രചന : സുമബാലാമണി. ✍️
അടുപ്പത്തു കഞ്ഞി അലസമായ്
തിളയ്ക്കവേ,
വെട്ടിപ്പറിച്ച ചക്ക
തറയിലും മുറത്തിലുമങ്ങ്
ചിതറിപ്പരന്നു കിടക്കവേ,
ചുറ്റിനും മക്കളോടിക്കളിക്കവേ,
ചങ്ങലപ്പൂട്ടിൽ ശ്വാനൻ
ചിണുങ്ങിക്കരയവെ
മീൻതല തിന്നപൂച്ച
മുഖം മിനുക്കവേ,
വൈധവ്യത്തിൻ വിഷാദച്ചുഴിയവൾ
പതിയെക്കയറവെ,
വീടൊഴിപ്പിക്കാനന്നേരമെ-
ത്തിയുടമസ്ഥനും കൂട്ടാളികളും.
തൊഴുകയ്യോടെ നിന്നു വെറുതെ
യാചിച്ചൊരാഴ്‌ചകൂടിയെന്നവൾ
കണിശം പറഞ്ഞയാളിന്നി-
റങ്ങണമിപ്പോയിനിയൊ-
രവധിയില്ലെന്നു
കഞ്ഞിക്കലമുൾപ്പെട്ടതെല്ലാം
വാരിയെറിഞ്ഞവർ
പേക്കുത്തു നടത്തി.
നിരാലംബയായവൾ
കുഞ്ഞിക്കൈകൾ മാത്രം
പിടിച്ചിറങ്ങി,
കണ്ണീരൊപ്പി ലക്ഷ്യമില്ലാതെ
പശ്ചാത്തലസംഗീതമായ്
ശ്വാനന്റെ മൂളിക്കരച്ചിലും
അഭയം നൽകാതയൽപക്കവും
സോപ്പുകുമിളപ്പോൾ
ബന്ധുജനങ്ങളും
പൊള്ളും പാതകൾ താണ്ടി
ഒടുവിലൊരു ദേശാടനപ്പക്ഷിയെപ്പോൾ
ചേക്കേറിയെങ്ങോ.
നന്ദി കാട്ടാൻ നരൻ
നായയല്ലെന്നറികിലും
ആരെങ്കിലും തേടിവരുമെന്നവൾ
വെറുതെ മനോരഥം കൊണ്ടു.
തെല്ലും നിനയ്ക്കാതെ
എല്ലരിച്ച ശരീരം മുഴുവനും കുലുക്കി
വാലാട്ടാൻ ശ്രമപ്പെട്ടുകൊണ്ട്
പടിവാതിൽക്കൽ തൻ ശ്വാനൻ..!
ഉള്ളിലെയാളലൊളിപ്പിച്ച്
ശ്വാനന്റെ നെറുകയിൽ തലോടി
പിഞ്ചിരിച്ചവൾ വെറുതെ..!
🖊️