുത്തത്. ഇന്ത്യയിലും അമേരിക്കയിലും കഴിഞ്ഞ പതിനൊന്ന് വർഷമായി ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന എക്കോ ഇതിനോടകം കിടപ്പാടമില്ലാത്ത ഏകദേശം അൻപതോളം നിർധനരായവർക്കാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി വീടുകൾ നിർമ്മിച്ച് നൽകിയത്. എക്കോയ്ക്ക് ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങളും സഹായങ്ങളും പ്രത്യക്ഷമായും പരോക്ഷമായും നൽകുവാൻ സാധിച്ചു എന്നത് അഭിമാനാർഹമാണ്. ഓരോ വർഷവും പുതിയ മേഖലകളിൽ അർഹരായവർക്ക് സഹായം നൽകുന്നതിന് ഈ സംഘടനയ്ക്ക് സാധിച്ചു.
501 (സി) (3) നോൺ പ്രോഫിറ്റ് ചാരിറ്റി സംഘടനയായി രജിസ്റ്റർ ചെയ്യപ്പെട്ട എക്കോ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. എക്കോയിലേക്ക് ചാരിറ്റിയുടെ പങ്കാളികളായി സംഭാവന നൽകുന്നവർക്ക് അമേരിക്കൻ ആദായനികുതി വകുപ്പ് 501(c)(3) പ്രകാരം നികുതിയിളവിന് അർഹതയുണ്ട്. അതിനാൽ സഹായിക്കുവാൻ സന്മനസ്സുള്ള ധാരാളം പേർ തങ്ങളുടെ സംഭാവന ശരിയാംവിധം അർഹതപ്പെട്ടവർക്ക് തന്നെ ലഭിക്കും എന്ന വിശ്വാസത്താൽ തങ്ങളുടെ വരുമാനത്തിൽ നിന്നും മിച്ചം വയ്ക്കുന്ന തുക എക്കോയെ ഏൽപ്പിക്കുവാൻ താൽപര്യപ്പെടുന്നു.
ന്യൂയോർക്ക് ലോങ്ങ് ഐലൻഡിലെ ന്യൂ ഹൈഡ് പാർക്കിൽ എക്കോയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി മുതിർന്ന പൗരന്മാരുടെ ആരോഗ്യത്തിനും സൗഹൃദത്തിനുമായി നടത്തി വരുന്ന “സീനിയർ വെൽനെസ്സ്” പരിപാടി ഈ സംഘടനയുടെ പ്രവർത്തനങ്ങളിൽ ഒരു പൊൻതൂവലായി മുന്നേറുകയാണ് എന്നത് പ്രശംസനീയമാണ്. ലോങ്ങ് ഐലൻഡ് ചുറ്റുവട്ടത്തുള്ള ഏകദേശം മുന്നൂറോളം മുതിർന്ന പൗരന്മാരാണ് ഈ കൂട്ടായ്മയുടെ പ്രയോജനം അനുഭവിച്ചു വരുന്നത്. വീടുകളിൽ ഏകാന്തത അനുഭവിച്ചു വരുന്ന റിട്ടയർ ചെയ്ത മുതിർന്ന പൗരന്മാരുടെ മാനസികോല്ലാസത്തിനും ആരോഗ്യ പരിപാലനത്തിനും സൗഹൃദ വലയം വികസിപ്പിക്കുന്നതിനും ഉള്ള അവസരമായി മാറിയിരിക്കുകയാണ് സീനിയർ വെൽനെസ്സ്.
എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് മൂന്നര മുതൽ ഏഴു മണി വരെ ന്യൂ ഹൈഡ് പാർക്കിലെ ക്ലിന്റൺ ജി മാർട്ടിൻ ഹാളിൽ നടത്തി വരുന്ന സീനിയർ വെൽനസ്സിൽ മുതിർന്നവർക്കുള്ള ആരോഗ്യ പരിപാലന എക്സർസൈസുകൾ നടത്തുകയും വിജ്ഞാനപ്രദമായ വിവിധ വിഷയങ്ങൾ ചർച്ചചെയ്യപ്പെടുകയും ചെയ്യാറുണ്ട്. സീനിയർ വ്യക്തികൾക്കായി ഒരു അഡൾട്ട് ഡേ കെയർ സ്ഥാപിച്ച് ആഴ്ചയിൽ എല്ലാ ദിവസവും മുതിർന്ന പൗരന്മാർക്കായുള്ള സേവനം നൽകണമെന്ന ബ്രഹത്തായ പദ്ധതിക്കാണ് എക്കോ തയ്യാറെടുക്കുന്നത്. അതിനായി പുതിയ പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുന്നതിനുള്ള യജ്ഞത്തിലാണ് എക്കോ കമ്മറ്റി അംഗങ്ങൾ.
അവാർഡ് സംബന്ധിച്ചും ECHO യുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിയണമെന്ന് താൽപ്പര്യമുള്ളവർ 516-902-4300 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. Visit: www.echoforhelp.org.