രചന : സഫി അലി താഹ✍️
ഉടുതുണി വലിച്ചുപറിച്ചെറിഞ്ഞ് നഗ്നതയാസ്വദിച്ച് ഓർഗാസം അനുഭവിക്കുന്ന ഭർത്താവിനെ കുറിച്ചവൾ പറയുമ്പോൾ അവളുടെ മുഖത്ത് കല്ലിന്റെ മരവിപ്പായിരുന്നു…..
ഒരു മിനിറ്റ് കൊണ്ട് തന്റെ ആവശ്യം പൂർത്തിയാക്കി തിരിഞ്ഞുകിടന്നുറങ്ങുന്നവനെ കുറിച്ച് പറയുമ്പോൾ ഒരുവൾക്ക് നിർവികാരതയായിരുന്നു.
സെക്സ് ചെയ്യാൻ തോന്നുമ്പോൾ മാത്രം സ്നേഹം കൊണ്ട് വരുന്നവനെ കുറിച്ച് പറയുമ്പോൾ ഒരുവൾക്ക് പുച്ഛമായിരുന്നു…..
സെക്സ് ചെയ്ത് കഴിയുമ്പോൾ ആലുവ മണൽപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കാത്തവനെ കുറിച്ച് പറയുമ്പോ ഒരുവൾക്ക് വെറുപ്പായിരുന്നു.
അവൾക്ക് വേണ്ടത് തുറന്നുപറഞ്ഞപ്പോൾ എവിടെനിന്നും കിട്ടി, വല്ലവന്റേം ഒപ്പം പോയോ എന്ന് ചോദിച്ച പാർട്ണറേ കുറിച്ച് പറഞ്ഞപ്പോൾ അവൾ അങ്ങേയറ്റം നിർവികാരയായി മാറിയിരുന്നു.
എന്ത് പറഞ്ഞാലും സ്നേഹിച്ചാലും എന്തൊക്കെ കൊടുത്താലും ഭർത്താവുമായി സഹകരിക്കാതെ നമസ്കാരം മാത്രമായി കഴിയുന്ന ഭാര്യയെ കുറിച്ച് പറയുമ്പോൾ ഒരുവന്റെ വേദനയും ഞങ്ങൾ കണ്ടു.
ഒരു ചെറിയ പെണ്ണ് പറഞ്ഞത്, ഭർത്താവ് പറഞ്ഞത്രേ അയാൾക്ക് എല്ലാം കഴിയുന്നതാണ് സെക്സ് എന്ന്…..!!
കിടക്കാൻ വരുമ്പോൾ മൊബൈൽ യൂസ് ചെയ്ത് ഒരുവനെ മൈൻഡ് ആക്കാത്ത ഭാര്യയെ കുറിച്ച് പറയുമ്പോൾ അയാൾക്ക് സങ്കടമായിരുന്നു.
മൊബൈലിനെ സ്നേഹിക്കുന്ന ഭർത്താവിനെ കുറിച്ച് പറയുമ്പോൾ ഒരുവൾക്ക് ദേഷ്യമായിരുന്നു.
ഷെഡിയിൽ പച്ചമുളക് തേച്ച് വെച്ച ഭാര്യയെ കുറിച്ച് ഒരുവൻ പറയുമ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി.
രാവിലെ മുതൽ രാത്രി വരെ സ്നേഹത്തോടെ നിന്നിട്ട് അത്താഴം കഴിഞ്ഞശേഷം ദേഷ്യവും അക്രമവും കാണിക്കുന്ന ഭർത്താവിന്റെ വിചിത്ര സ്വഭാവത്തെ കുറിച്ചവൾ പറഞ്ഞ് പൊട്ടിക്കരഞ്ഞു…..എന്തുകൊണ്ടാകും അങ്ങനെ, എനിക്ക് വേറെ ഒരാളോട് പറയാനാകുന്നില്ല എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ചോദിച്ചു,
നിങ്ങളുടെ ലൈംഗിക ജീവിതമൊക്കെ സംതൃപ്തമാണോ?
ഏയ്, എത്രയോ നാളായി.
അതെന്താ അങ്ങനെ?
അയാൾ തിരിഞ്ഞു കിടന്നുറങ്ങുകയായിരുന്നു പതിവ്.
താൻ ചോദിക്കാറില്ലേ?
ഇപ്പോഴില്ല,ഇടയ്ക്ക് ഞാൻ ചോദിച്ചു എന്താ ഇങ്ങനെ? ശല്യം കിടക്കാനും സമ്മതിക്കില്ലേ എന്നായിരുന്നു ഉത്തരം.ഇത്രേം ക്രൂരമായി പെരുമാറുമ്പോൾ അതൊക്കെ എങ്ങനെ തോന്നാനാണ്…..
ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്,അദ്ദേഹവുമായുള്ള sexual relation എങ്ങനെയാണ്?
അദ്ദേഹത്തിന് ഓക്കേ ആണ്, എനിക്ക് അത് എന്തെന്നുപോലും അറിയില്ല,അന്നൊക്കെ അയാൾ രണ്ട് മിനിറ്റ് എന്തൊക്കെയോ കാട്ടിക്കൂട്ടും …..
താൻ ആദ്യം ചോദിച്ച ചോദ്യത്തിന് ഉത്തരം ഇത് വരെ കിട്ടിയില്ലേ?
എന്താ?
ഹോസ്പിറ്റലിൽ കാണിക്കൂ.അദ്ദേഹത്തിന് എന്തോ പ്രശ്നമുണ്ട്, അത് മറയ്ക്കാനാണ് രാത്രി ഇങ്ങനെ ബീഹെവ് ചെയ്യുന്നത്.
ഫാ. ഡിസൂസ തരകൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഒരു ബോധവത്കരണ ക്യാമ്പിൽ പങ്കെടുക്കുമ്പോൾ കുറെ മനുഷ്യരുമായി സംസാരിക്കാനിടയായതാണ്.കുറച്ചേറേപ്പേരുടെ ജീവിതം തകരുന്നത് ലൈംഗികസംബന്ധമായാണ് എന്ന് മനസ്സിലായി.
അന്ന്.കോട്ടയത്തുള്ള ഡോക്ടർ സുഹൃത്തുമായുള്ള സംസാരത്തിനിടയിൽ എനിക്ക് പരിചയമുള്ള സ്ത്രീകളുടെ ഇത്തരം അനുഭവങ്ങൾ പറഞ്ഞപ്പോൾ അവൾ എന്നോട് പറഞ്ഞു.
ഈ അടുത്ത് ഒരു പുരുഷനും ഭാര്യയും കൂടി എന്നെ കാണാൻ വന്നിരുന്നു. എനിക്ക് ഭാര്യയെ കുറിച്ച് ചില സംശയങ്ങൾ ചോദിക്കാനുണ്ട് ഡോക്ടർ. ഭാര്യ പറഞ്ഞു, ഞാൻ പുറത്തിരിക്കാം. അവൾ പുറത്തേക്ക് പോയി. അയാൾ പറഞ്ഞു തുടങ്ങി,
മൂന്നാലുമാസമായി അവളെ തൊടുമ്പോൾ ഒരു പാറയെ തൊട്ടത് പോലെയാണ് ഡോക്ടർ. ഞാൻ തൊടുമ്പോൾ ആദ്യമൊക്കെ കണ്ണുനീർ ഒഴുകും. പിന്നെയതും ഇല്ലാതായി. ഇപ്പോൾ ശവം മാതിരി കിടക്കും. എനിക്കവളെ തിരികെ വേണമെന്നുണ്ട്, ഈ പ്രശ്നം കൊണ്ട് അവളെ ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല, ഭാര്യയുടെ ഊഴമായപ്പോൾ അവൾ ഭർത്താവിനെ കുറിച്ച് മോശമായി ഒന്നും പറയുന്നില്ല. അത്രേം സ്നേഹമുള്ള ഒരാൾ,ഇതേ പറയാനുള്ളൂ. ലൈംഗിക ജീവിതത്തെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് അതിനോട് ഒരു മരവിപ്പാണ് ഡോക്ടർ, അദ്ദേഹത്തിന് വേണ്ടി സഹിക്കുന്നു. ഫലം യൂറിനറി ഇൻഫെക്ഷൻ ആണ് എന്നും.
കുറെ നാളായോ,
ഹ്മ്മ്, മൂന്ന് മാസമായി കാണും. അല്ലല്ല, നാലര മാസം പുള്ളിയുടെ ഉപ്പ മരിച്ച ആ സമയം മുതൽ.
അതുവരെ ഓക്കേ ആയിരുന്നോ?
ആയിരുന്നു. എനിക്കിപ്പോ അയാളെ ഇക്കാര്യത്തിൽ മാത്രം പേടിയാണ്. അദേഹത്തിന്റെ ഉപ്പ മരിച്ച സങ്കടത്തിലിരുന്ന എന്നെ ബലമായി….. അവർ പൊട്ടിക്കരഞ്ഞു.
കാര്യം മനസ്സിലായപ്പോൾ അയാളോടും അത് പറഞ്ഞു. നല്ല ടെൻഷൻ ആയിരുന്നു, അത് കുറയ്ക്കാൻ വേണ്ടി….. അയാൾ വിക്കി
Sexual relation എന്നത് രണ്ട് മനുഷ്യർ തമ്മിലുള്ള മനസ്സിലാക്കലും പ്രണയവും ഒക്കെയാണ്. സ്ത്രീകൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഒരു emotional support ആണ്, സ്നേഹവും കരുതലും പ്രണയവും ഒക്കെയാണ്. അത് കൊടുക്കാതെ എന്തൊക്കെ മല മറിച്ചാലും ഉപ്പില്ലാത്ത കറികൾ കൂട്ടുന്നത് പോലെയാകും. എന്നാൽ ഒന്നും മല മറിച്ചില്ലെങ്കിലും സ്നേഹത്തോടെ ഒരു hug ഒരു വാക്ക് ഒക്കെ പറഞ്ഞാലും ജീവിതാവസാനം അവർ അതിൽ തൂങ്ങി ജീവിച്ചോളും.അവർ മനോഹരമായ ഒരു ഓർഗാസം അനുഭവിച്ചതിന് തുല്യമാകും അത്.സ്നേഹമില്ലെങ്കിൽ സമാധാനവും സന്തോഷവും ഉണ്ടാകില്ല. അവിടെ നല്ല sexual relation ഉണ്ടാകില്ല.
പുരുഷന്മാരിൽ പലർക്കും അതൊന്നും ആവശ്യമില്ല, അവരുടെ അനാട്ടമി അങ്ങനെയാണ്, കുറ്റം പറയാനാവില്ല.അവർക്ക് comfort ആയ സ്ഥലങ്ങളിൽ, ഏത് സമയത്തും അവർക്കത് സാധിക്കുന്നു.
പ്രണയമൊന്നും വേണമെന്നുമില്ല.
അപൂർവ്വം ചില സ്ത്രീകളും അങ്ങനെയാണ്.
ഭൂരിഭാഗം സ്ത്രീകൾക്കും സ്നേഹവും പ്രണയവും വേണം, സമയം വേണം, comfort ആകണം.ഇതൊക്കെയും അംഗീകരിക്കുന്ന പങ്കാളിയും ആകണം.
സത്യത്തിൽ ഒരു പെണ്ണിനെ സ്നേഹവും പ്രണയവും കൊണ്ട് മൂടി, അവളുടെ താല്പര്യത്തിന് മുൻതൂക്കം നൽകി, അവളുടെ comfort ന് പ്രാധാന്യം നൽകി അവളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പങ്കാളി അവളുടെ ഭാഗ്യമാണ്….. അങ്ങനെയുള്ളവന് മാത്രമേ സന്തോഷവും സമാധാനവും പങ്കാളിയുടെ മനസ്സും പ്രണയവുമൊക്കെ നേടുവാൻ കഴിയൂ എന്നതുറപ്പാണ്.അവൾ എപ്പോഴെങ്കിലും സങ്കടപ്പെടുന്നത്, പരാജയപ്പെടുന്നത് നിങ്ങളുടെ ആസ്സാന്നിധ്യത്തിൽ മാത്രമാകും,അതോർക്കുമ്പോൾ മാത്രമാകും…..
ആദ്യം മനസ്സിനെ കാമിക്കൂ
അതിന് ശേഷമാണ് ശരീരത്തെ കാമിക്കേണ്ടത്….. മനസ്സില്ലെങ്കിൽ അവിടൊരു മരവിപ്പാണ്…..!!ആ വെറുപ്പ് പിന്നെ അവളെ ശവമാക്കും, നിങ്ങൾ തൊടുമ്പോൾ മാത്രം അവൾ മരണപ്പെടും,…..!!
ജീവിതത്തിന്റെ പ്രണയത്തിന്റെ താളം സ്നേഹത്തിൽ,ക്ഷമയിൽ, പരിഗണനയിൽ നിറഞ്ഞിരിക്കുന്നു,അത് കണ്ടെത്തുന്നവരുടെ ലൈഫ് മനോഹരമാണ്.
//ഒന്നും സഹിക്കപ്പെടേണ്ടതല്ല
തിരുത്തപ്പെടേണ്ടതാണ് എന്നോർമ്മിക്കുക.
✍️.🕊️🍀🖤