രചന : കൃഷ്ണകുമാർ പെരുമ്പിലാവിൽ ✍️
വിണ്ണിൻ്റെ ദൂരം ദൂരമാകേ
മണ്ണിൻ്റെ മാറിൽ പടർന്നുറങ്ങേ
കൺകലർപ്പു ചിരിച്ചു നിൽക്കാം
വാക്കുകൾചേരും അടുപ്പുകൂട്ടി
എൻ ഭാവികൂട് കെട്ടി വെയ്ക്കാം.
ഒരു മരത്തിൽ നിന്ന് അടർന്നു വന്നൂ
പുതുകിനാക്കൾ പിറക്കും വിത്തായ്
പുതുനാമ്പുകൾ തൻ ഗുണത്തിനാലെ
പുതു പൂക്കൾ എന്നിൽ വിടർന്നുവന്നു
ആടുവാൻ പാടുവാൻ കൊക്കുരുമ്മാൻ
ചേലുള്ള പെൺകിളി ചില്ലിൽ കൂടുകൂട്ടി
ചേലൊത്ത കുഞ്ഞുകിളി പിറന്നു വീണു
ചിറകുകൾ മിനുക്കി കുഞ്ഞ് പറന്നിടണം
എൻ ചില്ലകൾ മറഞ്ഞു വീഴാം
എൻ തോൽ ഉരിഞ്ഞു പോകാം
എങ്കിലും ആകാശം നോക്കി നിൽക്കും
ആ വർണ്ണപകിട്ടിൻ മനചിറകു കാണാൻ.
ഈ തടിയിൻ മാറു പിളർന്നു വീണ്
കരിയില കണ്ണീർ മെലിഞ്ഞു പോകെ
പുഴുതീണ്ടും നാൾ താണ്ടിടുമ്പോൾ
ഒരു ഭാവി കൂട് തികട്ടി വന്നാൽ
ഒരു മോഹം പറയുവാൻ പിടക്കുന്നുണ്ടാം
എൻ മനം
ആ മോഹം പാടാൻ ഉരുകുന്നുണ്ട്.
എൻ പിതാവിൻ മെതിയടിക്കായ്
കുമ്പിൾ മരമായ് പിറന്നീടണം
കുരുടിൻ മുനമ്പായ് നിന്നീടവേ
നടന ഞെരുക്കത്തിൻ ഇറുക്കൂതാങ്ങാം
കൊതിയൂറുംതേൻ പൊതിഞ്ഞു നൽകും
പരിഭവ മുറുക്കുകൾ വറുത്ത് നൽകും
ഭാരഭാണ്ഡങ്ങൾ തുവച്ചു അലക്കും
ദൂരത്തിൻ ദൂരെ നടന്ന അലയും
ആ താരാട്ട് പാട്ടിൻ കൈയ്യിൽ ആടിടേണം
ആ നെഞ്ചിൽ ഒന്ന് കരഞ്ഞിടേണം.