രചന : മധു മാവില✍️
യുദ്ധത്തിൽ
ആരാണ് ജയിച്ചതെന്ന്
മനസ്സിലാവാതെ
സാക്ഷികളിലൊരാൾ
ജയ് വിളിച്ച കൗരവരോട്
ചോദിച്ചു..
മനസിലായില്ലേ
തോറ്റ് തൊപ്പിയിട്ടവൻ
തലതാഴ്തി ഒന്നും
മിണ്ടാനാവാതെ പുറത്തേക്ക്
പോകുന്നത് കണ്ടില്ലേ..!
ഇരുട്ടിൽ ഓരിയിട്ട്
ജയ് വിളിക്കുന്നതിനിടയിൽ
അയാൾ പറഞ്ഞത്
നിങ്ങളാരെങ്കിലും കേട്ടുവോ..?
വാക്കിൻ്റെ തീക്കനൽ
പുകയുന്ന കൊടിമരത്തണലിൽ
ആത്മഹത്യ ചെയ്തവർ,
നിങ്ങളാണ് തോറ്റതെന്ന്.
കൂക്കി വിളിക്കുന്നവരറിയാതെ
കൊടിമരത്തിൻ്റെ വേരുകളിൽ
തീക്കനലുകൾ പെറ്റുപെരുകി
നേരിൻ്റെ മേലേരിയായി
വാക്കുകൾ പൊള്ളിയടരുന്നു.
ജയ് വിളിക്കിടയിൽ
കൂക്കി വിളിച്ചവരൊറ്റയായി
ചതുപ്പു നാറ്റങ്ങളിൽ പൂണ്ട്
കെട്ടുപോയ വരമ്പിലൂടെ
അയാളൊന്നും
മിണ്ടാതെയിന്നും നടക്കുന്നുണ്ട്
ഹെൻറിക് ഇബ്സനെപ്പോലെ
ആരാണ് ജയിച്ചതെന്ന്
മനസ്സിലാവാത്ത
സാക്ഷികളിലൊരാൾ
ജാഥ വിളിച്ചവരോട് ചോദിച്ചു.
തോറ്റതാരാണ്…?
തീക്കനലിൽ
പാതിവെന്ത്
ഒന്നും മിണ്ടാനാവാതെ
നടക്കുന്നവർ..!