രചന : കെ.ആർ.സുരേന്ദ്രൻ✍️
അന്നങ്ങനെയായിരുന്നു.
മഴയായി ഞങ്ങളിൽ
പെയ്തിറങ്ങിയതും,
ഇളവെയിലായി
ഞങ്ങളെ
തോർത്തിയതും,
കാറ്റായും,
കനിവായും
വാത്സല്യപ്പാൽ
ചുരത്തിയതും,
നനുത്ത
മഞ്ഞായി വന്ന്
കുളിരായി
ഇക്കിളിപ്പെടുത്തിയതും,
പൂക്കളായെത്തി
സുഗന്ധം പരത്തിയതും
ശ്യാമനിബിഡതകൾ
വിശറിയായതും,
രാവായി പുതപ്പിച്ചതും
ജാലകത്തിലൂടൊഴുക്കിവിട്ട
നിലാവായി പുണർന്നതും
നീയായിരുന്നില്ലേ
അമ്മേ ദേവീ പ്രകൃതി?
ഇന്ന്
നീ പേമാരിയായി
തോരാതെ പെയ്ത്
ഞങ്ങളെ
പനിച്ചൂടിൽ
വിറപ്പിക്കുന്നു.
തിളക്കുന്ന വെയിലായി
പൊള്ളിക്കുന്നു.
ചുറ്റും മരുഭൂമികൾ
സൃഷ്ടിച്ചത്
പക്ഷേ
നീയായിരുന്നില്ലല്ലോ.
ദാഹജലത്തിനായി
ഞങ്ങളലയുന്നതും
നിന്റെ
കുറ്റം കൊണ്ടല്ലല്ലോ..
ശ്യാമനിബിഡതകളെ
കവർന്നതും,
വസന്തകാലത്തെ
മായ്ച്ചതും,
കാറ്റും കനിവും
അന്യമാക്കിയതും
ഈ
ഞങ്ങൾ തന്നെയല്ലേ?.
ഇന്ന് നീ
രാപ്പകൽ
നിശ്ചലച്ഛായചിത്രം
പോൽ.
സ്തംഭിച്ചുനില്ക്കുന്നു.
ഇന്ന് നീ
ഞങ്ങളിൽ
അതിശൈത്യത്തിന്റെ
മഞ്ഞ് പെയ്യിക്കുന്നു.
നിന്നിൽ നിന്നുള്ള
മോചനത്തിനായി
ഞങ്ങൾ കരിമ്പടങ്ങൾക്കുള്ളിലൊളിക്കുന്നു.
വേനൽക്കാല
രാത്രികളിൽ
വിയർപ്പിൻ കയത്തിൽ
എങ്ങോ പോയൊളിക്കുന്ന
നിദ്ര
ഞങ്ങൾക്കാകാശപുഷ്പം പോൽ
അപ്രാപ്പ്യമാകുന്നു.
ഊഷരതയുടെ കാലം
ഞങ്ങളെ
തുറിച്ചു നോക്കുന്നു.
വരൾച്ചകളും,
പ്രളയങ്ങളും,
അതിശൈത്യവും
ഇന്നിന്റെ
വരപ്രസാദങ്ങൾ….