“യഹൂദിയായിലെ ഒരു ഗ്രാമത്തിൽ…”
എന്ന ഗാനം കേൾക്കുമ്പോഴെല്ലാം ക്രിസ്മസിന്റെ സ്മരണകൾ മനസിലുണരുന്നുവെങ്കിൽ അതിനു കാരണക്കാരനായ മനുഷ്യനെ നാമറിയണം. അത് പാടിയ ഗായകനെയല്ല, ആ വരികളെഴുതിയ ഗാനരചയിതാവിനെ.
മധുരസ്മരണകളുണർത്തുന്ന ക്രിസ്മസ് ഗാനങ്ങളുടെ രചയിതാവായ മറ്റക്കര സോമൻ എന്ന സാധുവിനെ കൊടും ചതിയിലൂടെ വിസ്മൃതിയിലേക്ക് തള്ളിയിട്ടത് കാലമോ വിധിയോ മാത്രമല്ല, മലയാളികളുടെ സ്വന്തം ഗാനഗന്ധർവ്വനും അദ്ദേഹത്തിന്റെ സ്ഥാപനമായ തരംഗിണിയും ചേർന്നാണത്രേ..! 1986ൽ സംഗീതസംവിധായകൻ എ.ജെ.ജോസഫിന്റെ ആവശ്യപ്രകാരമാണ്‌ സോമൻ പതിനാറു ഗാനങ്ങൾ തരംഗിണിക്കു വേണ്ടി എഴുതിയത്. ഇതിൽ പത്തു ഗാനങ്ങൾ തെരഞ്ഞെടുത്ത തരംഗിണിയും യേശുദാസും സോമനോട് കാണിച്ച ക്രൂരതയാണ്‌ ഇക്കാലമത്രയും വെളിച്ചത്തു വരാതിരുന്നത്. പാട്ടൊന്നിന്‌ ആയിരം രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് കരാറൊപ്പിടാൻ പോകേണ്ടുന്ന ദിവസം സോമൻ രോഗബാധിതനായി ആശുപത്രിയിലുമായി. സംസാരശേഷിയും ഓർമ്മയുമൊക്കെ നഷ്ടപെട്ടു. ഇതിനിടെ തരംഗിണിയും എ.ജെ.ജോസഫും യേശുദാസും ചേർന്ന് സോമന്റെ പാട്ടുകൾ ‘സ്നേഹപ്രതീകം’ എന്ന പേരിൽ ആൽബമായി ഇറക്കി.
കാവൽ മാലാഖമാരേ..
പൊന്നു മീറ കുന്തുരുക്കം…
രാത്രി രാത്രി രജതരാത്രി…
ഉണരൂ മനസ്സേ…
അലകടലും കുളിരലയും…
ദൂരെ നിന്നും… ദൂരെ ദൂരെ നിന്നും…
ദൈവസ്നേഹം നിറഞ്ഞുനിൽക്കും..
കാതുകളേ… കേൾക്കുന്നുവോ…
യഹോവയാം ദൈവമെൻ…
എന്നിവയായിരുന്നു മറ്റു ഗാനങ്ങൾ.
മലയാള ക്രൈസ്തവഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും നല്ല ക്രിസ്മസ് ഗാനസമാഹാരമെന്ന് ഉറപ്പിച്ചു പറയാവുന്ന സ്നേഹപ്രതീകത്തിലെ ഗാനങ്ങൾക്ക് ഇന്നും പുതുമ നഷ്ടപ്പെട്ടിട്ടില്ല. പിൽക്കാലത്ത് വൈദികരടക്കം പല പ്രമുഖരും പടച്ചുവിട്ട ഗാനങ്ങളെക്കാളും എത്രയോ ഉയരത്തിലായിരുന്നു അവയെന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ സോമന്‌ ഒരു പൈസ പോലും പ്രതിഫലം നൽകിയില്ലെന്നു മാത്രമല്ല ആ കാസെറ്റിന്റെ കവറിലും മറ്റും ‘രചന & സംഗീതം: എ.ജെ.ജോസഫ്’ എന്നാണ്‌ അടിച്ചുവന്നതും. യഥാർത്ഥഗാനരചയിതാവായ മറ്റക്കര സോമനെ തരംഗിണിയും, ജോസഫും ഗന്ധർവ്വനും മറന്നു. പിന്നീടൊരിക്കൽ അസുഖമൊക്കെ മാറി സംസാരശേഷിയും ഓർമ്മയുമൊക്കെ വീണ്ടുകിട്ടിയപ്പോൾ യേശുദാസിനോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ വളരെ നിരുത്തരവാദപരമായാണ്‌ അദ്ദേഹം പ്രതികരിച്ചതെന്നും സോമൻ ഓർക്കുന്നു.

ജിൻസ് സ്കറിയ

By ivayana

Leave a Reply

Your email address will not be published. Required fields are marked *