രചന : നിജീഷ് മണിയൂർ✍️
ഒരു പരകായ
പ്രവേശനത്തിനിടയിൽ
കണ്ടുമുട്ടിയവർ നമ്മൾ.
കുഴിമാടങ്ങളിൽ നിന്നും
ശവനാറി പൂക്കളെ
കിനാക്കണ്ടവർ നമ്മൾ.
നിറയെ ചുവന്ന ഇതളുകളുള്ള
നിന്റെ ഓരോ മുടിനാരുകളിലും
നീ ചൂടിയതത്രെയും
നക്ഷത്രങ്ങളെയായിരുന്നു.
ഹൃദയം കരിങ്കലാണെന്ന്
പറയുമ്പൊഴൊക്കെയും
ശില്പത്തിന്റെ
സാധ്യതകളെ കുറിച്ച്
ഏറെ സംസാരിച്ചവർ
നമ്മൾ.
ജീവിച്ചിരിക്കുന്നവർ
കവർന്നെടുത്തതത്രയും
നിന്റെയും
എന്റെയും
സ്വപ്നങ്ങളാണെന്ന്
പറഞ്ഞ്
ഏറെ വാചാലായവർ
നമ്മൾ
ഈ കുഴിമാടത്തിന്
ഒരു ജനലഴിയെങ്കിലും
ഉണ്ടായിരുന്നെങ്കിൽ
നക്ഷത്രങ്ങളെ
നോക്കി
കണ്ണിറുക്കാമായിരുന്നു.
പകലന്തിയോളം
ഉറങ്ങാതെ
കഥകൾ പറഞ്ഞുണരാമായിരുന്നു.
പുനർജനി തേടുന്ന
രണ്ട് ആത്മാക്കളായ്
നക്ഷത്രങ്ങളെ
പകലന്തിയോളം
തിരയാമായിരുന്നു.