രചന : ജിഷ കെ ✍️
ആത്മഹത്യക്ക് ഒരു പഴുതെങ്കിലും ബാക്കി നിർത്താതെ
ജീവിതമേയെന്നുള്ള
കെട്ടിപ്പിടിക്കലുകൾ….
ഇറങ്ങിപ്പോകുന്ന ആൾക്കൂട്ടങ്ങളോട്
അരുതേയെന്നൊരു പിൻവിളി പോലും
ബാക്കി നിർത്താതെ
എന്റെ വിഷാദമേയെന്ന
ഉള്ളടക്കത്തിൽ
മയങ്ങി വീണു പോകുന്ന രാത്രികൾ….
ചേർത്ത് പിടിച്ചതൊക്ക ഇറുക്കി മുറുക്കി
വരിഞ്ഞു പുണരുമ്പോഴും
ഒരു കയ്യകലം മാറ്റി നിർത്തപ്പെടുന്ന
ശ്വാസമേയെന്ന്
കാലിടറി വീണു പോകുന്ന
നെടുവീർപ്പിന്റെ
ദീർഘമായ ഇടനാഴികൾ…
എന്റെ നിലാവേ പൗർണമിയേയെന്ന്
ആനന്ദനൃത്തം വെയ്ക്കുമ്പോഴും
വേലിയിറങ്ങി കര വരണ്ട് പോകുന്ന
മണൽ തിട്ടുകളിൽ
കുമിഞ്ഞു കൂടുന്ന ചുംബനച്ചുനകൾ….
ഏറ്റവും നിശബ്ദമായ എന്റെ അനുധാവനമേ
എന്റെ പ്രദക്ഷിണ വഴികളെ
എന്റെ ദേവാലയ മുറ്റമേയെന്ന് കൈകൾ കൂപ്പി
നിർവ്വികാരനായ
കണ്ണുകൾ അടഞ്ഞു പോയ
ദൈവമെന്ന നാൾ വഴികൾ..
ഭീതി പോലെ കനക്കുന്ന രാവിന്റെ
എത്രയുലഞ്ഞാലും പൊഴിഞ്ഞു വീഴാത്ത
കൻമദഗന്ധത്തെ
ഉയിർ പിളർന്നും
ഊട്ടുന്ന ഉന്മാദഗ്രന്ഥികൾ
ഊടുവഴികളിലെ
മുരിക്കിൻ പൂവുകൾ
കാവൽ നിന്ന് മുള്ള് പെയ്യിക്കുന്ന
ഉച്ച വെയിൽ ഓർമ്മകൾ….
ഒഴുക്കെന്നോ പുഴയെന്നോ പേരിട്ട് വിളിക്കുന്ന
അടിത്തട്ടിൽ
ആഴം പോലെ മറവി ബാധിച്ച
പകലുകൾ
ഋതു ക്കളോട് സന്ധി ചെയ്തു പിരിഞ്ഞു പോയ
വസന്തങ്ങൾ..
ഒറ്റയിതളുകളിൽ
ഒരാൾപ്പൊക്കം വെള്ളത്തിൽ
മുങ്ങി കിടക്കുന്ന വിരഹം..
എന്റെ ആസന്നമരണമേ
നെഞ്ചിടിപ്പിന്റെ താളമേ യെന്ന്
ആർത്തു നിലവിളിക്കുന്ന മിടിപ്പുകൾ…
ജീവിതമെന്ന ഒറ്റ പ്പദം
പിരിച്ചെഴുതാതെ
ദീർഘകാലമായി
ഒറ്റയാൾ പ്പോരിനാൽ
നുറുങ്ങി കിടക്കുന്ന
ഞാനും
പിന്നെ നീയും💜