രചന : സജി കല്യാണി ✍️
ചിലപ്പോഴൊക്കെ സങ്കടങ്ങളിങ്ങനെ ഒഴുകിക്കുത്തി
വന്ന് നമ്മളെയും കൊണ്ട് ഒലിച്ചുപോകും.
ഒഴുക്ക് താഴേക്കായതുകൊണ്ടും വീഴ്ച്ച
വലിയ ഗർത്തങ്ങളിലേക്കാണ് പോകുന്നതെന്നും
തോന്നുമ്പോൾ ഓർമ്മകളിലേക്ക് പിടിച്ചുകയറും.
എന്തൊരാകാശമായിരുന്നു പണ്ട്.!
എന്തൊരു നിലാവായിരുന്നു,
എത്ര തെളിച്ചമായിരുന്നു രാത്രികൾക്ക്.!
ജീവിതത്തിന്റെ വിശാലതയെക്കുറിച്ച്
പലതരം ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തകളില്ലാത്ത
ബാല്യകാലമധുരസ്മരണകൾ.
ഉണ്ടും കണ്ടും ചാടിയും മറിഞ്ഞും
തിരിച്ചെത്തുമ്പോഴേക്കും നഷ്ടങ്ങളും
ലാഭങ്ങളുമില്ലാത്ത പുതിയ കാലം.
തികച്ചും മഴവില്ലുപോലെ ലഘൂകരിക്കപ്പെടുന്ന
പകലിരവുകൾ .ഭൂമിയും ആകാശവും ഒരുപോലെ.
നടക്കുകയും പറക്കുകയും ചെയ്യുന്ന മനസ്സിനെ
തളച്ചിടാനൊരു കുറ്റിപോലും എങ്ങുമില്ല.
തികച്ചും ധ്യനപൂർണ്ണമായ വിത്തുമുളയ്ക്കലിലേക്ക്
കാഴ്ച്ചയെ കൂർപ്പിച്ചുവയ്ക്കുന്ന കഥാ പരിസരം.
മുളച്ചുവരുന്ന വിത്ത് ഒരേപോലെ വേരിനെ
ഭൂമിയിലേക്കും ഉടലിനെ ആകാശത്തിലേക്കും വളർത്തുന്നു.
ഇലകളെ കാറ്റിന് കടം കൊടുക്കുന്നു.വേരുകൾ
മറ്റൊരു വേരിന്ന് മുലയൂട്ടുന്നു. ചില്ലകളിൽ കിളികൾ കൂടൊരുക്കുന്നു.
വേരുകളുടെ ഉടലൊട്ടി മണ്ണിരകൾ നിവർന്നുകിടക്കുന്നു.
മുകളിൽ നിന്ന് വായുവും താഴെനിന്ന് ജലവും സംഭരിക്കുന്നു.
ആകാശവും ഭൂമിയും പ്രതീക്ഷകളാണ്.
ആകാശം തുറന്നതെങ്കിൽ ഭൂമി അടച്ചിട്ടതാണ്.
അപൂർവ്വതകളുടെ കലവറ. ആവശ്യക്കാർ
അവർക്കുവേണ്ടതെല്ലാം വീതിച്ചെടുക്കുന്നു.
വിത്ത് ജീവനൊളിപ്പിച്ച പേടകം.
നനവിലും
വരണ്ടമണ്ണിലും
മുളകൾ ഒന്നാണ്
തോടുപൊളിച്ച് പുറത്തുചാടുന്ന ജൈവാംശം.
സങ്കടങ്ങളുടെ കുത്തൊഴുക്ക് നിലച്ചതായി ബോധ്യപ്പെട്ട
മനസ്സിപ്പോൾ പണ്ടത്തെ ആകാശം പോലെ പ്രസന്നമാണ്.
നിലാവുപോലെ തെളിഞ്ഞതാണ്.
മഴപോലെ ആനന്ദഭരിതമാണ്.
കാറ്റുപോലെ ശാന്തമാണ്.
തിരമാലകളില്ല
കൊടുങ്കാറ്റും പേമാരിയുമില്ല.
തികച്ചും വേറൊരാൾ.!
നോക്കൂ.. എഴുത്തുപോലെ മറ്റൊരൗഷധമില്ല
ഏതൊഴുക്കിലും പൊട്ടാത്തൊരു കയർ.