രചന : എം പി ശ്രീകുമാർ✍️
“ചാരുമുഖി നിൻ്റെ കണ്ണിൽ
പൂ വിടർന്നതെന്തെ
ചന്തമോടെ പൂങ്കുലപോൽ
നീയ്യുലയുന്നല്ലൊ !
ചെന്താമരപ്പൂക്കൾ നിൻ്റെ
കവിളിൽ പെയ്യുന്നല്ലൊ
ചിന്തയിൽ വന്നാരുനിന്നെ
തൊട്ടുണർത്തി മെല്ലെ !”
” ചേലിലെൻ്റെ മുന്നിലൊരു
ചേകവനും നില്ക്കെ
പൂത്തുപോയി ഞാനറിയാ
പൂങ്കുലകളേറെ.”
” കുങ്കുമങ്ങൾ പെയ്തിറങ്ങി
നിന്നെ നനച്ചെന്നൊ
ഇങ്ങനെ നീ തുടുക്കുവാ-
നെന്തതിനു കാര്യം ?”
“പൂങ്കിനാവിലെന്നപോലെ
എൻ്റെമേനിയാകെ
പൂക്കൾ വിടരുന്നുവല്ലൊ
ഞാനറിഞ്ഞിടാതെ.”
ചന്തമേറും പൂവുകളിൽ
തേൻ നുകരാനായ്
വണ്ടുകൾ വന്നെൻ്റെയുള്ളിൽ
അങ്കം കുറിക്കുന്നു.”
“കാന്തിയേറും പൊന്നുഷസ്സു
പോലെവന്ന നിൻ്റെ
മുന്നിലൊരു പൂങ്കാവനം
പോലെയല്ലൊ ഞാനും!”