രചന : ജലജ സുനീഷ് ✍️
നീ മരണത്തെ
ആഗ്രഹിക്കുന്നു എങ്കിൽ
ഞാനൊരു പ്രണയം തരാം.
അവസാനത്തെ ചുംബനം നൽകാം.
ഒരുപിടി മണ്ണ്,
ചന്ദനവും വെളളവും തൊട്ട് –
കറുകയിൽ പൊതിഞ്ഞൊരുരുള,
വിശപ്പു മാറ്റാൻപോന്ന പ്രണയത്തിൻ്റെ
ഒറ്റത്തിരി നിലവിളക്ക്’
ഒരു നിശാഗന്ധി വിരിഞ്ഞ് –
സുഗന്ധം പൊഴിഞ്ഞ് –
സ്വപ്നങ്ങൾ കെട്ടടങ്ങുമ്പോഴേക്കും
നിനക്കു തരാനുള്ള വസന്തം
വൈകിപ്പോയിരിക്കും.
ദാഹം തീരാത്ത ഇലകൊഴിഞ്ഞ –
മരങ്ങൾക്ക് ചുവട്ടിൽ നീ
തണലു തേടുമ്പോൾ
തളിരുകൾ കൊഴിഞ്ഞ മഞ്ഞുകാലവുമായ്
ഹേമന്തത്തിൻ്റെ അവസാനങ്ങളിൽ
ഞാൻ കാത്തു നിൽക്കും.
പ്രണയത്തിൻ്റെ ശവപ്പെട്ടി
അടക്കാനായ് യാത്ര പോവുമ്പോൾ
മരണം ആഗ്രഹിക്കുന്നവൻ്റെ –
തടവറക്കുള്ളിൽ നിന്നും
വിലാപത്തിൻ്റെ പ്രണയാഭ്യർത്ഥന
കനിവോടെ ഞാൻ മനസിലാക്കുന്നു.
ഇനി പറയു..
ജീവിതമാണോ പ്രണയമാണോ
നിനക്കു വേണ്ടതെന്ന്..