രചന : കല ഭാസ്‌കർ ✍️
ജീവിതത്തിനും മരണത്തിനും
ഇടയിലെവിടെയോ ഒരു നക്ഷത്രം
രാത്രിയാകാശത്ത്
മറഞ്ഞും ഇടയ്ക്ക് തെളിഞ്ഞുമിരുന്നു.
അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ
എന്നതിരു തിരിയാതൊരു ഓർമ്മ
ത്രിസന്ധ്യയുടെ മങ്ങൂഴത്തിൽ
മുനിഞ്ഞ് നിന്നത്
വെറുതെ ഓർമ്മയിൽ വന്നു മാഞ്ഞു .
അടുത്ത ജന്മമീ
മരണവേദന മറന്നാലോ
നിന്നെ മറന്നാലോ
എന്ന് മാത്രമൊരു മരണഭീതി-
യന്നേരം ചുറ്റും ഇരുട്ടായി
വേഷം മാറി വന്ന് കാവൽ നിന്നു.
നീയതേ പാലക്കൊമ്പിൽ
പഴയൊരാ കാരിരുമ്പാണിയായി
പ്രണയമെന്ന് പിറുപിറുത്ത്
പിന്നെയും തറഞ്ഞതു കണ്ട് ,
ഞാനതിൽ നിന്ന് വഴുതി
വെളുത്ത് വിളറി നിന്ന പൂക്കളിലേക്ക്
പൂമണമായി ചെന്നു വീണിട്ടുണ്ട്.
നിന്നെ പ്രണയം മണത്തിട്ട് വയ്യെന്ന്
ഇനി എല്ലാ ആലിംഗനങ്ങളും
മാദകമാകും.
സ്വപ്നങ്ങൾ ചുണ്ണാമ്പു നിറമുള്ളൊരു
നിലാച്ചിരി വെച്ചു നീട്ടി നിൽക്കും.
ചങ്ങലവട്ടങ്ങളുടെ കിലുക്കങ്ങളെ
പൊന്നേലസ്സിൻ്റെ ഇളക്കമാക്കി
രാത്രികൾ മായം കാട്ടും.
ഉടുപുടവകളെ
കാറ്റ് ഉതിർന്നു വീഴുന്ന
ഇതളുകളാക്കും .
കാരിരുമ്പിൻ്റെ ഓടാമ്പൽ മാറ്റി
കടന്നു വരുന്നവൻ്റെ കഴുത്തിൽ
കോമ്പല്ലു കോർത്തവനെ
പ്രണയത്തിൽ നിന്ന്
സമാധിയിലേക്കുയർത്തുന്ന
സ്വാതന്ത്ര്യമാകും
ഞാൻ;
എൻ്റെ ഉന്മത്ത ഗന്ധം.
ശ്വാസത്തിൽ
കാട്ടുചെമ്പകമെന്നോ
നിശാഗന്ധിയെന്നോ
പവിഴമല്ലിയെന്നോ ഒന്നും
തിരിച്ചറിയാത്ത ഒരു സുഗന്ധം
കലരുന്നയന്ന്,
അത്
സിരകളിൽ നിന്ന്
തിരിച്ചിറങ്ങാതെ നിന്നിൽ
കുടുങ്ങുന്നയന്ന് മാത്രം
നീയെന്നെ മരണമെന്ന്
കൂടി തിരിച്ചറിഞ്ഞേക്കും.
💙