രചന : S. വത്സലാജിനിൽ
ഏതാണ്ട് അരമണിക്കൂർ നീണ്ട
ഒരുക്കം കഴിഞ്ഞു,
സ്കൂട്ടിയും എടുത്ത് ഞാനിറങ്ങി.
പക്ഷേ
എങ്ങോട്ടേക്കീ യാത്ര എന്ന് മാത്രം,
നിശ്ചയം ഇല്ലായിരുന്നു.
ജംഗ്ഷനിലെ
തിരക്കേറിയ നാൽക്കവലയിൽ വണ്ടി നിറുത്തി…അതിനോടായി പറഞ്ഞു :
‘ഇവിടന്ന്,ഇടത്തോട്ട് തിരിഞ്ഞാൽ…. അമ്മയുടെ തറവാട്ടിൽ എത്താം!
വലത്തോട്ട് തിരിഞ്ഞാൽ അച്ഛന്റെയും
റോഡ് മുറിച്ചു സ്വല്പം ഒന്ന് മുന്നിലേയ്ക്ക് പോയാൽ ഭർത്താവിന്റെ തറവാട്ടിൽ …
പിന്നെ,
ദേ,അങ്ങിനൂടെ ഇങ്ങിന്നൂടെ
ആകേ പരിക്കേറ്റ് കിടക്കുന്ന
ആ
നാട്ടുവഴികളിലൂടെ……..
പാട്ടും പാടി,ഓടിച്ചു പോയാൽ
അതിന്റെ ഒക്കെ അറ്റത്തു ആരെങ്കിലും ഒക്കെ ഉണ്ടാകും… ബന്ധങ്ങളുടെ കണക്കപ്പട്ടികയിൽ കണ്ടറിവും കേട്ടറിവും ഇല്ലാതെ നോക്കുത്തികളെപ്പോലെ…
പരോക്ഷമായി എന്നും നിലകൊള്ളുന്നവർ…
സ്വയം രാജാക്കന്മാരായും, ചക്രവർത്തിമാരായും പ്രഖ്യാപിച്ചു കൊണ്ട് :
വിക്രിയകൾ കാട്ടി വിഡ്ഢിത്തങ്ങൾ മാത്രം വീമ്പിളക്കി: തങ്ങളുടെ അഹംഭാവത്തിന്റെ കപടലോകങ്ങളിൽ ഇപ്പോഴും വിരാജിക്കുന്നവർ…എത്രയെത്ര!!!
എന്നാൽ
ഇന്നലെകളിൽ ഈ നാട്ടുവഴികളുടെ ഓരത്തു കൂടി
ഒരു അപ്പൂപ്പൻതാടിയെപ്പോലെ,
ഏറ്റം സന്തോഷപെട്ട് അവരുടെ ഒക്കെ അടുത്തേയ്ക്ക് ചെന്നെത്താനായി
ഒറ്റ പറക്കൽ ആയിരുന്നല്ലോ..
ഒരു വിനോദയാത്രയെകാട്ടിനും എത്രമാത്രം മനസ്സിനെയത് പൊലിപ്പിച്ചിരുന്നു..
ആ ലഘുയാത്രകളിൽ.
ഒന്ന് വേഗം അവരുടെ അരികിൽ എത്തിപ്പെടാനുള്ള ആവേശത്തോടെ കടന്ന് ചെല്ലുമ്പോൾ, അവിടെ വെളുക്കെ ചിരിച്ചു കൊണ്ട് എതിരേൽക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നു: അന്ന്
അതിൽ ഒളിഞ്ഞിരുന്ന മായമത്രയും
തനി തങ്കമായി മാത്രം കണ്ടു ഹൃദയത്തോട് ചേർത്തണിഞ്ഞിരുന്നു.
..എന്നാൽ ഇനി ഒരിക്കലും അത്രേം സന്തോഷത്തോടെ ഒരിടത്തേയ്ക്കും കടന്നു ചെല്ലാൻ എന്നെ കൊണ്ടാവില്ല!
മാസ്ക് ഇട്ട് മറച്ചിരുന്ന മുഖങ്ങളിൽ ഒക്കെ, ഒന്ന് സൂക്ഷിച്ചു നോക്കിയാൽ കാണാം, തീണ്ടാപ്പാടകലം തീർത്ത കാലത്തിന്റെ നേർത്ത പാട്..
ഒക്കെ കാലത്തിന്റെ വികൃതി പോലെ, മായാതെ പിന്നിം മുന്നിൽ അഹംഭാവത്തിന്റെ
പച്ചചിരിയുമായി നിൽക്കുന്നു.വഞ്ചനയും ദ്രോഹവും സ്വന്തം ശൈലിയായി സ്വീകരിച്ചവർ…
എന്റെ പ്രിയ സുഹൃത്തേ,
കല്ലായിപോയിരിക്കുന്നു ഹൃദയം!
ഈ കപടസ്നേഹത്തെയെല്ലാം ആവോളം ധൂർത്തടിച്ചു നടന്ന
കാലം ഓർത്ത് ഉള്ളിൽ വെറുപ്പ് തോന്നി…
അസൂയയും കുശുമ്പും പകയും ദേക്ഷ്യവും ഒട്ട് തിരിച്ചറിയാനും കഴിഞ്ഞില്ലല്ലോ… എന്നോർത്ത് എനിക്ക് എന്നോട് തന്നെ പുശ്ചവും, അസ്വസ്ഥതയും തോന്നി…സ്വപ്നത്തിൽ പോലും നിനയ്ക്കാതിരുന്നവരുടെ ക്രൂരമുഖങ്ങളിലെ കള്ളനാട്യങ്ങൾ ..
പോക പോകേ യാഥാർഥ്യമായി
എത്രയെത്ര തെളിഞ്ഞു കണ്ടിരിക്കുന്നു.
ഈ കെട്ട കാലത്തിന്റെ ദുർവിധിയോടൊപ്പം നടക്കവേ…
“ഛെ “ഉള്ളിൽ നിന്നാരോ മുരണ്ടു…
തല കുടഞ്ഞു.
ഞാൻ വണ്ടി തിരിച്ചു..
ജീവിതം ഒരു ആമേം മുയലും കളിയാണ്!
ആമയാകുന്നവർ എവിടെയും തിരസ്കരിക്കപ്പെടുന്നു.മറ്റുള്ളവരുടെ പൊങ്ങച്ചം കണ്ടും കേട്ടും കാലത്തിന്റെ പിന്നാലെ ഇഴഞ്ഞിഴഞ്ഞു
വശം കെടുന്നവർ…
ഒരു പക്ഷേ,അന്ത്യത്തിൽ ജയിച്ചാലായി…ജയിച്ചില്ലെങ്കിലായി…??
അപ്പോഴും,അവരുടെ നെഞ്ചിലെ തീ അണയ്ക്കാൻ
ഒരു അഗ്നിശമനയന്ത്രത്തിനും ആകില്ല..
അതെ,
സ്വന്തം കൈകളാണ് മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തുക്കളും, ബന്ധുക്കളും!
എങ്കിലും
“ഈ പരന്ന ഭൂമിയിൽ എല്ലാരും ദുഷ്ടന്മാർ അല്ല…”എന്ന തത്വത്തിൽ ആശ്വസിക്കാം!
ല്ലേ!!
‘അതെയതെ ‘
കാറികരഞ്ഞു കൊണ്ടൊരു കാക്ക പറന്നു പോയി..
വണ്ടി, എന്നേം വഹിച്ചു കൊണ്ട് ഉത്സാഹത്തോടെ
ഓടിക്കൊണ്ടേയിരുന്നു…..
പെട്രോൾ പമ്പിലേയ്ക്ക്…