രചന : ഉണ്ണി കെ ടി ✍️
യാത്രയുടെ ദൈർഘ്യമോ ദുർഗ്ഗമ പാതകളെക്കുറിച്ചുള്ള വേവലാതിയോ ഒട്ടുംതന്നെ അലട്ടുന്നില്ല. യാത്രയിൽ ഭാരിച്ച ചുമടുകളുടെ അലോസരങ്ങളൊന്നുംതന്നെയില്ല. ഒരു പിൻവിളിയുമായി പടിവാതിലോളംവന്ന് കണ്ണു നിറക്കാനും തിരിഞ്ഞുനിന്ന് യാത്രാമൊഴിചൊല്ലുവാനും ആരുമില്ലാത്തത്രയും നിസ്വനായത് നന്നായി.
ഗ്ലാസ്സിലെ സ്വർണ്ണനിറമുള്ള ദ്രാവകത്തിലേക്ക് വിഷംപകരുമ്പോൾ എന്റെ ചുണ്ടിൽ മരണത്തെ ഹർഷത്തോടെ വരവേല്ക്കുന്ന ചിരി ഒളിമങ്ങാതെയുണ്ട്. മദ്യം നന്നായി തലക്കുപിടിച്ചിരിക്കുന്നു. ഇപ്പോൾ കഥ പറയാൻ ഒരസാധാരണധൈര്യം തോന്നുന്നുണ്ട്.
ഓ…, വായനക്കാരാ പരിഭവിക്കാതെ… താങ്കൾക്ക് എന്നെ പരിചയമില്ല, ഒരനാഥപ്രേതത്തിന് കാവൽനില്ക്കാൻവയ്യ എന്നല്ലേ ചിന്തിക്കുന്നത്. പരിചയപ്പെടുത്താൻമാത്രം പ്രത്യേകതകളൊന്നുമില്ലെങ്കിലും നിങ്ങൾക്കെന്നെ ചൊല്ലിവിളിക്കാൻ ഒരു പേരുതരാം.
ഞാൻ ഗൗതമൻ!
പേരിടുമ്പോൾ അച്ഛന്റെ സങ്കല്പത്തിൽ ഗൗതമബുദ്ധൻ നിർമ്മമനായി പുഞ്ചിരിച്ചിട്ടുണ്ടാകും. അച്ഛനങ്ങനെയായിരുന്നു. പരമസാധു. നടന്നുപോകുന്ന വഴിയിലെ ഉറുമ്പ് തന്റെ ചവിട്ടടിയിൽപെട്ടു ചത്താൽ അതേച്ചൊല്ലി ഊണും ഉറക്കവും നഷ്ടപ്പെടുത്തി സങ്കടപ്പെടും. ആ ഹൃദയത്തിൽ മകന്റെ കുഞ്ഞുമുഖത്തിന് ഗൗതമനോട് സാദൃശ്യംതോന്നിയെങ്കിൽ അദ്ഭുതത്തിനെന്തവകാശം…?
അമ്മയ്ക്ക് ഗൗതമനേയും അറിയില്ല, ബുദ്ധനെയും അറിയില്ല. അവരുടെ ആദ്യത്തെയും അവസാനത്തെയും അറിവ് അച്ഛനായിരുന്നു, അച്ഛന്റെ വാക്കുകളായിരുന്നു. അച്ഛനിട്ടപേര് ഗൗതമൻ എന്നതിനുപകരം രാവണൻ എന്നായാലും അമ്മ അതിനെ ഭക്ത്യാദരപൂർവ്വം ശരിവയ്ക്കും. എന്നെ സ്നേഹപൂർവ്വം ആ പേര് നീട്ടിവിളിച്ച് മാമൂട്ടുകയും ചെയ്യും.
ശുദ്ധമനസ്കരായ മാതാപിതാക്കളുടെ ശുദ്ധമനസ്കനായ മകൻ. കേൾക്കാൻ സുഖമുള്ള വിശേഷണംതന്നെ. പക്ഷെ മുതലെടുപ്പിന്റെ വിരുതുമായി അടുത്തുകൂടുന്നവർ കേൾക്കാതെ വിളിക്കുന്ന പേര് പൊട്ടൻ, മന്ദബുദ്ധി എന്നൊക്കെയാണ്.
ശമം ഒരായുധമോ കവചമോ അല്ല, മറിച്ച് ഭീരുവിന്റെ അടയാളങ്ങളാണെന്ന് പരിഹസിക്കുന്നവർക്കിടയിൽ ജീവിക്കണമെങ്കിൽ പുതിയ അടവുകളും അസാമാന്യ ചങ്കൂറ്റവും വേണമെന്ന് പഠിപ്പിച്ചവർക്ക് നന്ദി.
ജീവിതം വരയ്ക്കുന്ന വഴികൾ എത്ര വിചിത്രമാണ്. കാലം പകുത്തുവച്ച ദൗത്യങ്ങളിലെ ദുരൂഹതകൾ എന്നും അമ്പരപ്പിക്കുന്നവയാണ്!
അന്നവും വസ്ത്രവും പാർപ്പിടവും കണ്ടെത്താൻ ജന്മംകൊണ്ടോ പ്രവൃത്തികൊണ്ടോ ശത്രുവല്ലാത്തവനെ കൊല്ലുന്ന വെറും വാടകക്കൊലയാളി. കണ്ടോ വായനക്കാരാ, നെറ്റിചുളിഞ്ഞു, ഉള്ളിൽ ആദ്യത്തെ തീപ്പൊരിവീണു. വെറുപ്പ് ആളികത്താൻ പര്യാപ്തമായ ഇന്ധനതീക്ഷണതയുണ്ട് കഥ പുരോഗമിക്കുമ്പോൾ….!
എല്ലാവരും കല്ലുകൾ കരുതിവയ്ക്കുക. പാപിയാര്, പുണ്യവാനാര് എന്നൊരു ചോദ്യത്തിലൂടെ നിങ്ങളുടെ വീര്യം ഞാൻ ചോർത്തിക്കളയില്ല. എല്ലാവർക്കും അവസരമുണ്ട് എറിഞ്ഞുവീഴ്ത്താൻ, തെറിവിളിച്ച് കരണത്തടിക്കാൻ, മുഖത്തുതുപ്പാൻ. സമയംകളയാതെ പാകത്തിനുള്ള.മരംകണ്ടെത്തി കുരിശുപണിതുതുടങ്ങുക.
ഞാൻ എന്റെ നാൾവഴികളിലൂടെ നിങ്ങളെ നടത്താം, പാശ്ചാത്താപമാണ് പ്രായശ്ചിത്തമെങ്കിൽ, ഈ ഏറ്റുപറച്ചിലും പിൻമടക്കവും എന്റെ പ്രാണനെ ശുദ്ധീകരിക്കട്ടെ.
ജന്മംകൊണ്ടും വളർന്ന ചുറ്റുപാടുകളുടെ സ്വാധീനംകൊണ്ടും ഞാൻ മനുഷ്യനിലേക്കും മനുഷ്യത്വത്തിലേക്കും അവസാനമായെത്തുന്നു. തിരുത്താനാകാത്ത തെറ്റുകൾ പിന്തുടർന്നെത്തി വേട്ടയാടുമ്പോൾ നിലവിളിവറ്റിയ നോവുകളിൽ ഒരു നെരിപ്പോട് നീറിക്കൊണ്ടേയിരിക്കുന്നു.
വഴിതെറ്റിയത് എവിടെവച്ചായിരുന്നു എന്നോർമ്മയില്ല, ആരെയും ജയിക്കാനല്ലായിരുന്നു…, വെല്ലുവിളിച്ച വിശപ്പിനോടുമല്ല അടിയറവുപറഞ്ഞത്. ലഹരി, സിരകളെ ത്രസിപ്പിക്കുന്ന ലഹരിയുടെ പ്രലോഭനത്തിൽ ഗൗതമൻ ചിരിമറന്ന, ദയവറ്റിയ മൃഗമായിപ്പരിണമിച്ചു.
ജീവിതത്തിന്റെ ഏകദേശം ഒന്നരവ്യാഴവട്ടക്കാലം ബൗദ്ധികവ്യായാമത്തിലൂടെ സ്വായത്തമാക്കിയതൊന്നും ജീവിക്കാൻ വേണ്ട സുരക്ഷിതത്വം പ്രദാനംചെയ്യാൻ പര്യാപ്തമായിരുന്നതല്ലെന്ന തിരിച്ചറിവിൽനിന്ന് തുടങ്ങുന്ന വഴി ഇരുളിലേക്ക് തുറന്നുകിടക്കുന്നതായിരുന്നു. പ്രപഞ്ചത്തിലെ ഒരു വെട്ടത്തിനും പ്രഭ പകരാൻ കഴിയാത്തത്രയും പഴകിയ, കട്ടിയുള്ള ഇരുൾവീണിടതൂർന്ന വഴി.
പകുത്തുവാങ്ങാൻ വേണ്ടത്ര ഭാഗ്യമില്ലായിരുന്നു വിധാതാവിന്റെ ഖജനാവിൽ. എന്നിട്ടും ഇടംവലം തണലുള്ള വഴികൾ വരയ്ക്കാൻ ശ്രമപ്പെട്ട് പരാജിതനായവന്റെ കഥകളിലെവിടെ എരിവും പുളിയുമെന്നൊരു നിരാശ ഓരോ അനുവാചകന്റെ നെറ്റിമേലും ചുളിവുകളായി വീഴുന്നത് ഞാനറിയുന്നുണ്ട്.
അല്ലെങ്കിലും നാമോരോരുത്തരും മുൻവിധിയുള്ളവരാണ്. ശരിതെറ്റുകളുടെ അളവുകോലിലെ അടയാളങ്ങൾ ഇഷ്ടത്തിനനുസരിച്ച് മാറ്റിവരയ്ക്കാൻ വിരുതുള്ളവർ. എന്നത്തെയുംപോലെ എല്ലാ മുൻവിധികളും ഞാൻ തെറ്റിക്കും.
ജീവിതമെന്ന എടുക്കാച്ചുമടുമായി കാലുവെന്തോടുമ്പോൾ വഴിവക്കിലെങ്ങും ഒരത്താണിയോ വഴിക്കിണറോ സാന്ത്വനം പകർന്നുനിന്നില്ല. ഇലപൊഴിച്ച് തരുശാഖികൾ വെയിലിനെ വീഥിയിൽ ഉരുക്കിയൊഴുക്കി. പാദുകമില്ലാതെ, ഉച്ചിയിൽ തിളച്ചവെയിൽ കോരിക്കുളിച്ച് ദാഹവും ക്ഷീണവും പെരുകിയനേരത്താണ് പ്രതിരോധത്തിന്റെ ആദ്യബലി സംഭവിക്കുന്നത്.
ശേഷം എത്രയെന്നും എന്തിനെന്നും നിർവ്വചിക്കുക അസാധ്യമെങ്കിലും ആദ്യബലിയുടെ ദീപ്തസ്മരണ ഈ പകർന്നാട്ടത്തിന്റെ ഇന്ധനമായിപ്പരിണമിച്ചു.
പഠിച്ചതോ ശീലിച്ചതോ ആയിട്ടുള്ള ഒന്നുംതന്നെ തുണയാകാതെവന്നപ്പോൾ തുടങ്ങിയ പലായനത്തിന്റെ കിതപ്പിൽ കുഴഞ്ഞുവീണത് ഈ മഹാനഗരത്തിന്റെ നിസ്സംഗതയിലേക്കായിരുന്നു.
ദിശാബോധം നശിച്ച യുവത്വം അസ്തിത്വംതേടി, നിരാശയും വൈരാഗ്യവും ബോധമണ്ഡലത്തെ ആക്രമിച്ച കാലം, ലഹരിയുടെ സമാനതകളില്ലാത്ത ലാളനയിൽ സ്വത്വബോധത്തെ ഉറക്കികിടത്തി പകലിരവുകളെ നിരസിച്ച കാലത്ത് അവധൂതവേഷം ഗൗതമനുള്ളതെന്നും, സമസ്യകൾക്കുത്തരംതേടിയാണ് ഇനി ജന്മശേഷം വ്യയംചെയ്യേണ്ടതെന്നും ഉള്ളിലുരുത്തിരിഞ്ഞ ചിന്ത ഒരു
ഭ്രമമാവുകയും നിയന്ത്രണങ്ങളുടെ ചങ്ങലക്കണ്ണികളറുത്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു.
ഞാനിതാ ബന്ധങ്ങളെല്ലാം അഴിച്ചുവച്ച് യാത്രതുടങ്ങുന്നു. മുൻഗാമി…, ബോധിവൃക്ഷത്തണലോ ബോധത്തിന്റെ അധികഭാരമോ ഇല്ലാതെ നിന്റെ വഴിയിലൂടെച്ചരിക്കാതെ എനിക്കെന്റെ കഥ മനയണം. ഞാനൊരു തികഞ്ഞ ഭൗതികവാദിയാണ്. കണ്ടറിഞ്ഞ ഏക സത്യം പണമാണ്. പണം മാത്രം!!!
ലഹരിയുടെ ചിറകിൽ കാണാത്ത ആകാശങ്ങളിലൂടെ വ്യോമവേഗം തിരഞ്ഞുയർന്നു പറക്കുമ്പോൾ ഭൂമിയിൽ ആഴത്തിലോടിയ വേരുകൾ പൂതലിച്ചു. വേണമായിരുന്നു, ഒന്ന് സ്വസ്ഥമായി ഉറങ്ങാൻ, പകലിനെ ഭയക്കാതിരിക്കാൻ കൂട്ടിന് ലഹരിവേണമായിരുന്നു. ഓരോ കുരുതിയിലും കൈകളിൽ പുരളുന്ന ചോരയുടെ പച്ചമണത്തിന്റെ ചെടിപ്പുമാറാൻ….!
പ്രതിഫലംപറ്റാതെയുള്ള ആദ്യ കുരുതിയ്ക്ക് ജീവനായിരുന്നു ഈട്. തന്റെ നിവൃത്തികേടിന്റെ ചോരയാണ് ആരുടെയോ ഹൃദയംപിളർന്നൊഴുകിയത്.
ഓർമ്മകളെ അനുവാചകനുവേണ്ടി പുനർജനിക്കൂ…
മഹാ നഗരത്തിലെ തെരുവോരത്തെ ഒരു രാത്രിയിലേക്ക് വായനക്കാരാ എന്റെ കൂടെ പിൻനടക്കൂ. ചോര മരവിച്ചുപോകുന്ന ദൃശ്യങ്ങളിലേക്കാണ് ഈ യാത്ര. ഭീരുവാണ് നീയെങ്കിൽ ചങ്കിടിപ്പ് നിലച്ചു ചത്തുപോയാൽ അതിന്റെ പഴി ഞാനേൽക്കില്ല.
മഹാനഗരത്തിലേക്കുള്ള യാത്രാമദ്ധ്യേ എവിടെയോവച്ച് വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും പണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. ലഹരിയുടെ ആധിക്യത്തിൽ എവിടെയോ വീണുകിടന്നുറങ്ങിയതാണ്. ഒന്നുറങ്ങി എണീറ്റപ്പോൾ അക്ഷരാർത്ഥത്തിൽ കുചേലൻ…! ശരീരത്തോടൊട്ടിക്കിടക്കുന്ന മുഷിഞ്ഞുനാറിയ ഷർട്ടും പാന്റസുംമാത്രം.
നിരാശയോ അങ്കലാപ്പോ അല്ല, നന്നായി, അത്രയും ഭാരംകുറഞ്ഞു എന്നാണ് തോന്നിയത്.
വായകീറിയ ദൈവം ഇരയും നല്കും. അതേ, വരരുചിയാണ് ഗുരു…!
തലക്കുമീതെ ഒരുമേൽക്കൂര എന്ന സ്വപ്നം തല്ക്കാലം ഈ തെരുവിൽ ഉപേക്ഷിക്കുന്നു. ഒരുനേരം ഭക്ഷണംകിട്ടിയില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല, എന്നാൽ ലഹരിയില്ലാതെയുള്ള അരനിമിഷംപോലും അസഹ്യമാണ്.
പക്ഷേ…..?!
അതേ…, പക്ഷേ അതിന് പൈസവേണം. ഓ…, പല പോക്കറ്റുകളിൽ വെട്ടവും കാറ്റും കിട്ടാതെ വീർപ്പുമുട്ടുന്ന ധനലക്ഷ്മിയെ ഉചിതമായ രീതിയിൽ മാനിക്കാൻ ഞാനിതാ സദാ തയ്യാർ. പോക്കറ്റടിയിൽ മുൻപരിചയമില്ലെങ്കിലും ആവശ്യം സൃഷ്ടിയുടെ മാതാവാകാനും, മുലയൂട്ടാനും സദാ സന്നദ്ധയാണല്ലോ?
അന്നന്നത്തെ അപ്പത്തിനും കഞ്ചാവിനും വേണ്ടതുമാത്രം മോഷ്ടിച്ച് ഞാൻ നാറാണത്ത് ഭ്രാന്തന്റെ വഴിയേ സഞ്ചരിച്ചകാലം.
ഉറക്കം തെരുവിൽ. അന്നവും ലഹരിയും ഇതേ തെരുവിൽനിന്നുതന്നെ. ഭിക്ഷക്കാരും അനാഥരും പകർച്ചവ്യാധിക്കാരും മോഷ്ടാക്കളും ഇവർക്കിടയിൽ മാംസംവിറ്റുപജീവനം നടത്തുന്നവരും സമത്വഭാവനയോടെ വാഴുന്ന തെരുവിനെ യഥാർത്ഥത്തിൽ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം എന്നു വിളിക്കാം!
വായകീറിയവൻ അന്നം മുടക്കിയ ഒരു രാവിൽ അസ്വസ്ഥതയോടെ തെരുവിൽ അലയുകയായിരുന്നു. ഒരു കഞ്ചാവുബീഡിയുടെ രണ്ടുപുക കിട്ടിയില്ലെങ്കിൽ തലയോട് പിളർന്ന് തലച്ചോറ് തെരുവിൽ ചിതറിവീഴും എന്ന അവസ്ഥ. കഥയുടെ വഴിത്തിരിവായ രാവ്….!
വീടില്ലാത്തവർമാത്രമല്ല, കൊടുംകുറ്റവാളികളുടെകൂടി സുരക്ഷിതമായ ഉറക്കറയാണ് തെരുവ് എന്ന് ഞാനറിഞ്ഞത് അന്നായിരുന്നു. ശത്രുക്കളിൽനിന്ന് രക്ഷപ്പെട്ട് നിശ്ചിന്തമായി ഉറങ്ങാനുള്ള ഈ ഇടങ്ങളിലവർക്ക് ഭീഷണിയുണ്ടാവുക ഒറ്റുകാരിൽനിന്നുമാത്രമായിരിക്കും. ഗ്യാങ് വാറിൽ എതിരാളിയുടെകൂട്ടം ഇറക്കുന്ന വാടകക്കൊലയാളിയെ ഒളിപ്പിക്കുന്നത് ഇത്തരം തെരുവുജീവിതങ്ങൾക്കിടക്കാണ്. എവിടെനിന്ന് വന്നുവെന്നോ, കൃത്യംനടത്തി എങ്ങോട്ടാണ് പോയതെന്നോ ഇത്തരക്കാർ ഒരടയാളവും ശേഷിപ്പിക്കാറില്ല.
അങ്ങനെ ഒരു കൂലിക്കൊലയാളിയെത്തേടിയെത്തിയവരുടെ പ്രലോഭനത്തിൽ, സമനിലവിട്ട മയക്കുമരുന്നിനോടുള്ള ആസക്തിയാൽ ആദ്യത്തെ കുരുതി! ലഹരിപുകയുന്നത് ഏതബോധാവസ്ഥയിലും പിടിച്ചെടുക്കുന്ന ഘ്രാണശക്തിയാണ് ചതിച്ചത്. ഒരു ബീഡിക്കുവേണ്ടി കെഞ്ചി പിറകെക്കൂടിയപ്പോൾ തൊട്ടടുത്ത് നിശ്ചിന്തനായി ഉറങ്ങിക്കിടന്നവനെ ചൂണ്ടിക്കാട്ടി ആയുധം കൈയ്യിൽത്തന്ന ലോക്കൽദാദയുടെ ഭീഷണിക്ക് വഴങ്ങിയല്ലാ, ചതിച്ചത് ഒരു കഞ്ചാവുബീഡിയായിരുന്നു….!
ബീഡികത്തിച്ച് രണ്ടുപുകയെടുത്ത് നിർവൃതിയടഞ്ഞു കണ്ണുകൾപൂട്ടി ഒരുനിമിഷംനിന്നു. മുഖത്തിനുനേർക്ക് ഇളംകാറ്റടിച്ചപ്പോൾ കണ്ണുതുറന്നു. കുറച്ചു നോട്ടെടുത്ത് മുഖത്തിനുമുന്നിൽ വീശിക്കാണിച്ചയാൾ ചിരിച്ചു. ഇത് മുഴുവനും നിനക്ക്. എന്റെ കൂടെ നിന്നാൽ ഇനിമുതൽ കഞ്ചാവുബീഡിക്ക് പിച്ചയെടുക്കാതെ ജീവനുള്ളകാലംമുഴുവൻ കഴിയാം…!
പൈസ…? പൈസയൊന്നും എനിക്കുവേണ്ട, ഇതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ഞാൻ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു മുന്നോട്ടു നടക്കാനായുമ്പോൾ കഴുത്തിൽ ലോഹംതൊട്ട തണുപ്പറിഞ്ഞു. ഒരു കഞ്ചാവുബീഡിക്ക് വിലയായി ജീവനോ…?
അതേ, വളരെ ശരിയാണ്. ഈ തൊഴിലിലിന്റെ പ്രത്യേകതയും അതുതന്നെ. ഗ്യാരണ്ടിയില്ലാത്ത ഏകവസ്തുവായ ജീവനാണ് മുടക്കുമുതൽ.
ചൂണ്ടിക്കാണിച്ചവനെ വെട്ടിയരിയുമ്പോൾ ജീവഭയംകൊണ്ടുതോറ്റുപോയവന്റെ നോവും നിസ്സഹായതയും പകയായി, ക്രൗര്യമായി പെയ്തിറങ്ങി. മുൻപരിചയംപോയിട്ട്, വിധി നടപ്പാക്കിയ നിമിഷംപോലും ഞാനവന്റെ മുഖംകണ്ടില്ല. ചോരയിൽക്കുളിച്ച് വടിവാൾ നിലത്തൂന്നിനിന്ന് ഞാൻ കിതച്ചു. നേതാവ് വീണ്ടും ഒരു ബീഡികത്തിച്ച് എന്റെ ചുണ്ടിൽത്തിരുകിക്കൊണ്ട് തോളത്തുതട്ടി. ഭേഷ്…, രണ്ടു പുകയെടുത്ത് റിലാക്സ് ചെയ്യ്…!
പിന്നെ അനുയായികൾക്ക് ആജ്ഞകൊടുത്തു. അവരെന്നെ പൊക്കിയെടുത്ത് വാഹനത്തിലിട്ടു…ആ യാത്ര ചോരപ്പുഴകളും കണ്ണീർക്കടലുകളും തീർത്തുകൊണ്ട് ഒരിക്കലും തിരിച്ചുവരാനരുതാത്തവിധം ഈ ആത്മഹത്യാമുനമ്പിലെത്തിച്ചിരിക്കുന്നു!
കാലം കെട്ടിയാടാൻ ഏല്പിച്ചവേഷം വേറെയാണെന്നു തിരിച്ചറിഞ്ഞപ്പോൾ എതരങ്ങിലായാലും കളി നന്നാവണമെന്ന ശാഠ്യത്തിന് വിലങ്ങുതടിയായത് ഈ തൊഴിലിലേക്ക് തന്നെ തള്ളിയിട്ടവൻതന്നെയാണെന്നും അയാൾക്കിനി അരങ്ങിലോ, അണിയറയിലോ ഒന്നും ചെയ്യാനില്ലെന്നും ഉറപ്പിച്ചു. വെറുതെ ഒരു മരണമല്ല, അതെത്ര പൈശാചികമാകണോ അത്രയും പൈശാചികമായിത്തന്നെ ആവണമെന്ന നിർബന്ധം, അന്നവൻ തന്റെ കൈയിൽ ബലമായിപ്പിടിപിപ്പിച്ച അതേ ആയുധംകൊണ്ട്, അന്നത്തേതിനെക്കാൾ ക്രൂരമായി, ശരീരഭാഗങ്ങൾ ഒന്നൊന്നായി ഛേദിച്ച് സംഹാരതാണ്ഡവമാടിയപ്പോൾ നടുങ്ങിവിറച്ചുപോയ അവന്റെ അനുയായികൾക്ക് തന്റെ അപ്രമാദിത്വം അങ്ഗീകരിക്കാതെ തരമില്ലായിരുന്നു.
പിന്നീടങ്ങോട്ട് മഹാനഗരത്തിന്റെ ചലനങ്ങൾ നിയന്ത്രിക്കുന്നത് തന്റെ ഒരു മൂളലോ നോട്ടമോ ആണെന്ന അവസ്ഥയിലേക്ക് വളരുമ്പോൾ ക്രൂരതയും അഹങ്കാരവും ഇരുപുറവും നിന്ന് വെഞ്ചാമരംവീശി!
പച്ചമാംസംവില്ക്കുന്ന മഹാനഗരത്തിന്റെ ഇരുണ്ട തെരുവുകളിലെത്തിച്ച് എത്രയോ പെണ്കുട്ടുകളുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയ കൊടിയ പാപബോധം തന്നെപ്പോലൊരു നീചനെ ഒരിക്കലും വേട്ടയാടിയിട്ടില്ല, ഇന്നലെവരെ….
ഇന്നലെ അനിവാര്യമായത് സംഭവിച്ചു, മീനാഭായിയുടെ ക്ഷണം സ്വീകരിച്ചത്തിയത് അവളുടെ കേന്ദ്രത്തിലെത്തിയ പുതിയ ഐറ്റത്തെ തൊട്ടറിഞ്ഞനുഭവിച്ച് ശകുനപ്പിഴ നീക്കാനായിരുന്നു. അത് ബോധപൂർവ്വം താൻതന്നെ ഉണ്ടാക്കിയെടുത്ത ആചാരം. ചോദ്യംചെയ്യാനോ ധിക്കരിക്കാനോ ചുവന്നതെരുവിലെ നടത്തിപ്പുകാർക്കോ അവരുടെ ഗുണ്ടകൾക്കോ ധൈര്യമില്ലായിരുന്നു.
പുതിയതായി മാർക്കറ്റിലിറക്കാൻ പോകുന്ന വീര്യംകൂടിയ മയക്കുമരുന്നിന്റെ സാമ്പിൾ ടെസ്റ്റ് കൂടിയായിരുന്നു അത്. കൂടിയ വീര്യം സിരകളെ ത്രസിപ്പിക്കുന്ന നേരത്ത് പേടിച്ചരണ്ടുനില്ക്കുന്ന പേടമാനിന്റെ ഭയം ആവേശമാകുന്ന മൃഗയ!!
പതിവുപോലെ തുടങ്ങിയ നായാട്ട്, കരഞ്ഞും തൊഴുതും പ്രതിഷേധിച്ചും യാചിച്ചും തോറ്റ് തന്റെ കാൽക്കീഴിൽ….!
വഴങ്ങിത്തരുന്നവരിൽ മൃഗയാവിനോദത്തിന്റെ രസലഹരിയെവിടെ? വസ്ത്രങ്ങളോരോന്നായി ചീന്തിയയെറിയുമ്പോൾ സിരകളിൽ പതിവിൽക്കൂടുതൽ ഉഷ്ണം പ്രവഹിക്കുന്നു. ഏറിയാൽ പതിനെട്ടോ, ഇരുപതോവയസ്സുമാത്രമുള്ള ഇളമാൻ.
മൃഗീയമായ ആസക്തി ശമിച്ചപ്പോൾ കശക്കിയെറിഞ്ഞ പൂപോലെയുള്ള അവളെക്കണ്ടപ്പോൾ ബോധമണ്ഡലത്തിലെവിടെയോ ഒരു മിന്നലോടി. ഒരുവശത്തേയ്ക്ക് ചരിഞ്ഞുകിടക്കുന്ന അവളുടെ മുഖംപിടിച്ച് നേരേവച്ചപ്പോൾ ലഹരിയുടെ എല്ലാകെട്ടും അഴിഞ്ഞുവീണു.
ലതിക…., തന്നെ വിശ്വസിച്ചവൾ. ലഹരിയുടെ പിടിയിൽനിന്ന് മോചിപ്പിക്കാൻ ശ്രമിച്ചുതോറ്റ് പിന്മടങ്ങുമ്പോൾ കരഞ്ഞുപറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്. എനിക്കുവേണ്ടിയോ നിനക്കുവേണ്ടിയോ അല്ല, ഞാൻ ചുമക്കുന്ന നമ്മുടെ കുഞ്ഞിനുവേണ്ടിയെങ്കിലും ഈ നശിച്ച ലഹരി ഉപേക്ഷിച്ച് നീയൊരു മനുഷ്യനാകൂ. എന്റെ വലതുകൈയെടുത്ത് അവളുടെ വയറിൽവച്ചവൾ കെഞ്ചി.
ലഹരിയുടെ പറുദീസയിൽ അലോസരമായി മുഴങ്ങിക്കൊണ്ടിരുന്ന അവളുടെ പരിദേവനങ്ങളെ ശകാരിച്ചടക്കി. അധികം മോങ്ങിയാൽ നിന്റെ അടിവയറു ചവിട്ടിക്കലക്കും ഞാൻ.
ചകിതയായവൾ കരച്ചിൽനിർത്തി.
ഈ നശിച്ച ലഹരി നിന്നെ മനുഷ്യനല്ലാതാക്കിയിരിക്കുന്നു. മൃദുലവികാരങ്ങളെല്ലാം നശിച്ച മൃഗം. പക്ഷേ ഒന്നോർത്തോ, എന്റെ വയറ്റിൽ വളരുന്ന ഈ കുഞ്ഞു നിന്നെത്തിരുത്തും. ജന്മം പാഴാക്കിയതിന് നീ നിന്റെ ചോരയോട് കണക്കുപറഞ്ഞു തോൽക്കും.
കാറ്റത്തെ കരിയിലപോലെ ലക്ഷ്യമില്ലാത്ത യാത്രയിൽ നഷ്ടമായ, അതോ മനഃപൂർവ്വം ഓർത്തെടുക്കാത്തതോ ആയ ഓർമ്മകളിൽനിന്നൂർന്നുപോയ മുഖം.
വീണ്ടും ബോധമറ്റുകിടക്കുന്ന ആ മുഖത്തേയ്ക്ക് നോക്കി. അതേ, ലതിക! അവളുടെ ചുണ്ടിനുമുകളിലെ തനിക്കേറ്റവും പ്രിയപ്പെട്ട ആ മറുക്….!
ഈശ്വരാ…,ഇവൾ എന്റെ മകൾ!!! കാലങ്ങൾക്കുശേഷം ഞാൻ ദൈവത്തെവിളിച്ചു. ഈ ഭൂമിയിലുള്ള ഒരു ലഹരിക്കും തന്നെ ബോധംകെടുത്താനാവില്ലാത്തവിധം അപരാധബോധം ശക്തമായെന്നെ വേട്ടയാടി.
സാധുപെൺകുട്ടികളെ താലിച്ചരടിൽകുരുക്കി ചുവന്നതെരുവിലെത്തിച്ചുവിൽക്കുന്ന ഏതോ ഒരുവന്റെ ചതിയിൽപ്പെട്ടിവിടെ എത്തിയ പുതിയ ഐറ്റം…. തന്റെ മകൾ…
ഈ കൊടുംപാപത്തിന്റെ പങ്കും താൻ പറ്റിയല്ലോ…, ഇതുപോലെ എത്ര പേർ തന്നോട് കെഞ്ചിക്കരഞ്ഞു….?
ഇപ്പോൾ അവൾ പറഞ്ഞവാക്ക് സത്യമായിരിക്കുന്നു. ഞാനെന്റെ ചോരയോട് കണക്കുപറഞ്ഞു തോറ്റിരിക്കുന്നു. ഇനിയും യൗവ്വനം അവശേഷിക്കുന്ന കാലത്തോളം വെറുമൊരുപഭോഗവസ്തുവായി, പുറത്തുപറയാൻ അറയ്ക്കുന്ന അസ്തിത്വവും മാറാരോഗങ്ങളുമായി ഇവൾ ജീവിക്കും. വയ്യ,
അതാലോചിക്കാൻപോലും വയ്യ.
മകളെഭോഗിച്ച മഹാപാപി…!
ഈ നരകത്തിലേക്ക് ഇനി നീയുണരേണ്ട. കണ്ഠനാളം വിരലുകൾക്കിടയിൽ ഞെരിഞ്ഞുടയുമ്പോൾ ദുർബ്ബലമായി അവൾ ഞരങ്ങി.
ഒരു ചലച്ചിത്രത്തിലെന്നപോലെ ദൃശ്യങ്ങളോരോന്നും മുന്നിലൂടെ മിന്നിമറയുന്നു. ഒരു നിലവിളി തിരശീലവിട്ടിറങ്ങി എന്നെ വേട്ടയാടുന്നു.
ഇനി വയ്യ…., ജന്മം തുലച്ച ലഹരിപോലും പിണങ്ങിനിൽക്കുന്നു. ഗ്ലാസ്സിലെ ശേഷിച്ച മദ്യവും വായിലേക്ക് കമഴ്ത്തി, ഒരു വശം ചെരിഞ്ഞുവീഴുമ്പോൾ അബോധത്തിലേക്കുള്ള ഇരുൾവഴികളിലും കുപ്പിച്ചില്ലിന്റെ മൂർച്ചയുള്ള ആ നിലവിളിയുടെ മുനയേറ്റെനിക്ക് നോവുന്നല്ലോ….!