രചന : ഷാജ്ല ✍️
നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓവർ ബ്രിഡ്ജിനടിയിലൂടെ നടന്നാൽ റെയിൽപാളത്തിനടുത്തുള്ളഅഴുക്ക് ചാലിനപ്പുറത്തായി ഭിക്ഷക്കാരും, നാടോടികളും താമസിക്കുന്ന ചേരി കാണാം. അഴുക്ക് ചാലിൽ നിന്ന് ദുർഗന്ധം വമിക്കുന്നു. പരിസരമാകെ തളംകെട്ടിക്കിടക്കുന്ന ജീർണ്ണ വായുവിന്റെ ഗന്ധം. എല്ലിച്ച മനുഷ്യക്കോലങ്ങൾ, കുഞ്ഞുങ്ങളെ മാറാപ്പിലാക്കി ഭിക്ഷ യാചിക്കുന്ന സ്ത്രീകൾ, കൈകാലുകൾ നഷ്ടപ്പെട്ടവർ, കുട്ടികൾ, വൃദ്ധർ, ജന്മനാട് ഏതെന്ന് പറയാനൊരിടമില്ലാത്തവർ….
ടൗൺഹാളിന്റെ മുന്നിലെ ഫുട്പാത്തിൽ കാൽനടക്കാരുടെ തിരക്ക്. തിരക്കിട്ടു കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാർ, വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ച് കടക്കുന്നവർ, അലയുന്ന വഴിപോക്കർ. അലയുന്ന വഴിപോക്കരിൽ ഞാനുമുണ്ട്. ഞാൻ ഈ കഥയിലെ ആരുമല്ലായിരുന്നു. ജോലി തേടി ഈ നഗരത്തിൽ എത്തിയത് മുതൽ ഞാനും ഈ കഥയിലെ ഒരു കഥാപാത്രമായി മാറി.!!!
ഒരു ജോലിക്കായി പലവാതിലുകളും മുട്ടി. മുട്ടിയിടത്തെല്ലാം കൊട്ടിയടക്കപ്പെട്ടു. നഗരത്തിലെ അലച്ചിൽ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. അകന്ന ബന്ധുവിന്റെ കൂടെയുള്ള താമസം വാടകയിനത്തിൽ ലാഭമുണ്ടാക്കി. റെയിൽവേ സ്റ്റേഷന് അടുത്തായി കൊച്ചാക്കുവിന്റെ മൂന്ന് ടേബിൾ മാത്രമുള്ള ചെറിയൊരു ഹോട്ടലുണ്ട്. അവിടന്നാണ് രാവിലെയും, വൈകിയിട്ടും ഭക്ഷണം. ഉച്ചക്ക് അലച്ചിലിനിടയിൽ എവിടന്നെങ്കിലും വല്ലതും കഴിക്കും. സ്ഥിരം കാണാൻ തുടങ്ങിയതോടെ കൊച്ചാക്കു ഒരു സഹായിയായി മാറി. ഹോട്ടലിൽ വരുന്നവർക്കിടയിലും എനിക്ക് വേണ്ടി കൊച്ചാക്കു ജോലി അന്വേഷിച്ചുകൊണ്ടിരുന്നു.
അന്നും രാവിലെ കുളികഴിഞ്ഞു പുറത്തിറങ്ങി. ടൗൺഹാളിന് മുന്നിലൂടെ കൊച്ചാക്കുവിന്റെ കടയിലേക്ക് നടന്നു. പതിവിലും കൂടുതലായി ടൗൺഹാളിനു മുന്നിൽ ആളുകളുടെയും, വാഹനങ്ങളുടെയും തിരക്ക് കണ്ടു. കടയിലെത്തിയപ്പോൾ കൊച്ചാക്കുവിനോട് തിരക്കി. അവിടെ സൗന്ദര്യമത്സരം എന്നപേരിൽ പാശ്ചാത്യകോണകങ്ങളിട്ട് പൃഷ്ഠദേശത്തിന്റെ വടിവ് പ്രദർശിപ്പിക്കുന്ന മത്സരം നടക്കുന്നുണ്ട്. കൊച്ചമ്മമാർ പെൺമക്കളെയും കൊണ്ട് പോകുന്ന തിരക്കാണവിടെ.!!
മറുപടി കെട്ട് എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.!!
പതിവ് അലച്ചിലിനിടയിൽ വീട്ടിലെ ചിന്തകളായിരുന്നു. ഡിഗ്രി വരെ അച്ഛൻ എങ്ങിനെയൊക്കെയോ പഠിപ്പിച്ചു. അച്ഛൻ സുഖമില്ലാതെ വീട്ടിലിരിപ്പായപ്പോ ഒരു ജോലിക്കായി ഇറങ്ങിത്തിരിച്ചതാണ്. നഗരത്തിന്റെ ചൂടും, ഗന്ധവും എന്നെ വല്ലാതെ അവശനാക്കി. അന്നും പ്രതീക്ഷക്ക് വകയൊന്നും ഉണ്ടായില്ല. തിരിച്ചു പോരുമ്പോ കൊച്ചാക്കുവിന്റെ കടയിൽ കയറി ഒരു ചായക്ക് പറഞ്ഞു.
ചിരിച്ച മുഖത്തോടെ കൊച്ചാക്കു എന്റെ അടുത്തേക്ക് വന്നു. ടൗൺ ഹാളിന്റെ പിറകിലെ റോഡിൽ ഒരു കാർ ഷോറൂമുണ്ട്. അവിടത്തെ മേനേജർ മുമ്പൊരിക്കൽ ഇവിടെ വന്നപ്പോ നിന്റെ കാര്യം ഞാൻ പറഞ്ഞുവെച്ചിരുന്നു. ആളിന്നിവിടെ വന്നിരുന്നു. നാളെ രാവിലെ നിന്നോട് ഷോറൂമിലേക്ക് ചെല്ലാൻ പറഞ്ഞു. സന്തോഷംകൊണ്ട് എന്റെ ക്ഷീണം എവിടയോ ഓടിയൊളിച്ചു. വിത്ത്പൊട്ടി മുള വീശി ഇലകൾ വിരിയുന്നത് ശരീരം അനുഭവിച്ചു. ഞാൻ കൊച്ചാക്കുവിന്റെ കൈകളിൽ മുറുകെ പിടിച്ചു.
ചായ കുടിക്കു, തണുക്കണ്ട….
കൊച്ചാക്കു തിരികെ ക്യാഷ് കൗണ്ടറിനു പിന്നിലെ കസേരയിൽ ചെന്നിരുന്നു. സന്തോഷത്തോടെ ചായ മൊത്തിക്കുടിക്കുന്നതിനിടയിൽ എന്റെ നോട്ടം ഹോട്ടലിന്റെ അടുക്കളയിലെ ജനൽ വഴി പുറകുവശത്തേക്ക് പോയി. പൈപ്പിൻ ചുവട്ടിൽ കഴുകാനുള്ള ഒരുകൂട്ടം പാത്രങ്ങൾക്ക് പിന്നിൽ ഏഴുവയസ്സ് തോന്നിക്കുന്ന ഒരു കുട്ടി എടുത്താൽ പൊങ്ങാത്ത ചുമടു ചുമക്കുന്ന കഴുതയെപ്പോലെ പാത്രങ്ങൾ കഴുകുന്നു. കുറച്ചകലെ മൂന്ന് വയസ്സ് തോന്നിക്കുന്ന ഒരു കുട്ടി ഒരുകയ്യിൽ കടക്ക് മുൻവശത്തിരിക്കുന്ന ചില്ലുകൂട്ടിലെ പലഹാരവും മറ്റേ കയ്യിൽ ചക്രം പോയ ഒരു കളിപ്പാട്ടാവുമായി കളിച്ചു കൊണ്ടിരിക്കുന്നു. ചായകുടിച്ച് തീരുന്നത് വരെ ഞാനത് നോക്കിയിരുന്നു. സന്തോഷത്തിനിടയിലും മനസ്സിലൊരു വിങ്ങൽ അനുഭവപ്പെട്ടു. ചായകുടി കഴിഞ്ഞ് പൈസ കൊടുക്കാൻ കൗണ്ടറിനു മുന്നിലെത്തിയപ്പോൾ കൊച്ചാക്കുവിനോട് കുട്ടികളെ കുറിച്ച് ചോദിച്ചറിഞ്ഞു.
ഹോട്ടലിൽ ഇടക്കൊക്കെ പുറംപണിക്ക് വന്നിരുന്ന ശെൽവത്തിന്റെ മക്കൾ. റെയിൽപ്പാളത്തിനപ്പുറത്തെ ചേരിയിലാണ് താമസം. നാലുമാസങ്ങൾക്ക് മുന്ന് ഇവിടന്ന് പണികഴിഞ്ഞു പോയതാണ് ശെൽവം. മക്കൾക്കുള്ള ഭക്ഷണം എത്തിക്കേണ്ട തിരക്കിൽ റെയിൽപ്പാളം മുറിച്ച് കടക്കുമ്പോൾ ട്രെയിൻ തട്ടി മരിച്ചു, പിറ്റേദിവസം ഉച്ചവരെ ശവം റെയിൽപാളത്തിനരികിലെ ഓടയിൽ ചിതറിത്തെറിച്ച ഭക്ഷണത്തിനു മുകളിൽ ചളി പുരണ്ട് പുഴുവിനെപ്പോലെ കിടന്നു.
“അന്ന് ആകാശത്ത് കാക്കകൾ നിലവിളിച്ചു കൊണ്ട് വളഞ്ഞും പുളഞ്ഞും പറന്നു”.
രണ്ടാമത്തെ കുട്ടിയുടെ ജനന സമയത്ത് അമ്മ മരിച്ചിരുന്നു. ഇപ്പൊ ചേരിയിലെ മറ്റുള്ളവരുടെ സഹായത്തിൽ ജീവിക്കുന്നു. എന്നും രാവിലെയും, വൈകിയിട്ടും ഇവിടെ വരും അവർക്കുള്ള ഭക്ഷണം ഞാൻ കൊടുക്കും. മൂത്തവൻ പുറംപണി എന്തെങ്കിലും ചെയ്യും. വേണ്ടെന്ന് ഞാൻ കുറേ പറഞ്ഞു നോക്കി, കേൾക്കണ്ടേ…
അടുപ്പിന് മുകളിലെ പാത്രത്തിൽ തിളയ്ക്കുന്ന പോലെ എന്തോ ഒന്ന് എന്റെ ഹൃദയത്തിലും ശരീരത്തിലും വിങ്ങി.
ഫുട്പാത്തിലെ തിരക്കിലൂടെ ഞാൻ നടന്നു, റോഡിലെ പുരാതനമായ കുണ്ടിലും, കുഴികളിലും വീണ് വണ്ടികൾ ശബ്ദമുണ്ടാക്കി. ഗതാഗത ക്കുരുക്കിൽ വാഹനങ്ങളിലുള്ളവർ ശ്വാസംമുട്ടി. ഹോൺ മുഴക്കി അവർ പ്രതിഷേധം അറിയിച്ചു. ഓവർ ബ്രിഡ്ജിനടിയിലൂടെ റെയിൽവേ പാളത്തിനടുത്തുകൂടെ നടക്കുമ്പോ ഓടക്കപ്പുറത്തുള്ള ചേരിയിലേക്ക് നോക്കി. ചാണകത്തിന്റെയും മലത്തിന്റെയും മൂത്രത്തിന്റെയും രൂക്ഷഗന്ധം എന്റെ തല പെരുപ്പിച്ചു. അവിടേക്ക് നോക്കിയാൽ നീതിയുടെ സൂര്യൻ എന്നേ അസ്തമിച്ചു എന്ന് തോന്നിപ്പോകും.!!
കാർഷോറൂമിൽ നിന്ന് വളരെ സന്തോഷത്തോടെയാണ് കൊച്ചാക്കുവിന്റെ കടയിലെത്തിയത്. എനിക്ക് ജോലികിട്ടിയവിവരം കൊച്ചാക്കുവിനെ ആദ്യം അറിയിച്ചു. മൂന്നുമാസം ട്രെയിനിങ്, അത് കഴിഞ്ഞാൽ സ്ഥിരമാക്കിത്തരും. പറയുന്നതിനിടയിൽ അടുക്കളയിലെ ജനൽ വഴി പിറകിലേക്ക് എത്തിനോക്കി. കുട്ടികളെ അവിടെ കണ്ടില്ല. അച്ഛനെ അറിയിക്കണമെന്ന് പറഞ്ഞു തിരക്കുള്ള ഫുട്പാത്തിലേക്കിറങ്ങി വേഗം നടന്നു.
പുതിയ സാഹചര്യങ്ങളോട് പെട്ടന്നുതന്നെ പൊരുത്തപ്പെട്ടു. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ ജോലി സമയം. കൊച്ചാക്കുവിന്റെ ഏർപ്പാടിൽ പുതിയ താമസം ശരിയാക്കി. ജീവിതത്തിനൊരു അടുക്കും ചിട്ടയും വന്നുതുടങ്ങി. ജോലിസ്ഥലം അടുത്തായത്കൊണ്ട് എല്ലാ നേരവും ഭക്ഷണം കൊച്ചാക്കുവിന്റെ കടയിൽനിന്ന് കഴിക്കും. അച്ഛന് വീട്ടുചിലവിനുള്ള പണമയക്കാൻ തുടങ്ങി. മൂന്നുമാസം ആവുന്നതിനു മുന്നേ സ്ഥിരമാക്കിക്കൊണ്ടുള്ള ലെറ്റർ കിട്ടി. ജോലികഴിഞ്ഞു തിരിച്ചു പോരുമ്പോൾ കൊച്ചാക്കുവിനോട് വിവരം പറഞ്ഞു. നെഞ്ചിൽ കൈവെച്ച് കണ്ണടക്കുന്നത് ഞാൻ കണ്ടു. ഇറങ്ങാൻ നേരം കൊച്ചാക്കു പറഞ്ഞു,
രണ്ടു ദിവസം കട അടവാണ്. ഭാര്യ വീട്ടിലൊരു കല്യാണം. ഒഴിവാക്കാൻ പറ്റില്ല. രണ്ടുദിവസം ഭക്ഷണം വേറെ എവിടന്നെങ്കിലും കഴിച്ചോളൂ.
പകുതി മനസ്സോടെ ഞാനൊന്ന് മൂളി പുറത്തേക്കിറങ്ങി.
അന്ന് ജോലികഴിഞ്ഞു ഓവർ ബ്രിഡ്ജിനോട് ചേർന്ന് റെയിൽപ്പാളത്തിനരികിലെ റോഡിലേക്കുള്ള ചവിട്ടിപടികൾ ഇറങ്ങുമ്പോഴാണ് കൊച്ചാക്കുവിന്റെ ഹോട്ടലിന് പിന്നിൽ കണ്ട കുട്ടികളെ ഞാനവിടെ കണ്ടു. എന്തെങ്കിലും ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയാത്ത വിധം ഞാനാകെ തളർന്നുപോയി. ചവിട്ടിപടികളുടെ ഓരത്ത് ചാരിയിരുന്ന് മയങ്ങുന്ന മൂത്തകുട്ടിയുടെ മടിയിൽ പഴന്തുണിക്കെട്ടുപോലെ മുഖം ഒളിപ്പിച്ച് ഇളയ കുഞ്ഞും മയങ്ങുന്നു. തൊട്ടടുത്ത് ഭിക്ഷക്കായി വെച്ചിരിക്കുന്ന പാത്രത്തിൽ കുറച്ച് നാണയത്തുട്ടുകളും. വേഗം ഞാനവർക്കരിൽ ചെന്നു മൂത്ത കുട്ടിയെ തട്ടിവിളിച്ചു, ദൈന്യം നിറഞ്ഞ കണ്ണുകളോടെ അവനെന്നെ നോക്കി.
രണ്ടു ദിവസമായി വല്ലതും കഴിച്ചിട്ട്,
വിറച്ച ദുർബലമായ ശബ്ദത്തോടെ അവനെന്റെ നേരെ കൈനീട്ടി. എന്റെ മാംസം തുളച്ച് പുഴു അരിക്കുന്ന പോലെ എനിക്ക് തോന്നി. ഞാൻ പടികളിറങ്ങി റെയിൽപാളം മുറിച്ച്കടന്നു. വിറച്ച ദുർബലമായ ശബ്ദം എന്റെ കാതുകളിൽ ബാക്കിയായി. റെയിൽവേസ്റ്റേഷന് അടുത്തുള്ള ഒരു കടയിൽ നിന്ന് കുറച്ച് പഴവും, ഒരു പാക്കറ്റ് ബ്രെഡും, ഒരുകുപ്പി വെള്ളവും വാങ്ങി കുട്ടികളുടെ അടുത്തേക്ക് വേഗം തിരിച്ചെത്തി. അപ്പോഴേക്കും ഇളയ കുട്ടി എണീറ്റിരുന്നു.
പഴവും, ബ്രെഡും ആർത്തിയോടെ കഴിക്കുന്നതും നോക്കി ഞാനും അവരുടെ കൂടെയിരുന്നു. മൂത്തവൻ ഇളയവനെ കഴിപ്പിക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നനഞ്ഞുപോയി. പിഞ്ചിളം പ്രായത്തിൽ അനാഥരായ കുട്ടികളുടെ ദുഃഖം എന്റെയും ദുഃഖമായി മാറി. വയറുനിറഞ്ഞു വിശപ്പ് മാറിയപ്പോ ദൈന്യം നിറഞ്ഞ കണ്ണുകളോടെ അവരെന്നെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരി എന്റെ ഹൃദയത്തെ ചൂണ്ടക്കൊളുത്തിട്ട് വലിച്ച പോലെ എനിക്ക് തോന്നി. മനസ്സാക്ഷിയെ പണയപ്പെടുത്താതെ ഞാനവരോട് ചോദിച്ചു,
പോരുന്നോ എന്റെ കൂടെ ?
ഒന്നും മനസ്സിലാവാതെ വീണ്ടും അവരെന്റെ മുഖത്തുനോക്കി പുഞ്ചിരിച്ചു. പടികളിറങ്ങി റെയിൽ പാളത്തിനരികിലെ റോഡിലൂടെ കൈകൾ മുന്നോട്ടാട്ടി തമ്മിൽ പിണച്ചും അഴിച്ചു പിന്നോട്ടാട്ടിയും ഉല്ലാസത്തോടെ അവരെന്റെ കൂടെ സാവധാനം നടന്നു.
തെക്കുനിന്ന് വടക്കോട്ടൊരു ട്രെയിൻ കട കട ശബ്ദത്തിൽ നിലം വിറപ്പിച്ചു
അതിവേഗം കടന്നുപോയി…