രചന : ഷാജി പേടികുളം ✍️
മനുഷ്യർ സ്വപ്നങ്ങൾ
നെയ്തു കൂടുണ്ടാക്കി
അതിൽ മോഹങ്ങളുടെ
തൂവലുകൾ വിരിച്ച്
പ്രതീക്ഷകളിൽ
മതിമറന്നിരിക്കേ…
കാലം കണ്ണീർ മഴ തൂവി
തെല്ലു പരിഹാസക്കാറ്റു വീശി കടന്നുപോകുന്നു.
അനുഭവപ്പെരുമഴയിലും
വേനൽ ചൂടിലും
പഠിച്ച പാഠങ്ങൾ
നിഷ്ഫലമാകുന്ന
നിസഹായാവസ്ഥയിൽ
ഒരു പെരുമഴക്കാലമായ്
മനസ് പെയ്തൊഴിയുമ്പോൾ
കിഴക്കൊരു ചെന്താമര
വിടരും പോലെ
ചില മനസുകൾ തെളിയുന്നു.
ചിലരുടെ കണ്ണീർ മൊട്ടുകൾ
ചിലരുടെ ചിരിപ്പൂക്കളായി വിടരുന്നു
കാലമാകുന്ന പുസ്തകത്തിൽ
ജീവിത പാഠം തിരയുന്നവർ
അർത്ഥമറിയാതെയുഴലുമ്പോൾ
തെല്ലു പരിഹാസത്തോടെ
പുസ്തകം നമ്മെയോർത്തു ചിരിപ്പൂ
സ്വയമഭിമാനം കൊള്ളും
മർത്യൻ കേവലമൊരു ജീവി
മൃതിയുടെ ശൂന്യതയിൽ
തിളങ്ങും മുത്തെടുക്കാൻ
കുതിക്കുന്നു മർത്യർ;
മിഴികളിൽ നേട്ടങ്ങളുടെ
പ്രത്യാശ തൻ പ്രകാശം
മനസിലോ സ്വാർത്ഥതയുടെ
കരിനിഴൽ വീണ കൂരിരുളും.