കുളിച്ചു കേറി
മുടി വിടർത്തി
പള്ളി വാളിൻ
തിരുമൂർച്ചയിൽ
അര മണി പൊട്ടി –
തെറിക്കുമാറുച്ചത്തിൽ
വെളിച്ചപ്പെട്ടു തുള്ളുന്നു
കലിയടങ്ങാതെ മഹാദേവി,
ഹേ , പൂജാരി
മുന്നിലുള്ളൊരീ
ശിലാഖണ്ഡത്തിലോ
നീയെന്നെ തിരയുന്നു.
ഇക്കുഞ്ഞിരുളറയി-
ലടച്ചിട്ട് നീ
നിശ്ചയിക്കും നേരം
നടതുറന്നു ദീപം കാട്ടി
പൂവിതളർച്ചിച്ച്
ഒരുക്കിയിരുത്തുമോ –
യെന്നെനീ
ഞാനനന്ത മഹാകാശത്തെ
ഇരിപ്പിടമാക്കിയോൾ
എൻ വിരൽ കുത്തുവാ –
നിടം പോരായിപ്പാരിടത്തിൽ.
എന്നുടയാടയിലെ
കുഞ്ഞു പൂക്കളീയാകാശ ഗോളങ്ങളൊക്കെയും.
എൻ നേർത്ത
ശ്വാസമേറ്റുലയുന്നു
ക്ഷീരപഥത്തിലുഡു –
ജ്വാലകൾ.
കോടിസൂര്യന്മാരൊരുമി
ച്ചുദിക്കും പ്രളയാഗ്നി – പ്രകാശത്തിൽ നിന്നെൻ
മുഖ വടിവെങ്ങനെ
നിൻ കുഞ്ഞു മിഴികൾക്കു –
രുത്തിരിച്ചെടുക്കാനാവും.
നീയെന്നെ
അറിയുന്നെന്ന –
ഹങ്കരിക്കായ്ക.
ഞാനനന്തകോടി
ബ്രഹ്മാണ്ഡങ്ങളെ കൊത്തി വിരിയിക്കുന്നവൾ.
അടയ്ക്കുക
ബാഹ്യേന്ദ്രിയങ്ങളൊക്കെയും.
തിരിഞ്ഞിരിക്കുക
യുഗയുഗങ്ങളാ
യുരുത്തിരിച്ചെടുത്തൊ – രാത്മജ്ഞാനത്തിലേക്ക് നീ .
കേൾക്കാം പൊൻ
ചിലമ്പൊലി, മൃദുതാളവും.
ഞാനമ്മ
നിനക്കായനന്ത
വാത്സല്ല്യത്തിൻ
മുലപ്പാൽ ചുരത്തുന്നവൾ.
നിനക്കായി ഇതാ
ഞാൻപാടുന്നു.
മഹാസംഗീതവീചികളു
ലർന്നുയർന്നു മുഴങ്ങി –
യെന്നൊച്ച
നിന്നന്തരാളത്തിലൊഴുകി –
പ്പരക്കവേ..
നീയറിയും
നീയെനിക്കു
കല്പിച്ചു തന്ന
ഇടമല്ലെന്റേതെന്ന്.
ഹേ…. പൂജാരി
നീ
വെറുപ്പു ചേർത്തര-
ച്ചെടുത്തവ്യർത്ഥാചാര
ലഹരി നുകരായ്ക.
നിൻ ക്ഷുദ്ര
നിർമ്മിതികൾ ചൂണ്ടി നീ
ഭയപ്പെടുത്തായ്കെൻ
മക്കളെ
ഞാൻ ഭയമല്ല അഭയമാണെന്നറിയുക.

മേരിക്കുഞ്ഞ്.

By ivayana

Leave a Reply

Your email address will not be published. Required fields are marked *