രചന : രാജുവിജയൻ ✍️
പച്ചമണ്ണിന്റെ ഗന്ധമെനി-
ക്കെന്തിഷ്ട്ടമാണെന്നോ…..!
പച്ചില ചാർത്തിൻ കുളിർമയും
എന്തിഷ്ടമാണെന്നോ….!!
കാറ്റ് പൂക്കണ പൂന്തൊടികളിൽ
നിഴൽ പരക്കുമ്പോൾ
ചാറ്റൽ മഴയേറ്റ് കുളിരു കോരുവാൻ
മനം തുടിച്ചീടും…..
വേലി പൂക്കണ ഭ്രാന്തു പൂക്കളിൽ
കണ്ണുടക്കുമ്പോൾ
ഞാനുമന്നത്തെ ഭ്രാന്തനായ് മാറി
നാടലഞ്ഞീടും…..!
സ്നേഹ സൂര്യന്മാരുദിച്ചു പെയ്യണ
പ്രാണനക്കാലം
തിരികെ വന്നെന്റെ അരികു ചേരുവാൻ
തുടിച്ചിടുന്നുള്ളം…
പുതുമഴയേറ്റ് കൊച്ചരുവികൾ
കണ്ണു ചിമ്മുമ്പോൾ
വരണ്ടൊരെൻ മനം മേലെ –
വാനത്തിലുറ്റു നോക്കുന്നു…..
ഇവിടെയീ മണൽ കാട്ടിൽ ഞാനെന്റെ
മിഴികൾ പരതുമ്പോൾ…..
അകലെയാകാശകോണിലായെന്റെ
ഗ്രാമമുണരുന്നുവോ……? എന്റെ
ഗ്രാമമുണരുന്നുവോ…..??