പണ്ട്
തറവാടിന്
കാർന്നവരുണ്ടായിരുന്നു.
കൂട്ടുകുടുംബം !
അമ്മയും അമ്മായിയമ്മയും
അമ്മായിയും
മക്കളും മരുമക്കളും
വല്യേട്ടനും ചേച്ചിയും
പിൻമുറക്കാരും
പേരക്കിടാങ്ങളും.
കലപിലാരവങ്ങൾ!
ആട്ടവും
നൃത്തവും കഥകളിയും
സംഗീത സായാഹ്നവും….!
നയനാതിരേകക്കുളിരോർമകൾ !
പാചകപ്പുരയുണ്ടായിരുന്നു …
പാചകത്തിനും, വിളമ്പാനും
കുശനിക്കാർ…..!
വിറക് വെട്ടുകാർ,
തൊടിപ്പണിക്കാർ,
ത്‌ലാവിൽ വെള്ളം തേവുന്നവർ…..
തീണ്ടലുകാർക്ക്
കുഴികുത്തി ഇലവച്ചും,
തീണ്ടലില്ലാത്തവർക്ക്
ഊട്ട് പുരയിൽ ഇലനിരത്തിയും
ഭോജന വിവേചനം!
“അത്താഴപ്പഷ്ണിക്കാർ ഉണ്ടോ?”
എന്ന് അമ്മമാരുടെ ചൊല്ലിപ്പറയലും….!
തണലായ്കുടുംബം,
ഇമ്പമേകിയും നിർഭയ ഉറക്കവും
സ്വപ്നങ്ങളും നൽകിയും
നാലു കെട്ടും
പുരയും കുടിലും …!
പിന്നെ തറവാട്
വീടായി മാറി
കുടിലുകൾ
ഓട് പുരകളും
വാർക്ക പ്പുരകളുമായി
കൂട്ടുകുടുംബത്തിൽ നിന്നും
അണുകുടുംബത്തിലേക്ക്…..
നാം രണ്ട് നമുക്ക് രണ്ട് !
ഇണതുണകൾ കൂലിപ്പണിക്കാരായി,
കർഷകരായി,
ജോലിക്കാരായി,
ഉദ്യോഗസ്ഥരായി,
ജീവനക്കാരും അധ്യാപകരുമായി….!
പാചകപ്പുര അടുക്കളപ്പുരയായി!
കുടുംബിനിയും
വീട്ടമ്മയുമുണ്ടായി….
ഗുരുകുലങ്ങൾ
പള്ളിക്കൂടങ്ങളും വിദ്യാലയങ്ങളുമായി ……!
മാതാപിതാക്കൾ
പേരമക്കൾ…!
അടുക്കളക്കോലായിത്തറയിൽ
കൊരണ്ടിപ്പലകയിലിരുന്നും ,
പിന്നെ വീടിൻ്റെ നടുത്തളത്തിലെ
ഭക്ഷണ ഹാളിലെ ഭക്ഷണ മേശക്കു ചുറ്റം
കസാലനിരത്തിയിരുന്നും…..
വിവേചനമന്യേ ഭോജനം…!
വിരുന്ന് വരവും
വിരുന്ന് പോക്കും…
ഒരുമിച്ച് പായ് വിരിച്ച് കൂടിയുറക്കം!
സ്വർഗം പൂക്കുന്ന കുടുംബം
സുഗന്ധ സ്വർഗം …
ഹാ! ഹെന്തൊരു കൺകുളിർമ….
ആനന്ദം ….. ആഹ്ലാദം…..!
ഓർമക്കുളിരുകൾ …!
പോകെ പോകേ,
വിദ്യാലയങ്ങളിൽ തരംതിരിവുകളായി
സർക്കാർ, സ്വകാര്യം, ആംഗലയം……
ടെക്കികളും പ്രൊഫഷനലുകളുമുണ്ടായി!
വീടകങ്ങൾ ശൂന്യമായി…
മക്കളുടെ പടിയിറക്കം,
യാത്രാമൊഴി… യാത്രപ്പാട്ടുകൾ…..
മാതാക്കളുടെ പിൻവിളി കേൾക്കാതെ,
കഴലുകളിൽ കെട്ടിയ മാതാവിൻ്റെ
മുടിനാരുകളെ പെട്ടിച്ചെറിഞ്ഞും…
വിതുമ്പിയും… വിതുമ്പാതെയും…!
മക്കൾ പ്രവാസികളും
പട്ടണവാസികളുമായി
പട്ടണത്തിലെ മാളികനിലകളിലെ
വാടക നിവാസികളായി മക്കൾ!
ഇങ്ങിവിടെ,
വീടുകളിൽ
പൂപ്പലും പ്രാണിയും പറവകളും കയറിയിറങ്ങി …!
മാതാപിതാക്കളുടെ വിലാപങ്ങൾ വീർപ്പുമുട്ടലുകളായി,
അവരുടെ രോഗവും, ചികിത്സയും,
പരിചരണവും, മരണക്രിയകളും
മാളികനിലകളിലെ സന്ദർശന മുറികളിലെ
വിദൂരദർശിനിത്തിരശ്ശീലകളിൽ തെളിയുന്ന
കാഴ്ചകളും …. കണ്ണീരുമായ്….!
അന്യദേശങ്ങളിൽ
പൗരത്വ വേരുകളിറക്കി,
ജനന ദേശ വേരുകളറുത്ത് …..
തിരിച്ചു വരവിൻ്റെ യാത്രാരേഖകൾ തീയിട്ടെരിച്ചു……
പിന്നെ
കാമിനി,
പ്രാണസഖി
ജീവിത സഖി,
കുടുംബിനി.
പ്രണനായകൻ
ജീവനായകൻ….
ഇവരെല്ലാം
കുടിയിറങ്ങി….|
അവിടെ ലവറും ബെസ്റ്റിയും
ഉണ്ടായ്..!
താലിചാർത്തലും
നിക്കാഹും … മധുരം നല്കലും
പുടവ കൈമാറലുമൊക്കെ,
കൂടെക്കഴിയലിനും
കൂടെക്കിടക്കലിനും
വഴിമാറിയ ലിവിംഗ് റ്റുഗതർ !
തന്തയറിയാതെ മക്കൾ!
മക്കളെയറിയാന്ത തന്ത!
തന്തയെ ചൂണ്ടിപ്പറയാൻ
ടെസ്റ്റ് നടത്താനിറങ്ങുന്ന അമ്മ!
പിന്നെ ലൈംഗികാതിക്രമം
പോക്സോ ….. പീഢനം…
ജയിൽ വാസം…. ജീവിതം !
അടുക്കളമുറിയുമടുപ്പും സ്റ്റൗവും,
സ്വിഗ്ഗിക്കും സൊമാറ്റോക്കും വഴിമാറി..
ടെലിവിഷൻ മുറികൾ ശൂന്യമായി….
കൂടിയിരുത്തം ഇല്ലാതെയായ് …
എല്ലാവരും സ്മാർട്ട് ഫോണിലെ
യൂട്യൂബ്, ഇൻസ്റ്റ, എഫ് ബി ലോകങ്ങളിൽ ഊളിയിട്ടു…
കുടുംബവും
തണലും
അച്ഛനും അമ്മയും
ചേച്ചിയും ചേട്ടനും
അനുജനും അനുജത്തിയും
മകനും മകളും
ഇണതുണകളും
നാടിനന്യമായി …..
കടം കഥകളും
മുത്തശ്ശിക്കഥകളുമായി —–!
കുടുംബമെന്ന പേര് പോലും
നെല്ലുപോലെ
നെൽപാടം പോലെ
കൃഷി പോലെ
തലമുറക്ക്
അപരിചിത നാമവും രൂപവുമായി….!
എങ്കിലും
ഒന്നു പറയാം
ഇനി നാം
ഒരു തിരിച്ച് വരവിലേക്ക് പടിയിറങ്ങണം
ഒരു മടക്കയാത്ര !
തണലാണ് കുടുംബം…..
സ്വർഗ്ഗം പൂക്കും കുടുംബം….
മനവസംസ്കാര ത്തൊട്ടിലാണ് കുടുംബം!
പൊക്കിൾ ക്കൊടിക്കെട്ടാണ് കുടുംബം !
✍️

കമാൽ കണ്ണിമറ്റം

By ivayana

Leave a Reply

Your email address will not be published. Required fields are marked *