രചന : ജോൺ കൈമൂടൻ. ✍️
നക്ഷത്രമെത്രയാകർഷകമാകുന്നു
ലക്ഷങ്ങളോ ശതലക്ഷങ്ങളോ അവ?
ലക്ഷണമൊത്തവ കൺചിമ്മിമിന്നവേ-
പക്ഷംരണ്ടില്ലതിൽ നക്ഷത്രംമോഹനം!
ഇന്ദുവിൻ വെള്ളിക്കിണ്ണത്തിൽനിന്നുമവ-
പൊന്തിത്തുളുമ്പിയ വെള്ളിമണികളോ?
എന്തുകൊണ്ടും താരകങ്ങൾ മനോജ്ഞമാം
അന്തിമയങ്ങവേ മാടിവിളിക്കുന്നു!
വെള്ളിവെളിച്ചം വിതറിനിന്നീടുമ്പോൾ
കൊള്ളിമിന്നുംപോലെ ശോണവർണ്ണത്തിലും
കൊള്ളാമടുത്തൊന്നിനിന്ദ്രനീലഛവി,
എള്ളുവിതറിയപോലവ വാനത്തിൽ!
കടൽത്തീരത്തരികളെയെണ്ണുവാനാമോ?
കടൽത്തീരമത്രയും തരിമണ്ണുമാത്രമാം
ഉടൽമിന്നിത്തിളങ്ങും രജതമായി പകൽ
ഉടൻവന്നുസന്ധ്യയിൽ കസവാക്കുംപനിമതി!
മിന്നിത്തിളങ്ങുന്ന ഗോളതാരങ്ങളിൻ
ഒന്നിനോടൊന്നൊട്ടി നിൽക്കുംകാഴ്ചപോൽ.
തെന്നിയൊഴുകും പാൽപ്പുഴപോലെകണ്ടതോ,
എന്നുംവിളങ്ങും ക്ഷീരപഥമിതു സത്യം!!
![](https://www.ivayana.com/wp-content/uploads/2024/12/idichandy-john-1-150x150.jpg)