കാലത്തിന്റെ ചിറകടിയിൽ
ചിലർ താഴേയ്ക്കു പോയി.
കാലത്തിന്റെ ചിറകടിയിൽ
ചിലർ മേലേയ്ക്കു പോയി.
ചിലർക്ക് ആഘാതങ്ങളും
ചിലർക്ക് ആഹ്ലാദങ്ങളുമേറ്റു.
കാലവും കർമ്മവും
ധർമ്മത്തെ ലക്ഷ്യമാക്കിയും
ധർമ്മത്തെ പരിപോഷിപ്പിച്ചും
ഒരുമിച്ചാണ് പ്രയാണം.
മേലോട്ടു പോയവർ പലരും
കാലത്തെയും കർമ്മത്തെയും മറന്നു.
ധർമ്മത്തെ അറിയാത്തവരായി.
താഴോട്ടു പോയവർ പലരും
കാലത്തെയും കർമ്മത്തെയും വണങ്ങി.
ധർമ്മത്തെ പൂജിച്ചു.
കാലത്തിന്റെ ചിറകടിനാദം
വീണ്ടും മുഴങ്ങി.
കാലത്തെയും കർമ്മത്തെയും
ധർമ്മത്തെയും നിന്ദിച്ചവർ
കൂപ്പുകുത്തി നിലംപതിച്ചു.
കാലത്തെയും കർമ്മത്തെയും വന്ദിച്ച്
ധർമ്മത്തെപൂജിച്ചവർ
അഥവാ സമയത്തെയും പ്രവൃത്തികളെയും
അന്വർത്ഥമാക്കി ജീവിത ധർമ്മം നിർവ്വഹിച്ചവർ
ഉയരങ്ങളിലെത്തി വിളങ്ങി.
അതെ !
ഏകാന്തതയിൽ
ശ്രദ്ധയോടെ കാതോർക്കൂ.
മഹാപ്രപഞ്ചത്തിന്റെ
അനന്തനീലിമയിൽ
ശാന്തസുന്ദരവും
പ്രൗഢഗംഭീരവുമായ
മഹാപ്രണവമായ്
കാലത്തിന്റെ
ആ ചിറകടിനാദം
കേൾക്കുന്നുണ്ട് !

എം പി ശ്രീകുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *