രചന : ശിവാംഗി ഉണ്ണിത്താൻ✍️
പണ്ടെന്റെ സൗഭാഗ്യ രാത്രികളിൽ
എന്നെചിരിപ്പിച്ചു കുളിർ കോരിയണിയിച്ചു
വെണ്ണിലാവേക്കാൾ
പ്രിയം തന്നുറക്കിയോരന്നത്തെ
എൻ പ്രേമ സാക്ഷി…
സൗഭാഗ്യ രാത്രിയും പ്രണയവും തീർന്നു പോയോ എന്നറിയില്ല
പക്ഷേ മഴയോടുള്ള പ്രണയം എന്നോ തീർന്നു പോയി
മഴ ക്ലാര ആകാം പാര ആകാം
എന്തും ആകട്ടെ. മഴയോടുള്ള സമീപനം അപ്പാടെ മാറിപ്പോയി..
ക്യാമ്പസിലെ മഴ… നഞ്ഞൊട്ടിയ
പ്രണയഉടലിലെ തീനാളം..
വീട്ടു മുറ്റത്തെ മഴ… കാല്പദം മാത്രം നനവിൽ
എന്നെയും ഓർക്കുന്നുണ്ടാകുമോ
ഇപ്പോഴെന്നു ഓർത്തു ഉള്ളിൽ
പെയ്ത മഴ..
മഴ കനക്കുമ്പോൾ വീടിനുള്ളിലേക്ക്
ഓടി കയറണോ പുറത്തേക്കിറങ്ങി ഓടണോ
എന്ന് ആശങ്കപ്പെട്ട ബാല്യത്തിൻ്റെ
മഴ അങ്കലാപ്പ്…
വരാനിരിക്കുന്ന വസന്തത്തെ കുറിച്ച്
വാ തോരാതെ പറഞ്ഞ്
പ്രതീക്ഷകൾ വാരികോരി തന്ന്
തലയിൽ നിന്ന് ഒഴുകി കണ്ണിലൂടെ
ഒഴുകി പരന്ന പ്രണയ ജ്വരം പിടിപ്പിച്ച
തോരാമഴകൾ
സൗഹ്യദത്തിൻ്റെ വഴിയിൽ
പരസ്പരം വെള്ളം തെറിപ്പിച്ചു,,,
ചിരിച്ചു മദിച്ച
മഴയിൽ നനഞ്ഞ്കുതിർന്നാലും
കുളിരിറയാത്ത
മഴയുടെ സൗഹൃദചിരി ‘….
ചായക്ക് ലഹരിയുണ്ടെന്നും
ലഹരി ഉന്മാദമാകുന്നത്
കൂട്ടുകാർക്കൊപ്പമാണെന്നും
പഠിപ്പിച്ച ഇടവപ്പാതിയുടെ
ഇടമുറിയാൻ മറന്ന മഴയുടെ
ശീൽക്കാരം
യാഥാർത്ഥ്യബോധത്തിലെന്നോ
മഴ മാറി.. ഞാനും
തുണി ഉണങ്ങാൻ ഇനിയെത്ര
കാത്തിരിക്കെണമെന്ന മടുപ്പായി
തീർന്നു മഴ … …
കാലിലെക്കെത്തുന്ന ചളിയും
വെള്ളവും അറപ്പുമായിമാറിയപ്പോൾ
മഴയും ആ വഴി അറപ്പായി
വണ്ടിയിക്കു പുറത്ത് കടന്ന് കുട
നിവരുന്നതിനിടയിലുള്ള ഒറ്റ നിമിഷത്തെ
മഴ നരക രൂപം പൂണ്ട ശാപമായി മാറി…
മഴയും പതിയെ വെറുപ്പിൻ്റെ വഴിയെ നടന്ന്
പ്രളയമായി മാറി
പിന്നെ പതിയെ മഞ്ഞിനെ പ്രണയിച്ചു തുടങ്ങി
ഇലകൊഴിയുന്ന മരങ്ങളെ
നേർത്ത തണുത്ത കാറ്റിനെ
ഇല വിരിച്ചിട്ട വഴികളെ
മഞ്ഞിൽ മാത്രം കണ്ണ് തുറക്കുന്ന
പൂക്കളെ….
തണുപ്പിന് മരണത്തിൻ്റെ സുഖമാണ് ….