രചന : ശാന്തി സുന്ദർ ✍️
തെരുവിലെ ആൽമരച്ചോട്ടിലിരുന്നൊരു
ദൈവമെന്നെ നോക്കി
തെരുവു തെണ്ടിയായ ദൈവമേ…
നിന്നെ സൃഷ്ടിച്ചതാരാണ്?
തലയിലേക്ക് പതിച്ചുകൊണ്ട്
ആൽമരത്തിലെ വിത്ത് പറഞ്ഞു
അയാൾ ഒളിവിലാണ്!
രാത്രി സ്വപ്നത്തിന്റെ
കൊടുംതണുപ്പിലൂടെ
പുരാതന ഭൂപടത്തിലെ
കാടുവഴികളിലൂടെ ഞാൻ സഞ്ചരിച്ചു.
നഗ്നരായ ആദിമ മനുഷ്യരോട് ചോദിച്ചു
വിശപ്പു മാത്രമായിരുന്നു അവരുടെ ഭാഷ
അവരെന്നെ കണ്ടതായി ഭാവിച്ചതേയില്ല!
ജീവിയ്ക്കാനായി
ലിപി കൊത്തിയെടുക്കുന്ന
തിരക്കിലാണവർ
താഴ്വാരങ്ങൾ മുറിച്ചു കടന്നു
ഞാൻ പുതിയ ഭൂപടത്തിലെത്തി
നാട്ടുവഴിയിലൂടെ നടന്നു
ചിണുങ്ങി പിണങ്ങി വന്ന
മഴയും പറഞ്ഞു അയാൾ ഒളിവിലാണ്!
ദൈവമെന്ന രണ്ടക്ഷരങ്ങൾക്ക്
ചിഹ്നങ്ങളാൽ കൈകാലുകൾ പിടിപ്പിച്ചു
മനുഷ്യരെ വേർപെടുത്തിയ
മഹാത്മാവേ..
നിങ്ങളെവിടെയാണ്?
ആകാശവും ഭൂമിയും
ഒറ്റവാക്കിൽപറഞ്ഞു
അയാൾ ഒളിവിലാണ്!
യുഗങ്ങളായി
മന്ത്രവേദ പുസ്തകത്തിനുള്ളിൽ
ദൈവമെന്ന വാക്കിനെ തടങ്കലിലാക്കിയത്
നിങ്ങൾ അറിഞ്ഞതേയില്ല.
നിങ്ങളുടെ തൂലികയിൽ പിറന്ന
ദൈവമെന്ന വാക്ക്
മതഭ്രാന്ത് പിടിച്ച മനുഷ്യനും
ചതിയനായ മനുഷ്യനും
സ്വാർത്ഥനായ മനുഷ്യനും മുന്നിലും
അടിമയാണ്.
ദൈവമെന്ന വാക്കിനിന്ന് ചതിയന്റെ മുഖമാണ്
ദൈവമെന്ന വാക്കിനിന്ന് പീഡിപ്പിക്കുന്നവന്റെ മുഖമാണ്
ദൈവമെന്ന വാക്ക് വിഡ്ഢിവേഷമണിയുന്നു
കാലത്തിന്റെ കൈകളിൽ നിന്നും
നിങ്ങളുടെ തൂലികയിൽ പിറന്ന
ദൈവമെന്ന വാക്കിനെ
തിരിച്ചെടുക്കുക
നിങ്ങളിൽ പിറന്ന ” ദൈവമെന്ന വാക്കിനാൽ “
പ്രപഞ്ചത്തിലെ അദൃശ്യനായശക്തി
ഭൂമിയുടെ
ഏതോകോണിൽ ഒളിവിലാണ്.
ദൈവമെന്ന വാക്ക്
വ്രണപ്പെട്ട് പരിഹസിക്കപ്പെടുന്നു..
അഴുക്കുചാലുകളിലേക്ക്
വലിച്ചെറിയപ്പെടുന്നു.
അല്ലയോ പ്രിയ കവേ…
നിന്റെ തൂലികയിൽ പിറന്ന
ദൈവമിന്ന് അനാഥനാണ്!